ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്ട്രോക്ക് വന്നവരെ ചികിത്സിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെയുള്ള സ്കാനിങ് സംവിധാനങ്ങൾ എൻ എച്ച് എസ് ആരംഭിച്ചു. പുതിയ സംവിധാനം ഏർപ്പെടുത്തിയത് സ്ട്രോക്ക് വന്ന പകുതിയിൽ അധികം പേരുടെയും ചികിത്സയ്ക്ക് സഹായകരമായതായാണ് എൻഎച്ച്എസ് കണക്കുകൾ കാണിക്കുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതുണ്ടോ എന്ന് ഡോക്ടർമാർക്ക് വേഗത്തിൽ തീരുമാനമെടുക്കാൻ ഇതിലൂടെ സാധിക്കും. ഇതിലൂടെ മൂന്നിരട്ടി രോഗികളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. നിലവിൽ ഈ സോഫ്റ്റ്‌വെയർ ഇംഗ്ലണ്ടിലെ എല്ലാ സ്ട്രോക്ക് സെന്ററിലും എൻ എച്ച് എസ് സജ്ജീകരിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലോകത്ത് തന്നെ ആദ്യത്തേതാണ്. സ്ട്രോക്കിന്റെ ഭാഗമായി ആശുപത്രികളിൽ എത്തുന്നവരുടെ ബ്രെയിൻ സി ടി സ്കാനുകൾ നടത്തി വിശകലനം ചെയ്താണ് പുനർ ചികിത്സയെ കുറിച്ച് തീരുമാനങ്ങൾ കൈ കൊള്ളുന്നത്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ട്രോക്കിന്റെ തരവും തീവ്രതയും ഏറ്റവും ഉചിതമായ ചികിത്സയും തിരിച്ചറിയാൻ ഒരു മിനിറ്റ് മാത്രം എടുക്കുന്നുള്ളൂ. ഇതിനർത്ഥം ഡോക്ടർമാർക്ക് വളരെ വേഗത്തിൽ മരുന്നുകളോ ശസ്ത്രക്രിയയോ വാഗ്ദാനം ചെയ്യാൻ കഴിയും എന്നാണ്. അതായത് ആശുപത്രിയിൽ എത്തുന്ന രോഗികൾ ചികിത്സ ആരംഭിക്കുന്നതിനിടയിലുള്ള ശരാശരി സമയം ഒരു മണിക്കൂർ കുറയ്ക്കാൻ സാധിക്കും. അതായത് 140 മിനിറ്റിൽ നിന്ന് 79 മിനിറ്റായി ചികിത്സ ആരംഭിക്കാനുള്ള സമയം കുറഞ്ഞു.
വേഗത്തിലുള്ള ചികിത്സ നൽകുന്നതിലൂടെ സ്ട്രോക്ക് വന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി. നേരത്തെ ഇത് 16 ശതമാനം മാത്രമായിരുന്നു. പുതിയ ചികിത്സ വന്നതോടെ 48 ശതമാനമായി സുഖം പ്രാപിക്കുന്നവരുടെ എണ്ണം. ഇപ്പോൾ 107 സ്ട്രോക്ക് സെന്ററുകളിലും ഈ ഉപകരണം അവതരിപ്പിച്ചിട്ടുണ്ട് . ഇംഗ്ലണ്ടിൽ എല്ലാ വർഷവും പക്ഷാഘാതം സംഭവിക്കുന്ന 80,000 പേരുടെ പരിചരണത്തിൽ പരിവർത്തനം വരുത്താൻ ഇതിന് കഴിയും.
Leave a Reply