രാധാകൃഷ്ണൻ മാഞ്ഞൂർ

1998 ഏപ്രിൽ കാലത്ത് ബാംഗ്ലൂരിൽ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയാണ് ഞങ്ങൾ . ഇരുപതോളം വരുന്ന യാത്രാസംഘം നന്നേ ക്ഷീണിതരാണ്. വിശാലമായ പാടശേഖരങ്ങൾക്കു നടുവിലൂടെ (ദേശീയപാത ) ഞങ്ങളുടെ വാഹനം കുതിച്ചു പാഞ്ഞു . ഇരുവശവുമുള്ള കർണാടകയുടെയും തമിഴ്നാടിന്റെയും കൃഷിയിടങ്ങൾ .

” കേരള ചെക്പോസ്റ്റ് വാളയാറിലേക്ക് ഇനിയും ദൂരമുണ്ട്. നമുക്ക് ഉറക്കക്ഷീണം മാറാൻ ഒരു ചായ കുടിച്ചിട്ട് യാത്ര തുടരാം . വഴിയിൽ കോഫി സ്റ്റാൾ വല്ലതുമുണ്ടെങ്കിൽ പറയണേ” ഡ്രൈവർ ടോമിച്ചൻ പറയുന്നു.

എല്ലാവർക്കും ആ നിർദ്ദേശം ഇഷ്ടമായി.

രാത്രി മൂന്നു മണി സമയത്ത് നല്ലൊരു തമിഴ് ചായ കുടിക്കാനുള്ള ത്രില്ലിൽ ഞാനിരുന്നു.

ഹൈവേയിൽ വാഹനങ്ങളുടെ വലിയ തിരക്കില്ല .

ഏറെ ദൂരം പിന്നിട്ടപ്പോൾ വഴിയരികിൽ ഒരു കട പ്രത്യക്ഷപ്പെട്ടു. അതെ കരിമ്പന ഓല കൊണ്ട് കെട്ടിയ തനി നാടൻ ചായക്കട.’ റ്റോമിച്ചാ നല്ലൊരു കടയാ. നല്ല ചായ കിട്ടും’ ഞാൻ ഉറപ്പു കൊടുത്തു. കാരണം എൻറെ സങ്കല്പത്തിലെ നാടൻ കട ഇതുതന്നെ. സഹയാത്രികർ പലരും നെറ്റിചുളിച്ചു . കുറച്ചുകൂടി സൗകര്യമുള്ള ഒരു കോഫിസ്റ്റാൾ ആയിരുന്നു നല്ലതെന്ന് പലരും പറഞ്ഞു.

 

വലിയൊരു വാളൻപുളിയുടെ സമീപത്തെ നാലുകാൽ നാട്ടിയ ചായക്കട. ചെമ്പു പാത്രത്തിൽ വെള്ളം തിളയ്ക്കുന്നുണ്ട്. കയറു കെട്ടിയ കട്ടിലിൽ കരിമ്പടത്തിനുള്ളിൽ ചായക്കട മുതലാളി ഉറങ്ങുന്നുണ്ട്. ഞങ്ങളുടെ വാഹനത്തിൻറെ വെട്ടമടിച്ചപ്പോൾ അവിടെ കിടന്നുറങ്ങിയ പട്ടി എഴുന്നേറ്റ് കുരച്ചു . അതുകേട്ട് കട്ടിലിൽ നിന്നും അവൻറെ യജമാനൻ എഴുന്നേറ്റു . തികച്ചും സിനിമാറ്റിക് ആയ അന്തരീക്ഷം. നമ്മുടെ നാട്ടിലെ പഴയ ‘ പൊതുജന സഹായം ‘ ചായക്കട പോലെ ….

വണ്ടിക്കുള്ളിലെ ഇരുപതോളം വരുന്ന യാത്രികർ ഇറങ്ങി വരുന്നത് കണ്ട് ചായക്കടക്കാരന് സന്തോഷമായി. പക്ഷേ ആ ചായത്തട്ടിൽ ആറു ഗ്ലാസ്സിൽ കൂടുതൽ ഇല്ല . അൽപ്പം സമയമെടുക്കും ചായ കിട്ടുമ്പോൾ …. ഞാൻ മനസ്സിൽ വിചാരിച്ചു.

വലിയ ചരക്കു വണ്ടികൾ ചൂടുകാറ്റ് സമ്മാനിച്ച് ഞങ്ങളെ കടന്നു പോവുന്നുണ്ട് . കരിമ്പന ഓലകൊണ്ട് മറച്ച കടയുടെ ഭിത്തിയിൽ നടികർ തിലകം ശിവാജി ഗണേശന്റെ ഒരു തമിഴ് പോസ്റ്റർ . അതു മുഴുവൻ കരിയും പുകയുമേറ്റ് വികൃതമായിരിക്കുന്നു. ശിവാജിയുടെ തീക്ഷ്ണതയുള്ള കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നുണ്ട്. ഇത്രയും പഴക്കമുള്ള സിനിമാ പോസ്റ്റർ കളയാതിരിക്കുന്നത് എന്തുകൊണ്ടാവാം ….? ഒരുപക്ഷേ ഈ മനുഷ്യൻറെ ഇഷ്ടതാരമാവും ശിവാജി …. കൗതുകത്തോടെ ഞാൻ തന്നെ ഉത്തരവും കണ്ടെത്തി.
കൊടും തമിഴിൽ ടോമിച്ചനോട് അയാൾ എന്തൊക്കെയോ പറയുന്നുണ്ട് .
ഡ്രൈവർ ടോമിച്ചൻ ദ്വിഭാഷിയായി “അയാൾ പറയുന്നത് ഇവിടെ ആറു ഗ്ലാസ്സേയുള്ളൂ ….ചായ ഞാൻ തരാം . അല്പം സാവകാശം തന്നാൽ മതി എന്നാണ് ”

എല്ലാവരും സമ്മതിച്ചു.

രംഗരാജനെന്ന ചായക്കട മുതലാളി കടയുടെ പുറകിലേക്ക് പോയി. അയാൾക്ക് എസ്കോർട്ടായി കറുത്ത പട്ടിയും പുറകെ . കടയുടെ പുറകിൽ അലക്ഷ്യമായി ഇട്ടിരുന്ന ഒരു ആടുന്ന ബഞ്ച് മുറ്റത്തേക്കിട്ടു. ബഞ്ചിൽ വനിതാരത്നങ്ങൾ ഇരുന്നു. ബാക്കിവരുന്ന പുരുഷ പ്രജകൾ കടയുടെ പരിസരത്ത് നിന്നു .

ഞാനാവട്ടെ ഈ രാത്രികാല ദൃശ്യങ്ങളെ ശരിക്കും ആസ്വദിക്കുകയായിരുന്നു .

ഒന്നാലോചിച്ചു നോക്കൂ … ഈ കൊടും പാതിരയിൽ വെട്ടിത്തിളക്കുന്ന ചൂടുവെള്ളവും , പാൽപ്പാത്രവുമായി ഒരുവൻ … അയാൾ വളർത്തുന്ന കറുത്ത നായ… നൂറ്റാണ്ടുകൾ പഴക്കം തോന്നിക്കുന്ന തടിയൻ പുളിമരം … വല്ലാതെ പുരാതനത്വം ഫീൽ ചെയ്യുന്നു.

ഓരോ ചായയും അയാൾ വളരെ ആസ്വദിച്ചാണ് എടുക്കുന്നത്. ആ പ്രവർത്തിയിൽ ഒരു സംഗീതം അനുഭവിക്കുന്നുണ്ട് … തീർച്ച. മുനിഞ്ഞു കത്തുന്ന റാന്തൽ വെട്ടത്തിൽ രംഗരാജനെന്ന വ്യക്തിയെ, അയാളുടെ ചലനങ്ങളെ കൃത്യമായി വീക്ഷിച്ചു.

ഓരോരുത്തരും ചായ കുടിക്കുമ്പോഴും അവരുടെ മുഖത്തേക്ക് അയാൾ നോക്കുന്നുണ്ട്. ചായയുടെ കടുപ്പവും, രുചിയുമൊക്കെ ഈ യാത്രികർക്ക് ബോധിക്കുന്നുണ്ടോ എന്നുള്ളതായിരുന്നു ചിന്ത. പതിനാലാമത്തെ ഊഴത്തിലാണ് എനിക്കുള്ള ചായ കിട്ടിയത്. ഗ്ലാസിന്റെ പകുതി വരെയുള്ള ചായ . ‘അരച്ചായ ‘ എന്ന് മലയാളി പറയും. ഏലയ്ക്കായും എരുമപ്പാലും ചേർന്ന യഥാർത്ഥ കടുപ്പമുള്ള ചായ . കുറച്ച് പാലും, തേയിലയും , പഞ്ചസാരയുമൊന്നും ഗ്ലാസിലേക്ക് കമിഴ്ത്തിയാൽ ചായ ആവില്ലന്ന് എനിയ്ക്കന്ന് മനസ്സിലായി. ജീവിതത്തിൽ ഇത്രയും ആസ്വദിച്ചു കഴിച്ച ചായ ഇല്ല . ചായയുടെ രസതന്ത്ര വഴികൾ …അതിൻറെ ചരിത്രമൊക്കെ ഒരു നിമിഷം മനസ്സിലോർത്തു. രുചി കൊണ്ട് പലരും രണ്ടു തവണ കൂടി ചായ വാങ്ങി കുടിച്ചു. അറിയാവുന്ന തമിഴിലും മലയാളത്തിലുമായ് അയാളോട് സംസാരിച്ചു.

രംഗരാജന് അറുപത്തിയെട്ടു വയസ്സുണ്ട് . ഹൈവേയ്ക്ക് വീതി കൂട്ടിയപ്പോൾ അയാളുടെ വീടും സ്ഥലവുമൊക്കെ പോയെന്നും ഈ പാടശേഖരത്തിനപ്പുറത്ത് അയാൾക്കൊരു വീടുണ്ടെന്നും പറഞ്ഞു. ഒരു മകനുണ്ട് . അവൻ മഹാരാഷ്ട്രയിൽ ഒരു തുണിമില്ലിലാണെന്നുമൊക്കെ അയാൾ പറയുന്നു …

ഈ അറുപത്തിയെട്ടാം വയസ്സിലും ജോലിചെയ്യുന്ന ആ മനസ്സിനെ അഭിനന്ദിക്കാതെ വയ്യ.

രാത്രി കച്ചവടം കുറവാണെന്നും പതിയെ ഈ ബിസിനസ് നിർത്തുകയാണെന്നുമൊക്കെ ആരോടെന്നില്ലാതെ പറയുന്നു ….

അയാൾക്കുള്ള രൂപ കൊടുത്ത് ഞങ്ങൾ വണ്ടിയിൽ കയറി.

ഞാൻ തിരിഞ്ഞു നോക്കി.

അയാൾ ഗ്ലാസുകൾ കഴുകി വൃത്തിയാക്കുകയാണ്.

അയാളുടെ വളർത്തുനായ മാത്രം ഞങ്ങൾ കടന്നു പോവുന്നതു നോക്കി നിസ്സംഗതയോടെ നിന്നു ….

 

മൂകാംബിക ക്ഷേത്രത്തിന്റെ ”സൗപർണിക ‘ യിൽ കുളിക്കാൻ വെളുപ്പിന് തയ്യാറെടുത്തു നിൽക്കുകയാണ്. 2017 – ലെ ആ യാത്രയിൽ പ്രശസ്ത യൂട്യൂബ് ബ്ലോഗർ അരുൺ എസ് അഘോരിയും , അനിൽ തോപ്പിലും എന്നോടൊപ്പമുണ്ട്. പുലർകാലത്തെ മഞ്ഞിന്റെ സ്നേഹസ്പർശമേറ്റ് ‘കുന്ദാപുരക്കാരൻ ‘ ഗോവിന്ദയുടെ തനി കർണാടക സ്റ്റൈൽ ചായ ഇന്നും മനസ്സിലുണ്ട് .കടുപ്പത്തിന്റെ കാര്യത്തിൽ അൽപം ശരിയാകാനുണ്ടെന്നുമാത്രം. കുടജാദ്രി മലകയറി ശങ്കരാചാര്യരുടെ ഗുഹയിൽ ഒരു രാത്രി തങ്ങി പിറ്റേ ദിവസം ഞങ്ങൾ മലയിറങ്ങി. അംബാ വനത്തിനു നടുവിലെ പ്രശസ്തമായ തങ്കപ്പൻ നായരുടെ ചായക്കട…അവിടുത്തെ ഊണും വൈകുന്നേരത്തെ കട്ടൻചായയും മറക്കില്ല …. പ്രത്യേകിച്ച് കോഴിക്കോടൻ രീതിയിലുള്ള സുലൈമാനി . കാട്ടുപോത്തും കുരങ്ങും താവളമുറപ്പിച്ച കൊടും വനത്തിൽ പുറത്തെ കാഴ്ചകൾ കണ്ട് പതിയെ ഊതിയൂതി കുടിച്ച ‘നാരങ്ങ ചായ ‘ യെ എങ്ങനെ മറക്കും …?

(തുടരും )