ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ദിനംപ്രതി മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ വിദ്യാർത്ഥികളാണ് യുകെയിലെ വിവിധ സർവകലാശാലയിൽ ഉന്നത പഠനത്തിനായി എത്തുന്നത്. എന്നാൽ പലരും പഠനത്തോടൊപ്പം ജോലി ചെയ്‌ത്‌ മുന്നോട്ടു പോകാം എന്ന് പ്രതീക്ഷയിലാണ് യുകെയിൽ എത്തുന്നത്. യുകെയിലെ വിദ്യാർത്ഥികളുടെ ഇടയിൽ നടത്തിയ ഒരു പഠനത്തിൽ പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. കടുത്ത ജീവിതച്ചിലവ് താങ്ങാനാവാതെ പല വിദ്യാർത്ഥികളും മാനസിക പ്രയാസം നേരിടുന്നതായും അവർക്ക് ശരിയായ വിധത്തിൽ തങ്ങളുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല എന്നുമാണ് പഠനത്തിൽ കണ്ടെത്തിയത്.

ജീവിത ചിലവിലെ വർദ്ധനവ് മൂലം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ തങ്ങൾ കഷ്ടപ്പെടുകയാണെന്ന് പഠനത്തിൽ പങ്കെടുത്ത പത്തിൽ എട്ടുപേരും പറഞ്ഞു. സേവ് ദി സ്റ്റുഡന്റ് എന്ന വെബ്സൈറ്റിൽ നടത്തിയ സർവ്വേയിൽ അഞ്ചിൽ നാലുപേരും സാമ്പത്തിക ബുദ്ധിമുട്ടും കടുത്ത മാനസിക സമ്മർദ്ദവും മൂലവും തങ്ങളുടെ പഠനം ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിദ്യാർത്ഥികളെ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിൽ ആക്കിയിരിക്കുന്നത് അവർ നൽകേണ്ടിവരുന്ന വാടകയാണ്. അതോടൊപ്പം സാധനങ്ങളുടെ വിലവർധനവിൽ പിടിച്ചുനിൽക്കാൻ പലർക്കും സാധിക്കുന്നില്ല. കഴിഞ്ഞവർഷം മാത്രം യുകെയിൽ 14 ശതമാനമാണ് ജീവിത ചിലവിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഒരു ശരാശരി വിദ്യാർത്ഥിക്ക് ജീവിത ചിലവുകൾ നിയന്ത്രിച്ചാൽ പോലും 924 പൗണ്ട് പ്രതിമാസം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്.