ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ട്, വെയിൽസ് , നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ എ – ലെവൽ, റ്റി – ലെവൽ, ബി ടെക് ഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. കോവിഡ് കാരണം പരീക്ഷകൾ റദ്ദാക്കിയ 2020 -നെയും 2021 – നെയും താരതമ്യം ചെയ്യുമ്പോൾ ഈ വർഷം പരീക്ഷയെഴുതിയ കുട്ടികൾക്ക് കിട്ടുന്ന ഗ്രേഡുകൾ കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് പൊതുവേ വിലയിരുത്തുന്നത്. സ്കോട്ട് ലൻഡിൽ കഴിഞ്ഞ ആഴ്ച ഫലപ്രഖ്യാപനം നടത്തിയപ്പോൾ റിസൾട്ട് 2022 നേക്കാൾ കുറവായിരുന്നെങ്കിലും 2019 -നേക്കാൾ മികച്ചതായിരുന്നു.

മികച്ച സർവകലാശാലകളിലെ സീറ്റുകൾ പെട്ടെന്ന് തന്നെ മാർക്ക് കൂടുതൽ കിട്ടുന്ന വിദ്യാർത്ഥികൾ പ്രവേശനം നേടുന്നതിലൂടെ തീർന്നു പോകാനുള്ള സാധ്യത ഉണ്ടെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് അഡ്മിഷൻ സർവീസ് (യുകാസ് ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


കോവിഡ് കാരണം 2020, 2021 വർഷങ്ങളിലെ പരീക്ഷകൾ റദ്ദാക്കിയിരുന്നു. അതാത് കുട്ടികളെ പഠിപ്പിച്ച അധ്യാപകരായിരുന്നു ആ സമയത്ത് ഗ്രേഡുകൾ നിർണ്ണയിച്ചിരുന്നത്. 2020 ലും 2021ലും മികച്ച ഗ്രേഡുകൾ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് കാരണമായിട്ടുണ്ട്. മഹാമാരി ആരംഭിച്ചതിനുശേഷം ആദ്യമായി കഴിഞ്ഞ വർഷമാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ഒട്ടേറെ മലയാളി കുട്ടികളും എ – ലെവൽ, റ്റി -ലെവൽ, ബിടെക് പരീക്ഷകൾ എഴുതി ഫലം കാത്തിരിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അധ്യാപക സമരങ്ങൾ മൂലം വിദ്യാർത്ഥികളുടെ ഒട്ടേറെ ക്ലാസുകൾ തടസ്സപ്പെട്ടിരുന്നു. ഈ വർഷം എ – ലെവൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ജിസിഎസ്ഇ പരീക്ഷ കോവിഡ് കാരണം റദ്ദാക്കപ്പെട്ടിരുന്നു. അതിനാൽ ആ കുട്ടികൾ ആദ്യമായി എഴുതുന്ന പരീക്ഷ ആയതുകൊണ്ട് തന്നെ എ ലെവൽ പരീക്ഷകളുടെ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികളും മാതാപിതാക്കളും വളരെ സമ്മർദ്ദത്തിലാണ്. ഈ വർഷത്തെ പരീക്ഷ നടത്തിപ്പിൽ കോവിഡ് കാലത്തെ ചില നടപടികളും ഉൾപ്പെടുത്തിയിരുന്നു. പരീക്ഷകൾക്ക് കൂടുതൽ ഇടവേളകൾ അനുവദിച്ച് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ പ്രാവശ്യം നടപടി എടുത്തിരുന്നു.

എന്നാൽ ഇംഗ്ലണ്ടിൽ യുകെയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള വിഷയ ഭാഗങ്ങളെക്കുറിച്ച് മുൻകൂട്ടി വിവരം നൽകപ്പെട്ടിരുന്നില്ല. പരീക്ഷ എഴുതി വിജയം കാത്തിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മലയാളം യുകെ ന്യൂസ് ഉന്നത വിജയം ആശംസിക്കുന്നു . മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ contactmalayalamuk @gmal.com എന്ന ഇമെയിലിലേയ്ക്ക് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു