പോർഷെ, ഒൗഡി, ലംബോർഗിനി തുടങ്ങിയവയുടെ ആഡംബര കാറുകളടക്കം അയ്യായിരത്തോളം വാഹനങ്ങൾ കയറ്റിയ ചരക്കുകപ്പലിന് തീപിടിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോറസ് ദ്വീപിനു സമീപമാണ് ഫെലിസിറ്റി ഏസ് എന്ന പനാമ കാർഗോ കപ്പലിന് തീപീടിച്ചത്. 22 ഓളം ജീവനക്കാരെ പോർച്ചുഗീസ് നാവികസേനയും വ്യോമസേനയും ചേർന്ന് കരയിലെത്തിച്ചു. ഇവരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കപ്പലിൽ ഫോക്സ് വാഗണിന്റെ 3,965 വാഹനങ്ങൾ ഉണ്ടായിരുന്നതായി ഫോക്സ്‌വാഗൺ യുഎസ് അറിയിച്ചു. പോർഷെയുടെ 1,100 കാറുകളാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന്, ബുക്ക് ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് വാഹനം ലഭിക്കാൻ വൈകുമെന്ന് വാഹന നിർമാതാക്കൾ അറിയിച്ചു.

ആദ്യമായല്ല ആഡംബര വാഹനങ്ങളടങ്ങിയ കപ്പലിന് തീപിടിക്കുന്നത്. 2019ൽ ഗ്രാൻഡെ അമേരിക്കയിൽ സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഔഡി, പോർഷെ തുടങ്ങിയ 2000 ത്തോളം ആഡംബര വാഹനങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്.