തിരുവനന്തപുരം ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു. രണ്ട് ലെെവ്സ്റ്റോക് ഇൻസ്പെക്ടർമാർക്ക് നായയുടെ കടിയേറ്റു. നായ്ക്കൾക്ക് വാക്സിനേഷൻ ചെയ്യുന്നതിനിടയിലാണ് ലെെവ്സ്റ്റോക് ഇൻസ്പെക്ടർമാർക്ക് കടിയേറ്റത്. കല്ലറയിലേയും വർക്കലയിലേയും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരെയാണ് നായ കടിച്ചത്. കല്ലറ ഗ്രാമ പഞ്ചായത്തിലെ വാക്സിനേഷൻ ക്യാമ്പിൽ ജോലി ചെയ്തിരുന്ന ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ കാട്ടാക്കട സ്വദേശി വിഷ്ണുവിനാണ് നായയുടെ കടിയേറ്റത്. കല്ലറ മൃഗാശുപത്രിക്ക് കീഴിലുള്ള കൊടി തൂക്കി കുന്ന് സബ് സെൻ്ററിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
മിതൃമ്മല സ്നേഹതീരത്തിന് സമീപം പേവിഷ ബാധക്കെതിരെയുള്ള വാക്‌സിൻ നൽകുന്നതിനിടയിലാണ് നായ വിഷണുവിനെ ആക്രമിച്ചത്. ഓടി ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും കൈകളിൽ കടിയേൽക്കുകയായിരുന്നു. വാക്സിൻ യജ്ഞത്തിൻ്റെ ഭാഗമായി നാൽപ്പതോളം നായകകൾക്ക് ഇവിടെ വച്ച് വാക്സിനേഷൻ നടത്തിയിരുന്നു. നായയുടെ കടിയേറ്റതിനു പിന്നാലെ വിഷ്ണുവിനെ കല്ലറ ആരമാഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം വർക്കല ചെമ്മരുതി പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവയ്പിനിടെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്കും നായയുടെ കടിയേറ്റിരുന്നു. ചെമ്മരുതി തച്ചോട് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വി.എസ്.വിപിനാണ് കടിയേറ്റത്. വാക്സിൻ നൽകാൻ ശ്രമിക്കുന്നതിനിടയിൽ വിപിൻ്റെ വലതു കൈയിലും തുടയിലും നായ കടിക്കുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണ സംഭവങ്ങൾ വർദ്ധിക്കുകയാണ്. തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കൾക്കു ഭക്ഷണം നൽകിയ സീരിയൽ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ കൊച്ചുവയൽ വാണിഭശ്ശേരി വീട്ടിൽ ഭരതന്നൂർ ശാന്ത(64)യ്ക്കാണു തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുമ്പോഴാണു സംഭവം.
വലതു കൈപ്പത്തിക്കും വിരലുകൾക്കും പരുക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരതന്നൂർ മാർക്കറ്റും ജംക്‌ഷനും കേന്ദ്രീകരിച്ച് 50 ൽ കൂടുതൽ തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട്. മാർക്കറ്റ് ഭാഗത്ത് ഉള്ള നായകൾക്കു 5 വർഷമായി ഭരതന്നൂർ ശാന്ത വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവന്നു നൽകുന്നുണ്ട്. ബുധനാഴ്ച ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് ഒരു പട്ടി കടിച്ചത്.
കല്ലറ കുറ്റിമൂട്ടിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന വിദ്യാർത്ഥിനിക്ക് തെരുവ് നായുടെ കടിയേറ്റിരുന്നു. അഭയ എന്ന കോളേജ് വിദ്യാർഥിനിയെയാണ് വീടിനുള്ളിൽ കയറി നായ കടിച്ചത്.
Leave a Reply