‘തമാശകള്‍ അതിരുവിടുമ്പോള്‍’; ഫാ. ബിജു കുന്നക്കാട്‌ എഴുതുന്ന ഞായറാഴ്ചയുടെ സങ്കീര്‍ത്തനം

‘തമാശകള്‍ അതിരുവിടുമ്പോള്‍’; ഫാ. ബിജു കുന്നക്കാട്‌ എഴുതുന്ന ഞായറാഴ്ചയുടെ സങ്കീര്‍ത്തനം
November 19 06:44 2017 Print This Article

ഫാ. ബിജു കുന്നയ്ക്കാട്ട്

മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നതില്‍ പ്രധാനപ്പെട്ടതൊന്ന് ചിരിക്കാനുള്ള കഴിവാണെന്നാണ് പറയപ്പെടുന്നത്. സന്തോഷം വരുമ്പോഴുണ്ടാകുന്ന പുഞ്ചിരിയും നര്‍മ്മവും ഹാസ്യവും ആസ്വദിക്കുമ്പോഴുണ്ടാകുന്ന പൊട്ടിച്ചിരികളും കൂട്ടുകാരൊത്തു കൂടൂമ്പോഴുണ്ടാകുന്ന ആര്‍ത്തട്ടഹാസവുമൊക്കെ ആരോഗ്യ പരിപാലനത്തില്‍ പ്രധാനപ്പെട്ടതാണെന്ന് പഠനങ്ങളും പറയുന്നു. എല്ലാ ദുഃഖങ്ങളും മറന്ന് ചിരിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തിലുണ്ടാകുന്ന വര്‍ദ്ധനവിനെ പരിഗണിച്ച് ‘ചിരി ഒരു മരുന്നാണ്’ എന്ന് വിലയിരുത്തപ്പെടുന്നു. തമാശ എന്ന മലയാള പദത്തിന് തത്തുല്യമായി ഇംഗ്ലീഷ് ഭാഷയില്‍ ഉപയോഗിക്കുന്ന ‘Joke’ എന്ന പദത്തിന്റെ പൂര്‍ണരൂപം ‘Joy of Kids Entertainment’ എന്നാണ്. ചിരിക്കാനും സന്തോഷിക്കാനും എല്ലാവര്‍ക്കും ഇഷ്ടമാണെന്നതുകൊണ്ടുതന്നെ സ്ഥല-കാല-പ്രായ-ഭാഷാ ഭേദമില്ലാതെ എല്ലാവരും ചിരിയും ചിരിക്കു കാരണമാകുന്ന തമാശകളും സ്വാഗതം ചെയ്യാറുണ്ട്.

എന്നാല്‍ കുറച്ചുപേര്‍ മാത്രം ആസ്വദിക്കുകയും കുറച്ചുപേര്‍ വിഷമിക്കുകയും ചെയ്യുന്ന തരത്തിലുള്ള തമാശകളും കണ്ടുവരുന്നുണ്ട്, പ്രത്യേകിച്ചും ഈ അടുത്ത നാളുകളില്‍. കൃത്യമായി പറഞ്ഞാല്‍ ന്യൂജെന്‍ ചെറുപ്പക്കാരുടെ ഇടയില്‍. കൂടെയുള്ളവര്‍ക്ക് അപ്രതീക്ഷിത നിമിഷങ്ങളുടെ ആശ്ചര്യം നല്‍കാന്‍ വ്യത്യസ്ഥമായ വഴികളിലൂടെ തമാശകള്‍ ഒപ്പിക്കുന്നെന്നു മാത്രമല്ല, ഇന്നു പലരും അതിനു വഴിവിട്ട രീതികള്‍ പോലും തിരഞ്ഞെടുക്കുന്നു. ശുഭപര്യവസായിയായി മാറേണ്ട പല സന്ദര്‍ഭങ്ങളും അതുകൊണ്ടുതന്നെ പലര്‍ക്കും കല്ലുകടിയുടെ ദുരനുഭവങ്ങളും പിന്നീട് ഓര്‍മ്മിക്കാനാഗ്രഹിക്കാത്ത നിമിഷങ്ങളും സമ്മാനിക്കാറുണ്ട്.

വിവാഹം, പിറന്നാള്‍ തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ചാണ് ഇത്തരം Dark Humour കള്‍ മിക്കപ്പോഴും ഉടലെടുക്കുന്നത്. വരന്റെയോ വധുവിന്റെയോ പിറന്നാള്‍ ആഘോഷിക്കുന്ന ആളിന്റെയോ ഏതെങ്കിലും ഒരു സുഹൃത്തിന്റെ തലയില്‍ ഉദിക്കുന്ന ഒരു മണ്ടന്‍ ആശയം പ്രാവര്‍ത്തികമാക്കുന്നതുവഴി, ആ ദിനത്തില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായി മാറേണ്ട വ്യക്തി മിക്കപ്പോഴും ഒരു കോമാളിയുടെ രൂപസാദൃശ്യത്തിലേയ്ക്ക് മാറിപ്പോകും. ചിലപ്പോള്‍ കൂട്ടുകാരുടെ ഇഷ്ടത്തിനു വഴങ്ങി മനസില്ലാമനസോടെ മറ്റു ഗത്യന്തരമില്ലാതെ ചെയ്യേണ്ടി വരുന്ന പല കാര്യങ്ങളും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷത്തോടെ ഓര്‍ക്കാനാഗ്രഹിച്ച ദിവസങ്ങള്‍, ഏറ്റവും വെറുപ്പോടെ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളായി മാറ്റും. അത്തരത്തിലൊരു വാര്‍ത്ത ഈ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിവാഹിതയായി പുതിയ പ്രതീക്ഷകളോടും അതിലേറെ ആശങ്കകളോടും കൂടി ആദ്യമായി ഭര്‍തൃഗൃഹത്തിലെത്തിയ പെണ്‍കുട്ടിയെ കാത്തിരുന്നത് വിവാഹവസ്ത്രം അണിഞ്ഞുകൊണ്ടുതന്നെ അമ്മിക്കല്ലില്‍ തേങ്ങാ അരയ്ക്കാനുള്ള ദുര്യോഗമായിരുന്നു. വരനും കൂട്ടുകാരും നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ടു അടുത്ത നില്‍ക്കുന്നു. പുതിയ ജീവിത സാഹചര്യത്തില്‍ അപ്രതീക്ഷിതമായത് ചെയ്യേണ്ടി വരുമ്പോഴുള്ള ബുദ്ധിമുട്ട് ആ പെണ്‍കുട്ടിയുടെ മുഖത്തുണ്ടായിരുന്നു.

ഇലകള്‍ കൂട്ടിത്തുന്നി കിരീടമുണ്ടാക്കി രാജാവിനെയും രാജ്ഞിയെയും പോലെ തലയില്‍ അണിയിക്കുക, സ്‌പ്രേ വധൂവരന്മാരുടെ മുഖത്തേയ്ക്ക് അപ്രതീക്ഷിതമായി അടിക്കുക, വിവാഹമെന്ന മംഗളകര്‍മ്മത്തിന്റെ അവസരത്തിനു ചേരാത്ത വാഹനങ്ങളില്‍ കയറേണ്ടി വരുക, വിവാഹ ചടങ്ങുകള്‍ കഴിഞ്ഞാലും കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റു പല ‘ചടങ്ങുകളും’ ചെയ്യേണ്ടി വരിക, പിറന്നാളാഘോഷങ്ങളില്‍ മര്യാദയുടെ അതിരുകള്‍ ലംഘിച്ച് മുഖത്ത് ക്രീമും ചായങ്ങളും തേക്കുക തുടങ്ങി ഇന്നു നമ്മുടെ പല ആഘോഷങ്ങളിലും സാമാന്യമര്യാദയുടെ അതിര്‍ത്തികള്‍ ലംഘിക്കപ്പെടുന്നു. ഒരു മംഗള കര്‍മ്മത്തെ ഇങ്ങനെ അലങ്കോലമാക്കുമ്പോള്‍ അതില്‍ കുറെയേറെപ്പേര്‍ നീറുകയും വിഷമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇത് ചെയ്യുന്നവര്‍ മറക്കരുത്. തമാശകള്‍ അതിന്റെ പരിധിയില്‍ നില്‍ക്കുമ്പോഴേ അതിന് ആസ്വാദ്യതയുള്ളൂ. ഇത്തരം മര്യാദയില്ലാത്ത, മറ്റുള്ളവരെ ബഹുമാനിക്കുന്നതിലേറെ അവരെ വിഷമിപ്പിക്കുന്ന തമാശകള്‍ രൂപപ്പെടുത്തുന്നവര്‍ വികലമായ മനസിന്റെ ഉടമകളാണെന്നു ചിന്തിക്കുകയേ തരമുള്ളൂ.

മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതെ തമാശകള്‍ അതിരുവിടുന്ന മറ്റൊരു മേഖലയാണ് കല. അനുവാചകരെയും ആസ്വാദകവൃന്ദത്തെയും സൃഷ്ടിക്കുമ്പോഴാണ് കല മഹത്തരമാകുന്നത്. തമാശ രംഗങ്ങള്‍ക്കുവേണ്ടി ചില മതങ്ങളും വിശ്വാസികളും ഏറ്റവും പൂജ്യമായി കരുതുന്നവയെ തീരെ താറടിച്ചു കാണിക്കുന്ന രീതിയിലുള്ള പ്രകടനങ്ങളെ ഉത്തമകലാസൃഷ്ടികളായി കാണാന്‍ വയ്യ. സിനിമകളില്‍ പലപ്പോഴും ക്രിസ്തീയ – ഹൈന്ദവ -ഇസ്ലാം മത സംബന്ധമായ കാര്യങ്ങളെ ഇകഴ്ത്തി അവതരിപ്പിക്കുന്ന ശൈലി ഒട്ടും ആശാസ്യമല്ല. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസങ്ങളും ആശയങ്ങളും പ്രധാനപ്പെട്ടതാണ്. മറ്റാരുടെയും വികാരങ്ങളെയും മനസിനെയും മുറിപ്പെടുത്താതെ ജീവിക്കാന്‍ കഴിയുന്ന സംസ്‌കാര സമ്പന്നതയിലേയ്ക്കാണ് നാമോരോരുത്തരും വളരേണ്ടത്. പരസ്യ പ്രതികരണങ്ങളും പ്രക്ഷോഭങ്ങളുമായി പലരും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കെതിരെ മുമ്പോട്ടു വരുന്നില്ല എന്നതുകൊണ്ട് പൊതു സമൂഹം ഈ വൈകൃതങ്ങള്‍ ആസ്വദിക്കുന്നു എന്ന് അര്‍ത്ഥമില്ല. പ്രതികരിക്കാത്തവര്‍ അവരുടെ മാന്യത കാരണം പ്രതികരിക്കുന്നില്ല എന്നുമാത്രം.

തമാശയുടെ മേമ്പൊടിയില്‍ കലാലയങ്ങളില്‍ നടക്കുന്ന ‘റാഗിംഗ്’ എന്ന ക്രൂരവിനോദമാണ് അപലപിക്കപ്പെടേണ്ട മറ്റൊരു കാര്യം. പഠനവും ജീവിതത്തിന്റെ നല്ല ഭാവിയും മാത്രം സ്വപ്‌നം കണ്ട് കലാലയങ്ങളിലെത്തിയ എത്ര കൗമാരസ്വപ്‌നങ്ങളാണ് റാഗിംഗ് എന്ന ക്രൂര വിനോദത്തിന്റെ അഗ്നിയില്‍ എരിഞ്ഞുപോയത്. തങ്ങള്‍ക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികളില്‍ നിന്നു ലഭിച്ച തിക്താനുഭവങ്ങളെ, തങ്ങളുടെ പിന്നാലെ വരുന്നവരിലേയ്ക്ക് പകരുന്നവര്‍. റാഗിംഗിനിരയായി ശരീരക്ഷതമേറ്റവര്‍, മനസിടിഞ്ഞു പോയവര്‍, ദുശ്ശീലങ്ങള്‍ക്കടിമപ്പെട്ടവര്‍, വിഷാദരോഗത്തിലേയ്ക്ക് പോയവര്‍, ജീവിതം തന്നെ അവസാനിപ്പിച്ചവര്‍ പോലുമുണ്ട് അക്കൂട്ടത്തില്‍. ചിലര്‍ തമാശയ്ക്കും രസത്തിനുമായി ചെയ്യുന്നത് മറ്റുള്ളവരുടെ ജീവിതവും സ്വപ്‌നങ്ങളും പോലും നശിപ്പിക്കുന്നു എന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല.

മറ്റുള്ളവരെ വാക്കുകളിലൂടെ കുത്തിമുറിവേല്‍പിച്ച് തമാശ ആസ്വദിക്കുന്നവരുമുണ്ട്. പ്രത്യേകിച്ചും പരിഹരിക്കാനാവാത്ത ശാരീരിക ബലഹീനതകളുടെ പേരിലും പരിതാപകരമായ ജീവിത സാഹചര്യങ്ങളുടെ പേരിലുമൊക്കെ ഇത് തീര്‍ത്തും അംഗീകരിക്കാനാവാത്തതാണ്. നിറത്തിന്റെ പേരിലും ശാരീരിക ന്യൂനതകളുടെ പേരിലുമൊക്കെ അപമാനിക്കപ്പെടുന്നത് പൊതു നിയമം പോലും അംഗീകരിക്കാത്തതാണ്. തമാശയ്ക്കായി മറ്റുള്ളവരെ പേടിപ്പിക്കാനും അതുവഴി ‘സര്‍പ്രൈസ്’ നല്‍കാനും ചിലര്‍ ശ്രമിക്കാറുണ്ട്. അപ്രതീക്ഷിത സര്‍പ്രൈസ് നല്‍കപ്പെടുന്ന വ്യക്തി അതു സ്വീകരിക്കാന്‍ തക്ക ശാരീരിക-മാനസിക പക്വതയില്ലാത്തയാളെങ്കില്‍ തമാശ, അപകടത്തിനു വഴിമാറാം.

തമാശകളും നര്‍മ്മവും എല്ലാവരും ഇഷ്ടപ്പെടുന്നവ തന്നെയാണ്. എങ്കിലും അത് സ്വീകരിക്കുന്ന വ്യക്തിയുടെ കഴിവിന്റെ പരിധിയില്‍ നില്‍ക്കുമ്പോഴേ അതിന് ആസ്വാദ്യതയുള്ളൂ. തരംതാണതും മാന്യത കുറഞ്ഞതും അവസരത്തിനു ചേരാത്തതുമായ തമാശകള്‍ വിപരീത ഫലങ്ങളും മാനസിക മുറിവുകളും ഉണ്ടാക്കാം. എന്നാല്‍ ഉചിതവും യോഗ്യവുമായ ഫലിതങ്ങള്‍ നേരമ്പോക്കിനും സന്തോഷത്തിനും ജീവിതാരോഗ്യത്തിനും ഉപകരിക്കും. ”സന്തുഷ്ട ഹൃദയം ആരോഗ്യദായകമാണ്. തളര്‍ന്ന മനസ് ആരോഗ്യം കെടുത്തുന്നു” (സുഭാഷിതങ്ങള്‍ 17:22).

മാന്യതയുടെ അതിരുകടക്കാത്ത തമാശകളും നര്‍മ്മവും എല്ലാവരുടെയും മനസിനും ശരീരത്തിനും ആരോഗ്യം പകരട്ടെ എന്ന പ്രാര്‍ത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. ഫാ.ബിജു കുന്നയ്ക്കാട്ട്.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles