ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും സിപിഐഎം നേതാവ് സുധീഷ് മിന്നിയും തമ്മിലുള്ള വാക്പോര് തുടരുകയാണ്. ശോഭാ സുരേന്ദ്രന്റെ ജന്മനാടായ ചങ്ങരംകുളത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ചുണയുണ്ടെങ്കില്‍ കരണത്തടിക്കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് സുധീഷ് മിന്നി. ശോഭാ സുരേന്ദ്രന്റെ ജന്മനാട്ടില്‍ പരിപാടിയൊരുക്കിയ മലപ്പുറം ഡിവൈഎഫ്‌ഐ നേതൃത്വത്തിന് സുധീഷ് മിന്നി നന്ദിയറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് സുധീഷ് മിന്നിയുടെ വെല്ലുവിളി.

പൊതുസമൂഹമധ്യത്തില്‍ അവഹേളിക്കുന്നവരുടെ കരണത്തടിക്കുമെന്ന് ശോഭാ സുരേന്ദ്രന്‍ തുറന്നടിച്ചിരുന്നു. സുധീഷ് മിന്നിയും വറുതെയിരുന്നില്ല. ഇനി ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരുമിച്ച് പങ്കെടുക്കേണ്ടി വന്നാല്‍ ‘മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ്’ താനാ ചാനലില്‍ നടത്തുമെന്ന് സുധീഷ് മിന്നി പറഞ്ഞിരുന്നു.

ഒരു ചാനല്‍ചര്‍ച്ചയിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ സുധീഷ് മിന്നിക്കെതിരെ ശോഭാ സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. സുധീഷ് മിന്നിക്ക് പിന്തുണ നല്‍കി കമന്റിട്ടവര്‍ക്കെതിരേയും ശോഭാ സുരേന്ദ്രന്‍ പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ചാനലിന് നൽകിയ അഭിമുഖത്തിൽ ‘പൊതുമധ്യത്തില്‍ അവഹേളിക്കുന്നവരുടെ മുഖത്തടിക്കു’മെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.

ഇതിന് മറുപടിയുമായാണ് സുധീഷ് മിന്നി വീണ്ടും എത്തിയത്. പഴയ ചില കാര്യങ്ങള്‍ പങ്കുവെച്ച്, ഫെയ്‌സ്ബുക്കിലായിരുന്നു സുധീഷിന്റെ പ്രതികരണം. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ‘ഇനി ഒരുതവണ കൂടി താനും ശോഭാ സുരേന്ദ്രനും ചാനലില്‍ മുഖാമുഖം വന്നാല്‍ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് നടത്തുമെന്ന് സുധീഷ് മിന്നി പറഞ്ഞത്.