രാധാകൃഷ്ണൻ മാഞ്ഞൂർ

സ്വന്തം ഇഷ്ടങ്ങളുടെ ആകാശത്ത് പറന്നു നടക്കാൻ ഏതു മനുഷ്യനും ആഗ്രഹമുണ്ട് . സ്വാതന്ത്ര്യത്തിന്റെ വിശാല ഭൂമികയാണത്. കാണുന്നതൊക്കെ വർണ്ണക്കാഴ്ചകൾ മാത്രം. ജീവിതത്തിൽ ഏറ്റവും ധനികനായ മനുഷ്യൻ ഞാനാണെന്നു പറഞ്ഞ വ്യത്യസ്തനായ ഗോപാലേട്ടൻ കരീലക്കുളങ്ങര സ്വദേശി. ഏകദേശം 60 വയസ്സ് തോന്നിക്കുന്ന ഒരു സാധുമനുഷ്യൻ. 1999 ഏപ്രിൽ മാസത്തിലെ ഒരു വേനൽ പകൽ . അമ്പലപ്പുഴ ഗവൺമെൻറ് മോഡൽ സ്കൂളിൽ നടക്കുന്ന പി എസ് സി ടെസ്റ്റിൽ പങ്കെടുക്കാൻ എത്തിയതാണ് ഞാൻ .

ചുറ്റുവട്ടത്തുള്ള എല്ലാ ലോഡ്ജുകളും ഉദ്യോഗാർത്ഥികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഗവൺമെൻറ് സ്കൂളിനരുകിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നു. പതിയെ ഇവിടെയങ്ങു കൂടാം.

അമ്പലവും, അവിടുത്തെ മനുഷ്യരും ആലസ്യത്തിലാണ്. ഒരു ഗാനമേള ട്രൂപ്പ് അവരുടെ സംഗീതോപകരണങ്ങൾ സ്റ്റേജിനു സമീപം ഇറക്കി വയ്ക്കുന്നു. ദൂരെ നിന്നു വന്ന ഒരു തീർത്ഥാടക സംഘം അമ്പലവും, പരിസരവും കണ്ടു നടക്കുന്നു. അവരുടെ കുഞ്ഞുങ്ങൾ വലിയ ആഹ്ളാദത്തിലാണ്.

ഞാൻ അമ്പലത്തിന്റെ തിരക്ക് കുറഞ്ഞ ഭാഗത്തേക്ക് മാറിയിരുന്നു. യാത്രയുടെ ക്ഷീണം വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്.

‘എവിടുന്നു വരുന്നു ‘ തൊട്ടരികിലിരുന്ന ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളാണ് ചോദിച്ചത്.

‘അല്പം ദൂരം നിന്നാണ് – മാഞ്ഞൂര് ‘ ഞാൻ മറുപടി പറഞ്ഞു.

‘മാഞ്ഞുരോ… ? ‘ അയാൾ ആ സ്ഥല നാമത്തെ പ്പറ്റി ആലോചിക്കുകയാണ്. അദ്ദേഹത്തിൻറെ മനോമുകരത്തിൽ അങ്ങനെയൊരു പേര് കേട്ടിട്ടില്ലാത്തതുപോലെ …

ഞാൻ വിശദമാക്കാൻ തീരുമാനിച്ചു. ‘ഏറ്റുമാനൂരമ്പലത്തിനടുത്തുള്ള സ്ഥലമാണ് … ‘

ഞാൻ വീണ്ടും നിശബ്ദനായിരുന്നു. ചേട്ടൻ വിടുന്ന മട്ടില്ല … “ഏറ്റുമാനൂരമ്പലത്തിലെ ഉത്സവത്തിനു ഞാൻ വന്നിട്ടുണ്ട് …ഏഴരപ്പൊന്നാന അവിടുത്തെ വില്ലുകുളം … ” അദ്ദേഹം ഓർത്തെടുത്തു പറഞ്ഞുകൊണ്ടിരുന്നു.

സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ടീമിൻറെ ചിത്രങ്ങളിൽ കാണുന്ന സാധാരണക്കാരനായ ഗ്രാമീണന്റെ രൂപഭാവമുള്ള ഒരു മനുഷ്യൻ … കണാരേട്ടൻ , കേളുവേട്ടൻ എന്നൊക്കെ വിളിക്കാവുന്ന ഒരു രൂപം.

എന്റെ യാത്രാ ഉദ്ദേശമടക്കമുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്തിനാണ് ഈ അപരിചിതൻ ഇതൊക്കെ ചോദിച്ചറിയുന്നതെന്ന് ചിന്തിക്കാതിരുന്നില്ല…

‘ നീ ഭക്ഷണം കഴിച്ചോ … ഇവിടെ പ്രസാദമൂട്ടുണ്ടായിരുന്നു.’

‘ ഞാൻ ഹോട്ടലിൽ നിന്നും ഊണുകഴിച്ചു .’ രൂപയുടെ കുറവു കൊണ്ട് ഞാൻ ഒന്നും കഴിച്ചിരുന്നില്ല.

എൻറെ ഏകാന്ത ചിന്തകൾക്കിടയിൽ പലപ്പോഴും പല പല ചോദ്യങ്ങളുമായി ഗോപാലേട്ടൻ കടന്നു വന്നു കൊണ്ടിരുന്നു.

വൈകുന്നേരം 5 മണിക്ക് ഒരു ചായ കുടിയ്ക്കാൻ എഴുന്നേറ്റപ്പോൾ ഞാൻ ഗോപാലേട്ടനെയും ക്ഷണിച്ചു. ഒരു മടിയും കൂടാതെ അദ്ദേഹവും കൂടെ വന്നു. ഇത്രയും സമയത്തിനുള്ളിൽ അദ്ദേഹത്തിൻറെ പൂർവ്വാശ്രമ ജീവിതം ഞാനും ചോദിച്ചറിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗോപാലൻ എന്നു പേര്.
കരീലക്കുളങ്ങര സ്വദേശി.
വിവാഹിതൻ. ഭാര്യയും, മൂന്നു മക്കളുമുണ്ട് . ഇപ്പോൾ നാടു വിട്ടിറങ്ങിയിട്ട് 17 വർഷമായിരിക്കുന്നു. ഉത്സവങ്ങൾ കൺനിറയെ കാണുക, ആ തിരക്കിൽ മുങ്ങി നിവർന്നങ്ങനെ എങ്ങോട്ടൊക്കെയോ സഞ്ചരിക്കുക… ഈശ്വരാ ഇങ്ങനെയും മനുഷ്യരോ?.

നന്നേ ചെറുപ്പത്തിൽ  ‘പുറപ്പെട്ടു പോയി ‘ . അതും രണ്ടു തവണ …(പണ്ട് ഞങ്ങളുടെ ഗ്രാമത്തിലും ഇതുപോലെ ‘പുറപ്പെട്ടു’ പോകുന്ന വിദ്വാന്മാരുണ്ടായിരുന്നു.)
‘ രണ്ടു തവണയും വീട്ടുകാർ പിടിച്ചോണ്ടുപോന്നു… വിവാഹം കഴിഞ്ഞ് മൂത്തവന് 20 വയസ്സായപ്പോൾ തോന്നി എങ്ങോട്ടെങ്കിലും പോവണമെന്ന് … എന്റെ വീട്ടുകാരി തങ്കമ്മയുമായി ഒരു വിധത്തിലും ചേർന്ന് പോവില്ലായിരുന്നു. അങ്ങനെ രണ്ടാൺകുഞ്ഞുങ്ങളെയും ഒരു പെൺകുഞ്ഞിനെയും ഉപേക്ഷിച്ചുള്ള യാത്ര ഇന്നും തുടരുന്നു. ‘

ചേട്ടന് ഇങ്ങനെ നടക്കണമെന്നുണ്ടായിരുന്നെങ്കിൽ വിവാഹം കഴിക്കാതെ ആകുമായിരുന്നല്ലോ … വെറുതെ അവരുടെ ജീവിതം … ആശ്രയം ഇതൊക്കെ തകർത്തില്ലെ…

ഞാൻ ചോദിച്ച ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല …പകരം ചായ തണുത്തു പോവും … അതു കുടിക്ക് എന്നു പറഞ്ഞു.

തികച്ചും ഒരു അവധൂതനെപ്പോലെ സഞ്ചരിക്കുന്ന ഒരു മനുഷ്യൻ … ഈ ജീവിത നിയോഗമെന്താവാം . ഞാൻ പലവിധ ചിന്തകളിൽ പെട്ടുപോവുന്നു.

കടയ്ക്കു പുറത്തിറങ്ങിയപ്പോൾ അമ്പലത്തിലെ ഒരു കാഴ്ച കാണാൻ ഗോപാലേട്ടൻ ക്ഷണിച്ചു.

ഞാൻ അദ്ദേഹത്തിനൊപ്പം ഒരു തടികൊണ്ടുള്ള പ്ലാറ്റ്ഫോമിനു മുമ്പിൽ ചെന്നുനിന്നു.

‘ഇതു കണ്ടിട്ടുണ്ടോ … കുഞ്ചൻനമ്പ്യാരുടെ മിഴാവാണ് .. ‘

ഞാൻ അത്ഭുതപ്പെട്ടു നിന്നു .

‘കുഞ്ചൻസ് മിഴാവ് ‘ എന്ന് ഇംഗ്ലീഷിലും, മലയാളത്തിലുമൊക്കെ രേഖപ്പെടുത്തിയിരിക്കുന്നു.

കൂത്ത് നടന്ന വേദിയിൽ ഉറങ്ങിപ്പോയ കുഞ്ചന് ഏറ്റുവാങ്ങേണ്ടിവന്നത് ആളുകളുടെ കളിയാക്കൽ ചിരികളായിരുന്നു. അതുകൊണ്ട് നമുക്ക് കിട്ടിയതോ ‘തുള്ളൽ ‘ എന്നൊരു കലാരൂപം. ആ വലിയ കലാകാരന്റെ വാദ്യോപകരണത്തിൽ ഒന്ന് തൊട്ടു തലോടണമെന്ന് തോന്നി . ഞാൻ ഭയ ഭക്തി ബഹുമാനങ്ങളോടെ പ്ലാറ്റ്ഫോമിൽ കയറിനിന്നു . വലയടിച്ചു വച്ചിരിക്കുന്ന മിഴാവിനു മുകളിൽ കൈകൾ ചേർത്തു വച്ചു. ആ ക്ലാവു പിടിച്ച ഗന്ധത്തിൽ കുഞ്ചൻനമ്പ്യാരുടെ വിരലുകൾ എന്നെ ആശ്ലേഷിച്ചുവെന്ന് ഞാൻ വിശ്വസിച്ചു .

തട്ടിൽ നിന്നിറങ്ങി വന്നപ്പോൾ തുള്ളൽ കഥകളെപ്പറ്റിയായി ഗോപാലേട്ടന്റെ സംസാരം. ‘ ഞാൻ പുള്ളീടെ നാട്ടിലെ അമ്പലത്തിൽ ഉത്സവത്തിന് പോയിട്ടുണ്ട് …,’

‘ കലക്കത്തു ഭവനത്തിനടുത്തോ ‘ ഞാൻ അവിശ്വസിക്കുന്നുവെന്ന് ഒരു തോന്നൽ അദ്ദേഹത്തിനുണ്ടായെന്നു തോന്നുന്നു.

‘മലബാറിലെ തെയ്യക്കാലങ്ങൾ തുടങ്ങിയാൽ ഞാൻ പിന്നെ അവിടെയാണ് …’
കോലത്തുനാട്ടിലെ തെയ്യം … മനുഷ്യൻ ദേവതാരൂപം പൂണ്ടു നിൽക്കുന്ന അമ്മ ദൈവങ്ങൾ … തോറ്റവും , വെള്ളാട്ടവുമൊക്കെ … തുലാമാസം മുതൽ ജൂൺ അവസാനം വരെയുള്ള തെയ്യക്കാലങ്ങളിലേക്ക് ഗോപാലേട്ടൻ സഞ്ചരിച്ചു. വനദേവതകൾ, നാഗകന്യകകൾ, വീരൻമാർ അങ്ങനെയങ്ങനെ…

(തുടരും )