ബ്രസീലില്‍ കൂറ്റന്‍ പാറ പിളര്‍ന്ന് വീണ് ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സുല്‍ മിനാസ് ഗെറൈസിലെ വെള്ളച്ചാട്ടത്തിന് സമീപം ശനിയാഴ്ച സംഭവിച്ച ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

മിനാസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപിറ്റോലിയോ കാന്യോണിലായിരുന്നു സംഭവം. സഞ്ചാരികള്‍ ഏറെയുണ്ടായിരുന്ന സ്ഥലത്തെ കൂറ്റന്‍ പാറക്കെട്ട് രണ്ടായി പിളരുകയും ഇതിലൊരു ഭാഗം നദിയിലുണ്ടായിരുന്ന സഞ്ചാരികള്‍ക്ക് മേല്‍ പതിയ്ക്കുകയുമായിരുന്നു. ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

പടുകൂറ്റന്‍ പാറയുടെ ഒരു ഭാഗം ബോട്ടുകള്‍ക്ക് മീതേയ്ക്ക് പതിയ്ക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. നിരവധി ബോട്ടുകള്‍ സംഭവസമയം വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്നു. അപകടത്തില്‍ രണ്ട് ബോട്ടുകള്‍ പൂര്‍ണമായും തകര്‍ന്നു.

സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ കാരണം അന്വേഷിക്കുമെന്നാണ് ബ്രസീല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന കനത്ത മഴയെത്തുടര്‍ന്ന് ഇവിടെ ബോട്ടിംഗ് നിരോധിച്ചിരിക്കുകയായിരുന്നു. പിന്നീട് തുറന്നപ്പോഴാണ് അപകടം.