ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ ബൈക്ക് മോഷണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ലണ്ടൻ, തേംസ് വാലി, ഗ്രേറ്റർ മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ താമസിക്കുന്ന സൈക്ലിസ്റ്റുകൾ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2022ൽ മാത്രം ഇംഗ്ലണ്ടിൽ 72,445 ബൈക്കുകൾ മോഷണം പോയെന്നുള്ളതാണ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

ഇംഗ്ലണ്ടിന്റെ വിവിധഭാഗങ്ങളിൽ മോഷണം റിപ്പോർട്ട്‌ ചെയുന്നുണ്ടെങ്കിലും ലെസ്റ്റർഷെയറിൽ താരതമ്യേനെ കൂടുതലാണെന്നാണ് അധികൃതർ പറയുന്നത്. ലണ്ടനിൽ മാത്രം കണക്കുകൾ പ്രകാരം 22,818 ബൈക്കുകൾ മോഷണം പോയി. ഓക്‌സ്‌ഫോർഡ്, മിൽട്ടൺ കെയ്‌ൻസ്, സ്ലോ എന്നിവ ഉൾപ്പെടുന്ന തേംസ് വാലിയിൽ ബൈക്ക് മോഷണ സാധ്യത പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. 4460 കേസുകളാണ് ഇവിടെ റിപ്പോർട്ട്‌ ചെയ്തത്. 4,354 ബൈക്ക് മോഷണങ്ങൾ പ്രവചിക്കപ്പെട്ട ഗ്രേറ്റർ മാഞ്ചസ്റ്റർ നിലവിൽ മൂന്നാം സ്ഥാനത്താണ്. കെയിംബ്രിഡ്ജ്, സസ്സെക്സ് എന്നിവിടങ്ങളിൽ കേസുകൾ കുറവാണ്.

മോഷണത്തിൽ നിന്നും വാഹനം സംരക്ഷിക്കാൻ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

* ഡബിൾ ലോക്ക് സിസ്റ്റം ആക്ടിവേറ്റ് ചെയ്യുക. വാഹനത്തിന്റെ സുരക്ഷയാണ് പ്രധാനം. നിലവിലെ ലോക്ക് സിസ്റ്റത്തിനു പുറമെ ഇത് ചെയ്യുന്നത് സുരക്ഷ വർധിപ്പിക്കും.

* സുരക്ഷിതമായ ഇടങ്ങളിൽ മാത്രം വാഹനം പാർക്ക്‌ ചെയ്യുക. മോഷണ സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട്‌ ചെയ്യുന്ന ഇടങ്ങളിൽ കഴിവതും പാർക്ക്‌ ചെയ്യാതിരിക്കുക.

* നാഷണൽ സൈക്കിൾ ഡാറ്റ ബേസിൽ വാഹനം രജിസ്റ്റർ ചെയ്യുക. മോഷണം ഉണ്ടായാൽ വാഹനം കണ്ടെത്തുന്നതിന് ഇത് സഹായിക്കും.