രാധാകൃഷ്ണൻ മാഞ്ഞൂർ

“ചുറ്റിക്കെട്ടി മുകളിലേയ്ക്കെടുക്കടാ മരക്കഴുതെ ” ആശാൻ പീഠത്തിലിരുന്ന് ആജ്ഞാപിച്ചു .
പഞ്ചസാര മണലിൽ കുഞ്ഞുവിരൽ അമർത്തി പിടിച്ച് ശിഷ്യനെക്കൊണ്ട് അക്ഷരം എഴുതിക്കാനുള്ള തത്രപ്പാടാണ് നടക്കുന്നത്.

അക്ഷരം പിറന്നു വീഴാൻ വൈകുന്തോറും ചെറുവിരലിലെ പിടുത്തം മുറുകും. കണ്ണിൽ കൂടി പൊന്നീച്ച പറക്കും…..

ഏറെക്കഴിഞ്ഞ് ആ മണലിൽ ഒരക്ഷരം പിറന്നു. അതെ – ‘ൻ ‘ എന്ന അക്ഷര ത്തിൻറെ പരിണാമഗുപ്തി .

കാലം – 1971

സ്ഥലം:- മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂളിനരുകിലെ നിലത്തെഴുത്തു കളരി . ഗുരു അന്തരിച്ച കെ ആർ രാഘവൻ പിള്ള . ഇതിൽ പരാമർശിക്കുന്ന മരക്കഴുത ഈയുള്ളവൻ തന്നെ . പഠിതാവിൻ്റെ ചൂണ്ടുവിരൽ കൊണ്ട് മണലിൽ എഴുതിക്കുന്നതിന് ചില രീതികളുണ്ട്. ആശാൻറെ കാഴ്ചപ്പാടിൽ അക്ഷരങ്ങൾ തലകുത്തിയാണ് എഴുതുന്നത്. ശിഷ്യൻ്റെ കാഴ്ചയിൽ അക്ഷരം നേരെ തന്നെ രൂപപ്പെടുന്നു. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് ഞാൻ ഓർക്കാറുണ്ട്.

അതായത് ആശാൻ അക്ഷരത്തിൻ്റെ തലയ്ക്കലും മണലിൽ എഴുതുന്ന കുട്ടി താഴെയും ഇരിക്കും.
ഏത് അക്ഷരവും തലതിരിച്ച് നിഷ്പ്രയാസം എഴുതാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.

സ്വരാക്ഷരം, വ്യജ്ഞനാക്ഷരം, ഗുണനം, ഹരണം, സങ്കലനം, വ്യവകലനം…. അങ്ങനെ നിലത്തെഴുത്തു കളരിയുടെ സിലബസ്സ് നീളുന്നു.

ഞങ്ങളുടെ ഗ്രാമത്തിൽ ആ കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരികളെ ഉണ്ടായിരുന്നുള്ളൂ . അക്ഷരങ്ങളുടെ ചൂടും, ചൂരും അറിഞ്ഞത് ആശാന്മാരിലൂടെയാണ്. അവർ കുട്ടികളെ ശാസിക്കും, ശിക്ഷിക്കും…. അതൊന്നും ആരുമൊരു കുറ്റമായ് കണ്ടില്ല.

രാഘവപിള്ളയാശാനും, കൃഷ്ണൻ നായരെന്ന പുതുവായിലാശാനും അക്കാലത്തെ പ്രശസ്തരായ ആശാൻമാരായിരുന്നു. അമ്മിണി ടീച്ചറിൻ്റെ വെൽഫെയർ സെൻററിലും നിരവധി കുട്ടികൾ അക്ഷരം പഠിച്ചു.

അക്ഷരങ്ങളും, അക്കങ്ങളും തറവാകണമെങ്കിൽ നിർബന്ധമായും ആശാൻ കളരിയിൽ വിട്ടു പഠിപ്പിക്കണമെന്ന് പഴയ തലമുറയ്ക്ക് ഒരു നിർബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ ഗ്രാമത്തിൽ ഇതൊരു അലിഖിത നിയമമായിരുന്നു. അതുകൊണ്ട് എന്നെ പോലെ പഠിക്കാൻ മണ്ടന്മാരായ ശിഷ്യന്മാർ ഒന്നാം ക്ലാസിൽ ചേർന്നു കഴിഞ്ഞിട്ടും വൈകുന്നേരം കളരിയിലും പഠിക്കുമായിരുന്നു….. അതുകൊണ്ട് ഓരോ ആണ്ടറുതിയിലും എൻറെ ഓലവര നടക്കാതെ പോയി….. അക്ഷരം പഠിപ്പിച്ചെടുക്കുകയെന്ന ‘ഹെർക്കുലിയൻ ടാസ്ക്ക് ‘ ആശാൻ സ്വയം ഏറ്റെടുക്കുകയായിരുന്നു.

അക്ഷരങ്ങളുടെയും, അക്കങ്ങളുടെയും ചതുര വടിവുകൾ വല്ലാതെ ഭയപ്പെടുത്തി…. എണ്ണിയെണ്ണി കുറയുന്ന അക്കങ്ങളുടെ ദശാസന്ധികൾ, പെരുക്കപ്പട്ടികയുടെ നിമ് ന്നോന്നതങ്ങൾ . എല്ലാം ആലീസിൻ്റെ അത്ഭുതലോകമായ് എനിക്കു മുന്നിൽ……

ഞങ്ങളുടെ ഈ ഓപ്പൺ യൂണിവേഴ്സിറ്റിയിലിരുന്നാൽ തൊട്ടടുത്തുള്ള സ്കൂൾമുറ്റം കാണാം, ആ മുറ്റത്തെ നന്ദ്യാർവട്ട ചെടികൾ കാണാം, കളരിയുടെ അരികിലെ അപ്പ മരങ്ങൾ കാണാം……

കളരിയുടെ തിണ്ണയിലേക്ക് കയറുന്നതിന് നിയതമായ വാതിലുകളില്ല …… എതിലെയും കയറാം. തെക്കേ സൈഡിലെ വാതിൽ വഴി കാലു നീളമുള്ളവർക്ക് കയറാം. ഉയരം കുറഞ്ഞവർ റോഡിലെ മതിലിനരികിൽ കെട്ടിയിരിക്കുന്ന നടക്കല്ലു വഴിയും കളരിയിൽ എത്തും. സ്കൂളിൽ നിന്ന് വരുന്ന സീനിയേഴ്സ് (ഒന്നും, രണ്ടും ക്ലാസുകാർ) ആശാൻ്റെ സായാഹ്ന ക്ലാസ്സിലേക്ക് ഓടിപ്പാഞ്ഞാണ് വരുന്നത്. മുറിയിലെ വലിയ സ്റ്റൂളിൽ ഇരിക്കാനുള്ള മത്സര ഓട്ടം. തകൃതമുള്ള വിദ്വാന്മാർക്കാണ് ആ കസേരയിൽ ഇരിക്കാൻ ഭാഗ്യം കിട്ടുന്നത്. അവസാനം വരുന്നവർ ‘ഓട്ടിക്കിശു’ എന്ന നാമധേയത്തിൽ അറിയപ്പെടും. അവർക്കൊരിക്കലും ആ സ്റ്റൂളിൽ ഇരിക്കാൻ ഭാഗ്യം കിട്ടാറില്ല….. പിന്നീട് സ്റ്റൂളിൽ ഇരുന്ന വിദ്വാനുമായി ഉന്തും തള്ളും ഉണ്ടാവും. ആ നേരത്താണ് ആശാൻ്റെ ചൂരൽ മേശപ്പുറത്ത് ആഞ്ഞടിക്കുന്നത്. ‘പോയിനെടാ പിള്ളേരെ’ എല്ലാവരെയും നല്ല വഴക്കുപറയും. കളരി പെട്ടെന്ന് നിശബ്ദമാവും…. പിന്നീട് ഞങ്ങളൊക്കെ നല്ല കുട്ടികളായി രൂപാന്തരപ്പെടും .

ചുവപ്പിലും, പച്ചയിലും അക്ഷരങ്ങൾ എഴുതിയ കാർഡ് ബോർഡുകൾ, ചുവന്ന കളറിലെഴുതിയ പട്ടിക ബുക്കുകൾ സ്ലേറ്റിൽ ഗുണനപ്പട്ടിക തെറ്റിച്ചെഴുതിയതിന് വലിയ ചൂരൽ വടി പ്രയോഗങ്ങൾ…..

ഇതെല്ലാം അരങ്ങേറുന്ന ഒരു മായികലോകം……. അതാണു കളരി!

കളരിയിൽ പഠനമുള്ള ഒരു ദിവസം ഉച്ചയ്ക്ക് നല്ല മഴ. മഴ ഒന്ന് ശമിച്ചപ്പോൾ നല്ല വെയിലും പിറന്നു .

ഇത് കണ്ട് അലക്സ് പറഞ്ഞു “വെയിലും, മഴയും ഒരുമിച്ചു വന്നാൽ കുറുക്കൻ്റെ പെണ്ണുകെട്ട് നടക്കും….. ”

എനിയ്ക്കതൊരു പുതിയ അറിവായിരുന്നു. പുറത്തെവിടെയെങ്കിലും ഒരു കുറുക്കൻ്റെ പെണ്ണുകെട്ട് കാണണമെന്ന് വ്യഥാ മോഹിച്ചു.

അവൻ പറഞ്ഞത് ശരിയാണ്….. കളരിക്കു വെളിയിൽ രണ്ടു കുറുക്കൻമാർ, നാദസ്വരം, നിലവിളക്ക്, പന്തൽ….

അതെ അവർ വിവാഹിതരാവുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM

കെ.ആർ . രാഘവൻപിള്ള, നിലത്തെഴുത്താശാൻ. മാഞ്ഞൂർ തെക്കുഭാഗത്ത് കൊച്ചുപുരയ്ക്കൽ വീട്ടിൽ ( ശ്രീരാഗം) താമസം.

മൂന്നു തലമുറകളിലായി ആയിരക്കണക്കിന് കുട്ടികളെ അക്ഷരം പഠിപ്പിച്ചു. ഭാര്യ പാലാ സ്വദേശിനി.

ഇവർക്ക് രണ്ടാണും, ഒരു പെണ്ണും. മൂന്നുപേരും വിവാഹിതർ.

ചെറുപ്രായത്തിൽതന്നെ നിലത്തെഴുത്തു കളരി സ്ഥാപിച്ചു.

മാഞ്ഞൂർ തെക്കുംഭാഗം ഗവൺമെൻറ് സ്കൂളിനരുകിലെ ഒറ്റമുറി കെട്ടിടത്തിലായിരുന്നു നിലത്തെഴുത്തു തുടങ്ങിയത്. വർഷാവർഷം എത്രയോ കുഞ്ഞുങ്ങൾ അവിടെനിന്ന് ഡ്രോപ്പൗട്ടുകളാവുന്നു…… ആശാൻ്റെ ശിഷ്യഗണങ്ങൾ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു .

” എന്നും വെളുപ്പിനെഴുന്നേൽക്കുന്നതാണ് ശീലം. മാഞ്ഞൂർ ഭഗവതി മഠത്തിൽ പോയി തൊഴുതു പ്രാർത്ഥിച്ചതിനുശേഷം മാത്രമേ കളരിയിൽ അധ്യാപനം തുടങ്ങുമായിരുന്നുള്ളൂ….. തികഞ്ഞ ദേവി ഭക്തനായിരുന്നു. കളരി അധ്യാപനത്തിൽ നിന്നും എൺപതു വയസ്സായപ്പോൾ വിരമിച്ചു. രണ്ടായിരം മാർച്ചിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളിൽ മരണമടഞ്ഞു. മരിക്കുമ്പോൾ എൺപത്തിയേഴ് വയസ്സുണ്ടായിരുന്നു.”

ആശാൻറെ ബന്ധു രാധാമണി ചേച്ചി പറയുന്നു.

മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ അധികൃതർ പൊന്നാടയണിയിച്ച് ആദരിച്ചതല്ലാതെ മറ്റൊരു സംഘടനകളും അദ്ദേഹത്തെ തേടി വന്നില്ല….. ആരോടും പരാതിയും, പരിഭവങ്ങളുമില്ലാതെ തൻറെ കർമ്മകാണ്ഡം പൂർത്തിയാക്കി ആ അക്ഷര പ്രഭു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

1986-ൽ മാഞ്ഞൂർ സൗത്ത് പോസ്റ്റ് ഓഫീസിൽ ഒരു രജിസ്റ്റർ തപാലുമായി ചെന്നപ്പോഴാണ് കളരിയിൽ ആശാനെ സന്ദർശിക്കാൻ സാധിച്ചത്. വർഷങ്ങൾക്കു ശേഷമുള്ള ഒരു കൂടിക്കാഴ്ച. എൻറെ ആദ്യാക്ഷരത്തിന്റെ കളരിയിൽ എല്ലാം പതിവുപോലെ……

തടിച്ച ഫ്രെയിം വച്ച കണ്ണടയ്ക്കുള്ളിൽ ആശാൻ, മടക്കി വെക്കാവുന്ന ആ മേശ ( ഇത് ജനലിന് കതകായും ഉപയോഗിക്കുന്നു.) പഴയ ആ തടിയൻ ബഞ്ച്, മൂലയ്ക്കിട്ടിരിക്കുന്ന ആ വലിയ സ്റ്റൂൾ, പോളിഷ് ചെയ്ത തടി അലമാര, മണിച്ചിത്ര പൂട്ടുള്ള കളരിയുടെ വാതിൽ …. ഇല്ല …. ഒന്നിനും മാറ്റമില്ല ….. ഞാൻ ചെല്ലുമ്പോൾ ആശാൻ മണ്ണെണ്ണ സ്റ്റൗവിൽ പാൽക്കഞ്ഞി ഉണ്ടാക്കുന്നു. ആശാൻ്റെ മെനു ഇങ്ങനെയാണ് . രാവിലെ പാൽക്കഞ്ഞി , ഒരു കപ്പ് ചായ , രണ്ട് ഏത്തപ്പഴം…..

ആശാൻ ജോലിയിലാണ്. ഞാൻ സ്വയം പരിചയപ്പെടുത്തി. ‘ആശാനെ…. ഞാനാ രാധാകൃഷ്ണൻ….. , പന്തല്ലൂരെ …. ‘

‘ ങ്ങാ ….നീയോ ‘

വർത്തമാനത്തിനിടയിൽ നാലഞ്ചു കുഞ്ഞുങ്ങളെ മണലിൽ അക്ഷരങ്ങളുടെ ചക്രവ്യൂഹത്തിലേക്കു കടത്തിവിട്ടു.

‘ൻ’ എന്ന അക്ഷരം എന്നെക്കൊണ്ട് എഴുതിക്കുമോന്ന് ഭയന്നു. ആശാനു പുറകിൽ വിനീത വിധേയനായി ആ പഴയ മരക്കഴുതയായി ഞാൻ നിലകൊണ്ടു.

ഇടയ്ക്കെപ്പോഴോ തടി അലമാര തുറന്ന് മൂന്നു ഞാലിപ്പൂവൻ പഴം എൻറെ നേർക്ക് നീട്ടി.

അലമാര തുറന്നപ്പോൾ ആ ഗന്ധത്തെയും ഞാൻ തിരിച്ചറിഞ്ഞു . ശരിയാണ് അതിനും മാറ്റമില്ല….. സാമ്പ്രാണിയുടെയും നേന്ത്രപ്പഴങ്ങളുടെയും സമ്മിശ്ര ഗന്ധം……

ആ പുരാതന ഗന്ധങ്ങൾ ഓല വരക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സാമ്പ്രാണിയും , പഴങ്ങളും ,കൽക്കണ്ടവും ദേവിക്കു മുന്നിൽ സമർപ്പിച്ച് മണലിലെഴുതിക്കുന്ന ഓലവര ചടങ്ങ് .

ഉണ്ണി പിള്ളേച്ചൻ്റെ കടയിൽ നിന്നും വരുന്ന ചായ, അവലു വിളയിച്ചത്, നേന്ത്ര പഴങ്ങൾ എല്ലാം ഉണ്ടാവും.

” ഓല വരയുള്ള ദിവസം ഞങ്ങൾ കുട്ടികളോട് നേരത്തെ പറയും കളരിയിൽ ചടങ്ങുണ്ടെന്ന്….. ഇടിച്ച അവലും, പഴവുമൊക്കെ കഴിച്ചത് ഇന്നലെയെന്നപോലെ ഓർക്കുന്നു….. ഞാൻ അമ്മിണി ടീച്ചറിൻ്റെ വെൽഫെയർ സെൻററിലാണ് പഠിച്ചത്…

ആശാൻ്റെ അയൽക്കാരി ലതികാ അമ്പിളി (തെള്ളകം മാതാ ഹോസ്പിറ്റൽ, പാതോളജി വിഭാഗം) പറയുന്നു. എന്തൊക്കെ പറഞ്ഞാലും കളരി അക്ഷരങ്ങൾ നമ്മുടെ ജീവിതത്തിലെ വിലമതിക്കാനാവാത്ത നിധി തന്നെയാണ്. എൻ്റെ ഗുരുനാഥ അമ്മിണി ടീച്ചർ പകർന്നുനൽകിയ അക്ഷരപുണ്യം ഞാനെങ്ങനെ മറക്കും…

ആശാന്മാർ പഠനകാര്യങ്ങളിൽ കാണിക്കുന്ന ജാഗ്രതയും, കരുതലുമൊക്കെ ഇന്നത്തെ എത്ര അധ്യാപകർ കാണിക്കും ….? അങ്ങനെയുള്ളവർ ഇല്ല എന്നതാണ് വാസ്തവം.”