ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ നിർമ്മാണ തൊഴിലാളികളുടെ ഇടയിൽ ആത്മഹത്യാ നിരക്ക് കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ മേഖലയിലെ തൊഴിലാളികളിലെ മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ നാലിരട്ടി കൂടുതലാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓൺ ദി ടൂൾസ് എന്ന സ്ഥാപനം രാജ്യത്തെ 2.1 ദശലക്ഷം നിർമ്മാണ തൊഴിലാളികളിൽ 73 ശതമാനം പേരും മാനസികമായി രോഗബാധിതരാണെന്ന് കണ്ടെത്തിയ പഠനത്തിലാണ് സുപ്രധാന വിവരങ്ങൾ പുറത്തു വന്നത്. കഴിഞ്ഞ ദശകത്തിൽ മാത്രം നിർമ്മാണ മേഖലയിലെ തൊഴിലാളികളിൽ 70000 പേർ ജീവനൊടുക്കിയതായി പഠനം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ഇടയിൽ ഇത്രയും ആത്മഹത്യാ നിരക്ക് കൂടുന്നതിനെ കുറിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്ന് ഓൺ ദി ടൂൾസിന്റെ ബ്രാൻഡ് മാനേജർ ആലീസ് ബ്രൂക്ക്സ് പറഞ്ഞു. സമാനമായ സാഹചര്യം ഡോക്ടർമാരുടെയോ അധ്യാപകരുടെയോ മറ്റ് ഏതെങ്കിലും തൊഴിൽ മേഖലയിൽ ഉണ്ടായിട്ടുണ്ടെങ്കിൽ വ്യാപക പ്രതിഷേധവും ചർച്ചകളും നേരത്തെ തന്നെ നടന്നേനെ എന്നാണ് അവർ അഭിപ്രായപ്പെട്ടത്. നമ്മുടെ ആശുപത്രികളും സ്കൂളുകളും റോഡുകളും നിർമ്മിക്കുന്നവർ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ അടിയന്തിരമായി പരിഗണിക്കപ്പെടണം എന്ന ആവശ്യം അവർ ചൂണ്ടിക്കാട്ടി. നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ കൗൺസിലിങ്ങിനായി 2.5 മില്യൺ പൗണ്ട് സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടത്തെ തുടർന്ന് പലരും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന സാഹചര്യം ഉണ്ടെന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത് .


നിലവിൽ യുകെയിൽ നിർമ്മാണ മേഖലയിൽ കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇതോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള മനുഷ വിഭവ ശേഷി ബ്രിട്ടനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നൈപുണ്യ ദൗർലഭ്യം, പ്രായമായ തൊഴിലാളികൾ, ബ്രെക്‌സിറ്റ് എന്നിവ തൊഴിൽ ശക്തി കുറയുന്നതിന് പിന്നിലെ ചില ഘടകങ്ങളാണെന്ന് ഹോം ബിൽഡേഴ്‌സ് ഫെഡറേഷൻ (എച്ച്ബിഎഫ്) പറഞ്ഞു. കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ട്രെയിനിംഗ് ബോർഡിൻ്റെ (സിഐടിബി) കണക്കനുസരിച്ച് നിലവിലെ തൊഴിലാളികൾ 2.67 ദശലക്ഷമാണ്. എന്നാൽ ഓരോ 10,000 പുതിയ വീടുകൾ നിർമ്മിക്കുന്നതിനും, ഈ മേഖലയ്ക്ക് 12 ട്രേഡുകളിലായി ഏകദേശം 30,000 പുതിയ റിക്രൂട്ട്‌മെൻ്റുകൾ ആവശ്യമാണെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഹൗസ് നിർമ്മാണ വ്യവസായത്തിൻ്റെ ട്രേഡ് ബോഡിയായ എച്ച്ബിഎഫ് പറയുന്നു.