സ്വന്തം ലേഖകൻ

അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തലാക്കിയ ലണ്ടൻ -കൊച്ചി നേരിട്ടുള്ള വിമാന സർവീസ് യുകെ മലയാളികളുടെ ശക്തമായ പ്രതിഷേധത്തിന് മുന്നിൽ കീഴടങ്ങി എയർ ഇന്ത്യ സർവീസ് പുനരാരംഭിക്കും. ജനുവരി 26,28,30 തീയതികളിലാണ് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇവയെ വന്ദേഭാരത് മിഷന്റെ ഒമ്പതാം ഫേസിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജനുവരി 31ന് ശേഷവും ആഴ്ചയിൽ മൂന്നുദിവസം വീതമുള്ള ഈ സർവീസ് പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.

ഫ്ലൈറ്റ് പുനസ്ഥാപിക്കാൻ ആയി വിവിധ സംഘടനകളും വ്യക്തികളും മുൻകൈ എടുത്തിരുന്നെങ്കിലും ഏറ്റവുമധികം ശ്രദ്ധ നേടിയതും ഫലപ്രാപ്തിയിലെത്താൻ സഹായിച്ചതും ആറായിരത്തിലധികം പേർ ഒപ്പിട്ട ഓൺലൈൻ പെറ്റീഷൻ ആയിരുന്നു. ഈസ്റ്റ് ലണ്ടനിലെ സാമൂഹിക പ്രവർത്തകനായ സുഭാഷ് ശശിധരൻനായർ ഓപ്പൺ ചെയ്ത പെറ്റീഷനിൽ ഇത്രയധികം പേർ ഒപ്പുവെച്ചത് ഒരാഴ്ചയ്ക്കുള്ളിലാണ്. ഫ്ലൈറ്റുകൾ റിഷെഡ്യൂൾ ചെയ്തില്ലെങ്കിൽ ഉണ്ടാവുന്ന തൊഴിൽ, സാമ്പത്തിക നഷ്ടവും മറ്റു പ്രാഥമിക ബുദ്ധിമുട്ടുകളും തിരിച്ചറിഞ്ഞ മലയാളി പ്രവാസികൾ ഒരു മനമായി നിന്ന് വാട്ട്സ്ആപ്പ് ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകളിലൂടെ പരാതികൾ ഷെയർ ചെയ്താണ് ഇത്രയും എളുപ്പത്തിൽ ഒപ്പുകൾ സമാഹരിച്ചത്. യുകെയിലെ വിവിധ മലയാളി സംഘടനകൾ, ബ്രിട്ടൻ സീറോ മലബാർ സഭ, പ്രമുഖ വ്യക്തികൾ എന്നിവർ പ്രധാനമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിരുന്നു.

വന്ദേഭാരത് ദൗത്യത്തിന് ശേഷവും ഈ സർവീസ് തുടരണമെന്നും, ആഴ്ചയിലൊരിക്കൽ തിരുവനന്തപുരത്തേക്ക് കൂടി ഒരു സർവീസ് തുടങ്ങണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി, എയർ ഇന്ത്യ, വ്യോമയാന മന്ത്രാലയം, കേന്ദ്ര വ്യോമയാന മന്ത്രി, കേന്ദ്ര വ്യോമയാന മന്ത്രാലയം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നിവർക്കാണ് ഈ പരാതി നൽകിയത്. ഒപ്പം തന്നെ വിവിധ മതമേലധ്യക്ഷന്മാരും, സംഘടനകളും കൂടി വിഷയത്തിൽ സമഗ്രമായി ഇടപെട്ടതോടെ പരാതി എത്രയും പെട്ടെന്ന് പരിഹരിക്കാൻ എയർഇന്ത്യ നിർബന്ധിതരായി. യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ), മലയാളി അസോസിയേഷൻ ഓഫ് യുകെ, സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത, പ്രവാസി കേരള കോൺഗ്രസ്,ഒ ഐ സി സി, നന്മ യുകെ ചാപ്റ്റർ, പ്രവാസി ഹെൽപ്പ് ഡെസ്ക്, മറ്റ് ജനപ്രതിനിധികൾ, വബ്രിസ്റ്റോൺ സിറ്റി കൗൺസിൽ മുൻ മേയർ ടോം ആദിത്യ തുടങ്ങി നിരവധി സംഘടനകളും വ്യക്തികളും ഇതിനായി ഇടപെട്ടിരുന്നു.

വന്ദേ ഭാരത് മിഷനിൽ ഉൾപ്പെടുത്തിയ കൊച്ചി -ലണ്ടൻ ഡയറക്ട് വിമാനസർവീസ് മലയാളികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ ഏറ്റവും ഉപകാരപ്രദമായിരുന്നു. ഓഗസ്റ്റ് മുതൽ ആരംഭിച്ച ഈ സർവീസ് പുതുതായി തൊഴിൽ തേടുന്നവർക്കും, പ്രവാസ ജീവിതം ആരംഭിച്ചവർക്കും അനുഗ്രഹമായിരുന്നു. എന്നാൽ വന്ദേഭാരത് സർവീസ് പുനരാരംഭിച്ചപ്പോൾ കൊച്ചിയെ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് സംശയിച്ച മലയാളികൾ ദ്രുത ഗതിയിൽ വിഷയത്തിൽ ഇടപെടുകയായിരുന്നു.