ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡും ലോക്ക് ഡൗണും ലോകത്തെയാകെ അടിമുടി മാറ്റിമറിച്ചെങ്കിലും മാനസികാരോഗ്യത്തിന്റെ കാര്യം പരിശോധിച്ചാൽ കുറെയേറെ പേർക്ക് സഹായകരമായി എന്ന് വേണം പറയാൻ. എക്സെറ്റർ യൂണിവേഴ്സിറ്റിയും കിംഗ് സ് കോളേജ് ലണ്ടനും നടത്തിയ പഠനത്തിൽ ഏകാന്തത വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. മെന്റൽ ഹെൽത്ത് ചാരിറ്റി മൈൻഡ് 2020 തിൽ കൂടുതൽ പേരുടെയും മാനസികാവസ്ഥ ബുദ്ധിമുട്ടിൽ ആയിരുന്നു എന്ന കണ്ടെത്തൽ നടത്തിയിരുന്നു.

അതേസമയം ലോക്ക് ഡൗൺ റിലീഫ് എന്ന പേരു നൽകിയിരിക്കുന്ന മറ്റൊരു പ്രതിഭാസം മുതിർന്നവർക്ക് ഇടയിൽ സംഭവിച്ചതായി പുതിയ പഠനം തെളിയിക്കുന്നു. വർഷങ്ങളായി പാലിച്ചു വന്നിരുന്ന നിത്യേനയുള്ള കാര്യങ്ങളിൽ നിന്നുള്ള മാറ്റം കുറെയേറെ പേർക്ക് ആശ്വാസം നൽകി. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ആദ്യത്തെ ലോക് ഡൗണിന്റെ സമയത്ത് വിഷാദം 43 ശതമാനവും ഉൽക്കണ്ഠ 48 ശതമാനവും കുറഞ്ഞതായി കണ്ടെത്തി. അതേസമയം മാനസികാരോഗ്യ സംഘടനകളെയും സർവീസുകളെയും ബന്ധപ്പെടാൻ വ്യക്തികൾക്ക് സാധിക്കാനാവാത്തതിനാലാവാം കണക്കുകളിൽ കുറവുണ്ടായത് എന്ന വാദവും വിദഗ് ധർ പങ്കുവെക്കുന്നുണ്ട്.

നമ്മൾ സാമൂഹിക ജീവികളാണ്, മാനസികാരോഗ്യനിലവാരം ഉയർന്നു നിൽക്കണമെങ്കിൽ മറ്റുള്ളവരുമായി ബന്ധം ഉണ്ടായിരിക്കണമെന്ന് കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോക്ടർ നടാഷ ബിജ്‌ലാനി പറയുന്നു. പക്ഷേ ചില വ്യക്തികൾക്ക് സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നത് ആശ്വാസം നൽകിയിട്ടുണ്ട്. വിഷാദരോഗം ഉള്ളവർക്ക് അവർക്ക് താല്പര്യം ഇല്ലാത്ത വ്യക്തികളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും അകന്നു നിൽക്കാൻ മികച്ച സാഹചര്യമായിരുന്നു. 74,000 പേരിൽ നടത്തിയ പഠനത്തിൽ ലോക് ഡൗണ് ആദ്യമൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നെങ്കിലും പിന്നീട് ഉത്കണ്ഠ പോലുള്ള രോഗങ്ങളിൽ കാര്യമായ ശമനം നൽകാൻ സാധിച്ചു.

ഒറ്റയ്ക്കല്ല എന്ന തോന്നലാണ് പലരെയും സഹായിച്ചതെന്ന് സീനിയർ സൈക്കോതെറാപ്പിസ്റ്റായ ജയ് സൺ വാർഡ് പറയുന്നു. ചുറ്റുമുള്ളവർ ഒരുമിച്ച് കൂടുകയും സന്തോഷം പങ്കിടുകയും ചെയ്യുമ്പോൾ തങ്ങൾ ഒറ്റപ്പെട്ടുപോയി എന്ന തോന്നലിൽ വിഷാദത്തിന് അടിമപ്പെട്ട് കഴിയുന്നവർക്ക് ലോക് ഡൗൺ നൽകിയ ആശ്വാസം ചെറുതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.