ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലാ ലിഗ കിരീടം സ്വന്തമാക്കി അത്ലറ്റികോ മാഡ്രിഡ്. സ്പാനിഷ് വമ്പൻമാരും നഗരവൈരികളുമായ റയലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അത്ലറ്റികോ കിരീടം സ്വന്തമാക്കിയത്. അത്ലറ്റികോയുടെ 11ാം ലാ ലിഗ കിരീടമാണിത്.
അവസാന മത്സരത്തിൽ റയൽ വയ്യഡോലിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഡിയേഗോ സിമയോണിയുടെ കുട്ടികൾ ചാമ്പ്യൻപട്ടം ഉറപ്പിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു അത്ലറ്റികോ തിരിച്ചടിച്ചത്. ഓസ്കാർ പ്ലാനയിലൂടെ മുന്നിൽ കയറിയ വയ്യഡോലിഡിനെ ഏയ്ഞ്ചൽ കൊറിയ, സൂപ്പർതാരം ലൂയി സുവാരസ് എന്നിവരുടെ ഗോളിൽ അത്ലറ്റികോ മറികടന്നു.
കപ്പടിക്കാനുറച്ചിറങ്ങിയ അത്ലറ്റികോയെ ഞെട്ടിച്ച് വയ്യഡോലിഡ് 18 ാം മിനിറ്റിൽ മുന്നിലെത്തി. മൈതാനമധ്യത്തിൽനിന്നും ഒറ്റയ്ക്ക് ഓടിക്കയറിയ പ്ലാന അത്ലറ്റികോ ഗോളിയെ അനായാസം പരാജയപ്പെടുത്തി. ആദ്യപകുതിയിൽ ഒരു ഗോളിനു മുന്നിലായിരുന്ന വയ്യഡോലിഡിന് രണ്ടാം പകുതിയിൽ അടിതെറ്റി. 57 ാം മിനിറ്റിൽ ബോക്സിനു വെളിയിൽനിന്നും മനോഹരമായൊരു ഷോട്ടിൽ ഏയ്ഞ്ചൽ കൊറിയ അത്ലറ്റികോയെ ഒപ്പമെത്തിച്ചു.
പത്തുമിനിറ്റിനു ശേഷം അത്ലറ്റികോ കാത്തുകാത്തിരുന്ന നിമിഷമെത്തി. പ്ലാന ഗോളിന്റെ ഫോട്ടോപതിപ്പ്. മൈതാന മധ്യത്തിൽ സുവാരസിന് പന്ത് ലഭിക്കുന്പോൾ വയ്യഡോലിഡ് പ്രതിരോധം എതിർപകുതിയിലായിരുന്നു. പന്തുമായ ബോക്സിലേക്ക് പാഞ്ഞുകയറിയ സുവാരസ് പിഴവ് വരുത്താതെ ലക്ഷ്യം കണ്ടു. ചാമ്പ്യൻപട്ടം ഉറപ്പിച്ച ഗോൾ.
മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വയ്യാറയലിനെ പരാജയപ്പെടുത്തി. ബെൻസേമയും ലുക മോഡ്രിച്ചുമാണ് റയലിനായി ലക്ഷ്യം കണ്ടത്. യരമി പിനോയാണ് വയ്യാറയലിനായി ഗോൾ നേടിയത്. കളിയുടെ അവസാ നിമിഷംവരെ ഒരു ഗോളിനു പിന്നിലായിരുന്നു റയൽ.
ബാഴ്സലോണയും അവസാന മത്സരത്തിൽ ജയിച്ചു. മെസി ഇല്ലാതിറങ്ങിയ ബാഴ്സ ഏകപക്ഷീയമായ ഒരു ഗോളിനു ഇയ്ബറിനെ പരാജയപ്പെടുത്തി.
Leave a Reply