സ്വന്തം ലേഖകന്‍

വത്തിക്കാന്‍ : യെമനിലെ ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായി വത്തിക്കാനില്‍ എത്തിച്ചേര്‍ന്ന ഉഴുന്നാലിൽ അച്ചന്റെ കൈകളില്‍ ചുംബിച്ചാണ് ഫ്രാൻസിസ് മാര്‍പ്പാപ്പ ടോമച്ചനെ സ്വീകരിച്ചത്. ലോകജനതയുടെ ആരാധ്യനായ മാര്‍പ്പാപ്പ തന്റെ കൈകളില്‍ ചുംബിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ടോമച്ചന്‍ സുഹൃത്തുക്കളായ മറ്റ് അച്ചന്മാരോട് വെളിപ്പെടുത്തി. തന്റെ എല്ലാവേദനകളും മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ ഇല്ലാതായതായും അച്ചന്‍ പറഞ്ഞു.

ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയ ടോമച്ചൻ ഉന്മേഷവാനായി പരിശുദ്ധ പിതാവിന്റെ സന്നിധിയിൽ എത്തി കാല്‍തൊട്ട് വന്ദിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി പിതാവിന്റെ മുന്നില്‍ മുട്ടുകുത്തിയ ടോമച്ചനെ പോപ്പ് ഫ്രാൻസിസ് തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. ആശീര്‍വാദം ഏറ്റുവാങ്ങി എണീറ്റ് നിന്ന ടോമച്ചന്റെ വലംകൈയ്യില്‍ മുത്തം നല്‍കിയാണ് ഫ്രാൻസിസ് മാര്‍പ്പാപ്പ വിനയത്തിന്റെ മാതൃകയായത്. പിതാവ് ടോമച്ചന്റെ കൈയ്യില്‍ മുത്തുന്നത് കണ്ട മറ്റ് മലയാളി അച്ചന്മാരും ശരിക്കും സ്തബ്ധരായി. തീര്‍ത്തും വികാരനിര്‍ഭരമായ ഒരു കൂടിക്കാഴ്ച ആയിരുന്നു ഇതെന്ന് അവര്‍ വെളിപ്പെടുത്തി.

യെമനിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ടോമച്ചൻറെ മോചനത്തിന് നേതൃത്വം നല്കിയ ഒമാൻ സുൽത്താന് വത്തിക്കാൻ ഔദ്യോഗികമായി നന്ദി അറിയിച്ചു. സലേഷ്യൻ സഭയും വിശ്വാസി സമൂഹവും അച്ചന്റെ മോചനത്തിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ  ടോമച്ചൻ തന്റെ ജന്മനാടായ പാലായിൽ എത്തി ചേരുമെന്ന് കരുതുന്നു.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. 2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ട ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും വീഡിയോയിലില്‍ പറഞ്ഞിരുന്നു. നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.