ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കൺവേർഷൻ തെറാപ്പി നിരോധനവുമായി മുന്നോട്ട് പോകാൻ സർക്കാർ. എന്നാൽ ഈ നിയമത്തിൽ ട്രാൻസ്‌ജെൻഡേഴ്സ് ഉൾപ്പെടുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി. സ്വവർഗാനുരാഗികളെ ‘കൺവേർഷൻ തെറാപ്പി’ക്കു വിധേയമാക്കി സ്വവർഗാനുരാഗത്തിൽ നിന്നു പിന്തിരിപ്പിക്കുന്ന നടപടി നിരോധിച്ച് പ്രഖ്യാപനം ഉണ്ടായത് തെരേസ മേയുടെ ഭരണ കാലത്താണ്. എന്നാൽ, ഈ നിരോധനം പൂർണമായും നീക്കുമെന്ന് ഇന്നലെ പറഞ്ഞെങ്കിലും മണിക്കൂറുകൾക്ക് ശേഷം സർക്കാർ തീരുമാനം പിൻവലിച്ചു. കൺവേർഷൻ തെറാപ്പി നിരോധിക്കുമെന്നും എന്നാൽ ഇതിൽ ട്രാൻസ്‌ജെൻഡറുകൾ ഉൾപ്പെടുന്നില്ലെന്നും സർക്കാർ അറിയിച്ചു. നിരോധനം അടുത്ത ക്വീൻസ് സ്പീച്ചിൽ ഉൾപ്പെടുത്തുമെന്ന് മുതിർന്ന സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

നിരോധനം പിൻവലിക്കാനും പകരം നിലവിലുള്ള നിയമം അവലോകനം ചെയ്ത് കൂടുതൽ ഫലപ്രദമാക്കാനുമാണ് സർക്കാർ ഇന്നലെ ആദ്യം തീരുമാനിച്ചത്. കൺവേർഷൻ തെറാപ്പി തടയുന്നതിന് മറ്റ് നിയമനിർമ്മാണേതര നടപടികളും അന്വേഷിക്കുമെന്ന് അവർ അറിയിച്ചു. എന്നാൽ മൂന്നര മണിക്കൂറിന് ശേഷം, ഗേ കൺവേർഷൻ തെറാപ്പി നിരോധിക്കുമെന്ന നിലപാടുമായി സർക്കാർ എത്തി. ട്രാൻസ്‌ജെൻഡറുകൾ ഉൾപ്പെടാത്ത ഏതൊരു നിരോധനവും യഥാർത്ഥ നിരോധനമല്ല എന്ന് റെയിൻബോ പ്രോജക്റ്റ് അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ എതിർപ്പിനെ ഭയന്നു തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കാൻ ആരും ഭയക്കേണ്ടതില്ലെന്നും സ്വവർഗാനുരാഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാൻ ഉതകുന്ന സുസ്ഥിര നടപടികളായിരിക്കും സർക്കാർ സ്വീകരിക്കുകയെന്നും തെരേസ മേയ് 2018ൽ പറഞ്ഞിരുന്നു. സ്വവർഗാനുരാഗികളെ വിവിധ ചികിത്സാ രീതികളിലൂടെയും കൗൺസിലിങിലൂടെയും സ്വവർഗാനുരാഗത്തിൽ നിന്നും പിന്തിരിപ്പിക്കുന്ന രീതിയാണു ‘കൺവേർഷൻ തെറാപ്പി’യിൽ സ്വീകരിക്കുന്നത്. വിവിധ മതസംഘടനകളും, ആരോഗ്യ പ്രവർത്തകരുമാണ് ഇതിനു പിന്നിൽ.