ഫാ. ഹാപ്പി ജേക്കബ്

ഉണ്ണികൾ ആർത്തു നാഥൻ ശുദ്ധൻ

ഗർധഭമെരീറ്റു യെരുസലെമർന്നൊൻ പരിശുദ്ധൻ

മഹത്വത്തിൻറെ എഴുന്നുള്ളത്ത് കാട്ടിത്തന്ന മറ്റൊരു ഓശാന പെരുന്നാൾ കൂടി ഇന്ന് ആചരിക്കുകയാണ്. ആരാധനയിൽ സർവ്വ പ്രപഞ്ചത്തെയും ശുദ്ധീകരിപ്പാൻ തക്കവണ്ണം ദൈവത്തോട് അപേക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന അവസരമാണ് ഓശാന പെരുന്നാൾ. കർത്താവ് യെറുശലേം ദേവാലയത്തിലേയ്ക്ക് കടന്നുവരുമ്പോൾ ജനസമൂഹം അവനെ സ്വീകരിക്കുന്ന ഒരു ഭാഗം ഈ പെരുന്നാൾ വായനയിൽ നാം കാണുന്നുണ്ട്. അവനെ പിന്തുടർന്ന പുരുഷാരത്തെ ചിലർ അവനോട് പറയുകയാണ് ഗുരു ഇവരോട് മിണ്ടാതിരിക്കാൻ കൽപ്പിക്ക. കർത്താവ് പറയുകയാണ് ഇവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തു വിളിക്കും. വിശുദ്ധ ലൂക്കോസ് പത്തൊമ്പതാം അധ്യായം നാല്പതാം വാക്യം. ഇന്നത്തെ സാഹചര്യത്തിൽ നാം മനസ്സിലാക്കേണ്ട അല്ലെങ്കിൽ അർത്ഥം മനസ്സിലായ ഒരു വേദഭാഗം ആണിത്. ആർത്തു പാടേണ്ട ജനം ഇന്ന് ദേവാലയത്തിൽ ഇല്ല. ഒട്ടു മിക്ക ദേശങ്ങളിലും ദേവാലയങ്ങൾ അടഞ്ഞുകിടക്കുന്നു. ദൈവത്തെ സ്തുതിക്കുവാനും വാഴ്ത്തുവാനും നമുക്ക് ലഭിച്ചിരുന്ന അവസരങ്ങളിൽ നാം മിണ്ടാതെ ഇരുന്നപ്പോൾ പ്രകൃതി തന്നെ ദൈവപുത്രനെ സ്തുതിക്കുകയാണോ എന്ന് ചിന്തിച്ചു പോവുകയാണ്.

വലിയ ആഘോഷത്തോടെ കൂടി ദേവാലയത്തിലേക്ക് നമ്മുടെ കർത്താവ് കടന്നുവന്ന വലിയ ദിവസത്തെ നമുക്ക് പ്രാർത്ഥനാപൂർവ്വം ആചരിക്കാം. കർത്താവേ ഇപ്പോൾ രക്ഷിക്കണമേ എന്ന അർത്ഥമുള്ള ഓശാന ഇന്ന് നമുക്ക് ആർത്തു വിളിക്കാം. ഇന്നത്തെ ചിന്തക്കായി തെരഞ്ഞെടുത്തിരിക്കുന്നത് വിശുദ്ധ മർക്കോസ് സുവിശേഷം പതിനൊന്നാം അദ്ധ്യായം ഒന്നു മുതൽ 11 വരെയുള്ള വാക്യങ്ങൾ ആണ് . ആരാലും കയറിയിട്ടില്ലാത്ത കഴുതക്കുട്ടിയെ അഴിച്ച് കൊണ്ടുവരുവാൻ അവൻ ആവശ്യപ്പെടുകയാണ്. അവിടെ തുടങ്ങണം ഇന്നത്തെ ചിന്തയുടെ ആദ്യഭാഗം. കർത്താവിന് എഴുന്നള്ളമെങ്കിൽ ആരും കയറിയിട്ടില്ലാത്ത  കഴുതക്കുട്ടിയെ ആണ് ആവശ്യമായി ചോദിക്കുന്നത്. ഇന്ന് ഈ ചോദ്യം സ്വീകരിക്കുവാൻ നമുക്ക് കഴിയുമോ. അതിൻറെ അർത്ഥം ദൈവത്തിനുവേണ്ടി വേർതിരിക്കപ്പെട്ട ആളുകൾ ഉണ്ടോ ഇന്ന് കർത്താവിന് എഴുന്നെള്ളുവാൻ. എന്തെല്ലാം കാര്യങ്ങളാണ് നമ്മളെ ഭരിക്കുന്നത്. എന്തെല്ലാം ചിന്തകളാണ് നമ്മെ മൂടി ഇരിക്കുന്നത്. അങ്ങനെ ഒരു അവസ്ഥയിൽ എങ്ങനെ കർത്താവിനെ വഹിക്കുവാൻ നമുക്ക് കഴിയും. വേദനയുടെ ഈ നാളുകളിൽ കർത്താവിനെ വഹിക്കുന്ന നല്ല വാഹകരായി നമുക്ക് മാറണ്ടേ. നമ്മെ ബാധിച്ചിരിക്കുന്ന, ഇന്ന് ബന്ധിച്ചിരിക്കുന്ന എല്ലാം വിട്ടകന്ന് പരിശുദ്ധമായ അവസ്ഥയിൽ നമ്മെ സമർപ്പിക്കുമ്പോഴാണ് കർത്താവ് നമ്മളിലേക്ക് കടന്നു വരുന്നത്. അങ്ങനെ ഉള്ള ജനം ഇല്ലെങ്കിൽ എങ്കിൽ കർത്താവ് പറഞ്ഞപോലെ പോലെ ഈ കല്ലുകൾ ആർത്തുവിളിക്കും. ബലഹീനരായ നമ്മെ ആണ് കർത്താവ് യാത്രചെയ്യുവാൻ തക്കവണ്ണം തെരഞ്ഞെടുക്കുന്നത് എന്ന് നാം മനസ്സിലാക്കുക. നമ്മളിൽ വേണ്ടത് അത് ഒരു കാര്യം മാത്രം പരിശുദ്ധത.

രണ്ടാമത്തെ ചിന്ത അത് ഇപ്രകാരമാണ്. അവൻ യെരൂശലേമിലേക്കു വന്നപ്പോൾ ജനം അവരുടെ വസ്ത്രങ്ങൾ വഴിയിൽ വിതറി ഒലിവിൻ കൊമ്പുകൾ അവർ പിടിച്ചു കൊണ്ട് കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് ആർത്തുവിളിച്ചു. കുരുത്തോല വാഴ്വ് നമ്മുടെ ആരാധനയിലെ പ്രധാന ഭാഗമാണ്. ആ സമയത്ത് ചൊല്ലുന്ന പ്രാർത്ഥന ഇവ വെട്ടപ്പെട്ട വൃക്ഷങ്ങളും ഇവ കൊണ്ടുവന്ന ആളുകളും ഇതുമൂലം അനുഗ്രഹിക്കപ്പെടട്ടെ. സർവ്വ ചരാചരങ്ങളെയും
പ്രത്യേകാൽ നാം അധിവസിക്കുന്ന പ്രകൃതിയെയും സസ്യങ്ങളെയും ദൈവമുമ്പാകെ സമർപ്പിക്കുന്ന പ്രാർത്ഥനയാണ് ഇത്. ഒരർത്ഥത്തിൽ ഈ മഹാ വ്യാധിയിൽ നിന്ന് ഈ പ്രപഞ്ചം ശുദ്ധീകരിക്കപ്പെടുവാൻ തക്കവണ്ണം നാം പ്രാർത്ഥിക്കേണ്ടത് ദിവസമാണെന്ന്. മനുഷ്യൻ തനിക്കുവേണ്ടി സ്വാർത്ഥ മനസ്സോടെ ഈ പ്രപഞ്ചത്തെ ചൂഷണം ചെയ്യുകയും മഹാ വ്യാധികൾ ഒന്നിനുപുറകെ ഒന്നായി കടന്നുവന്ന് നമ്മെ നശിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയോടെ നാം മനസ്സിലാക്കണം. നമുക്ക് വേണ്ടി നമ്മുടെ ഉപയോഗത്തിന് വേണ്ടി ദൈവം തന്നതാണ് ഈ പ്രപഞ്ചം. അതിനെ പരിപാലിക്കുവാൻ ആണ് ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്നത്. ഈ കർത്തവ്യത്തിൽ നിന്ന് നാം ഓടിയകന്ന് നമ്മുടേതായ രീതിയിൽ നാം ചിന്തിക്കുകയും ,പ്രവർത്തിക്കുകയും, ഉപയോഗിക്കുകയും, സന്തോഷിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള വ്യാധികളും രോഗങ്ങളും നമ്മുടെ ഇടയിലേക്ക് കടന്നു വരുന്നത്. ഈ പ്രാർത്ഥന ശകലത്തിൻറെ അവസാന ഇടങ്ങളിൽ ശ്രദ്ധിച്ചാൽ ഇപ്രകാരം മനസ്സിലാകും. വാഴ്ത്തപ്പെട്ട ഈ കൊമ്പുകൾ കൊണ്ടുപോകുന്ന വ്യക്തികൾ അനുഗ്രഹിക്കപ്പെടും, ഭവനങ്ങളിൽ സമാധാനമുണ്ടാകും , രോഗങ്ങൾ നീങ്ങിപ്പോകും ,യുദ്ധങ്ങൾ മാറിപ്പോകും . ആയതിനാൽ ദൈവ സൃഷ്ടിയോടുള്ള പ്രതിബദ്ധത മനസ്സിലാക്കുവാനും അതനുസരിച്ച് ജീവിതങ്ങളെ മാറ്റുവാനും ഈ ഓശാന പെരുന്നാൾ ഇടയാകട്ടെ. കയ്യിൽ കുരുത്തോലയും ആയി ദേവാലയത്തിൽ നിന്ന് ഭവനങ്ങളിലേക്ക് മടങ്ങുന്ന അവസരം നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണല്ലോ. കഴിഞ്ഞ ഓശാന പെരുനാളിൽ എവിടെ ആയിരുന്നു നാം ഒക്കെ നിന്നിരുന്നത്. മേൽപ്പറഞ്ഞ അർത്ഥങ്ങൾ മനസ്സിലാക്കി ആരാധനയിൽ നാം പങ്കെടുത്തിരുന്നു അതോ ഒരു കാഴ്ചക്കാരനായി വശങ്ങളിൽ മാറി നിന്നോ. ഇന്ന് നാം ആഗ്രഹിക്കുകയാണ് ദേവാലയത്തിൽ വന്നു ആ പെരുന്നാളിൽ കുരുത്തോലയും ആയി നിൽക്കണമെന്ന് . സാധ്യമാകുന്നില്ല അല്ലേ. നിങ്ങൾ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തു വിളിക്കും എന്ന് കർത്താവ് പറഞ്ഞത് ഇപ്പോഴെങ്കിലും മനസ്സിലാക്കിയാൽ നന്ന്.

  സൗഹൃദം ഊട്ടിയുറപ്പിച്ചു ബൈഡനും ജോൺസണും, ഒപ്പം ഭാര്യമാരും; വടക്കൻ അയർലൻഡ് വിഷയത്തിൽ മൗനം...

അവസാനമായി നിങ്ങളോട് ഒരു അഭ്യർത്ഥന. കുരുത്തോല കയ്യിൽ പിടിച്ചില്ലെങ്കിലും ഒരു ചില്ലി കമ്പ് എങ്കിലും നിങ്ങളുടെ മുൻവാതിൽ തൂക്കി ഈ ഓശാന പെരുന്നാളിന് നമുക്ക് വരവേൽക്കാം. ഇത് നമ്മുടെ മനസ്സിൻറെ തൃപ്തിക്കുവേണ്ടിയും ലോകം മുഴുവനും കണ്ണുനീരോടെ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടിയും ഉള്ള നമ്മുടെ സമർപ്പണമായി നമുക്ക് ഇതിനെ കാണാം.

മഹത്തരമായ എഴുന്നുള്ളത്ത് ആണല്ലോ ഓശാന. കർത്താവ് നമ്മളിലേക്ക് കടന്നു വന്നു .നമ്മുടെ സമൂഹങ്ങളിലേക്ക് ഇറങ്ങിവന്നു ലോകം പകച്ചുനിൽക്കുന്ന ഈ കാലയളവിൽ ആശ്വാസമായി സൗഖ്യമായി ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം. വേണ്ടത് ഒന്നു മാത്രം നമ്മുടെ വിശുദ്ധത. ഈ രോഗം മൂലം കഷ്ടപ്പെടുന്നവരെയും ,അവരുടെ കുടുംബങ്ങളെയും , അവരെ ശുശ്രൂഷിക്കുന്നവരെയും ,അവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകുന്ന ഏവരെയും നമുക്ക് ദൈവം മുമ്പാകെ സമർപ്പിക്കാം. കർത്താവേ ഇപ്പോൾ രക്ഷിക്കണമേ എന്നർത്ഥത്തിൽ ഓശാന എന്ന് നമുക്ക് പാടാം.

ഒലിവീന്തൽ തലകൾ എടുത്തു ഉശാന
ശിശു ബാലൻമാർ പാടി കീർത്തി ചോൻ
ദേവാ ദയ ചെയ്തിടേണമേ
സ്നേഹത്തോടെ പ്രാർത്ഥനയോടെ

ശുദ്ധമുള്ള നോമ്പേ സമാധാനത്തോടെ വരിക
സ്നേഹത്തോടെ ഹാപ്പി ജേക്കബ് അച്ചൻ

   

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.