മസ്‌ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്.

ഒമാന്‍ ഭരണാധികാരിയുടെ മരണത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അടുത്ത 40 ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനനം. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അധികാരമേറ്റത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവിവാഹിതനായ ഇദ്ദേഹത്തിന് സഹോദരങ്ങളുമില്ല. ആരാകും അദ്ദേഹത്തിന്റെ പിൻഗാമി എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. ഒമാൻ ഭരണഘടന അനുസരിച്ച് ഭരണാധികാരി മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താൽ മൂന്നു ദിവസത്തിനകം പിൻഗാമിയെ കണ്ടെത്തണം.

പൂനെയിലും സലാലയിലുമായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനായിരുന്നു. ഇന്ത്യയുമായി എക്കാലത്തും സവിശേഷബന്ധം പുലര്‍ത്തിപ്പോന്ന ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്.

ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനിക യുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യംനേടി. തുടര്‍ന്ന് പശ്ചിമജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്‌കറ്റ് ആന്‍ഡ് ഒമാന്‍ എന്ന പേരുമാറ്റി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി.