ഇന്ത്യയുടെ ഏറ്റവും പ്രശസ്തനായ സൂപ്പര്‍ഫാനാണ് സുധീര്‍കുമാര്‍ ചൗധരി. സുധീറിനെ അറിയാത്തവര്‍ ചുരുങ്ങും. എവിടെ ഇന്ത്യയുടെ മത്സരം ഉണ്ടോ അവിടെ അയാളുണ്ട്. കാരണം അയാള്‍ ശംഖ് മുഴക്കാതെ ഇന്ത്യയുടെ ഒരു മത്സരവും തുടങ്ങില്ല. അയാള്‍ കൊടി വീശാതെ ഇന്ത്യയുടെ ഒരു സെഞ്ച്വറി ആഘോഷവും പൂര്‍ണമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെപ്പോലെയാണ് സുധീറിനെ ആരാധകരും ഇന്ത്യന്‍ ടീമും തന്നെ കാണുന്നത്.

അതേസമയം, കോവിഡ് കാരണം സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് വിലക്കുണ്ടെങ്കിലും ഇതൊന്നും സുധീര്‍ കുമാറിന് പ്രശ്‌നമല്ല. അയാള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം നേരിട്ടുതന്നെ കണ്ടു, സ്റ്റേഡിയത്തില്‍ നിന്നല്ല. പൂനെയിലെ ഒരു കുന്നിന്‍ മുകളില്‍ നിന്നാണ് അദ്ദേഹം ഇന്ത്യയുടെ മത്സരം വീക്ഷിച്ചത്. സുധീര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം നടന്നത്. ഈ സ്റ്റേഡിയത്തിന് സമീപത്തായുള്ള മലമുകളില്‍ നിന്നാണ് സുധീര്‍ കളി കണ്ടത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇതേ വേദിയില്‍ തന്നെയാണ് അരങ്ങേറുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ വിജയം 66 റണ്‍സിനായിരുന്നു. ഏഴ് വിക്കറ്റിന് 317 റണ്‍സെടുത്ത ഇന്ത്യയുടെ വെല്ലുവിളി പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 251 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി.

ദേഹത്ത് മുഴുവന്‍ ഇന്ത്യന്‍ പതാക പെയിന്റ് ചെയ്ത് പുറത്ത് തെന്‍ഡുല്‍ക്കര്‍ എന്നെഴുതി ഇന്ത്യയുടെ വലിയ പതാകയുമേന്തി ആ കുന്നിന്‍ മുകളില്‍ നിന്ന് സുധീര്‍ ഇന്ത്യയുടെ വിജയം കണ്ടു. സ്റ്റേഡിയത്തില്‍ നിന്ന് നോക്കുമ്പോള്‍ കുന്നിന്‍ മുകളില്‍ സുധീറിന്റെ പക്കലുള്ള വലിയ ഇന്ത്യന്‍ പതാക പാറിക്കളിക്കുന്നത് കാണാമായിരുന്നു