രാധാകൃഷ്ണൻ മാഞ്ഞൂർ

പഴയ തൂലികാ സൗഹൃദത്തിന്റെ ഓർമ്മത്താളുകളിൽ നിന്നും ‘ റൗഫ് മാറഞ്ചേരി ‘ എന്ന സ്വതന്ത്ര പത്ര പ്രവർത്തക സുഹൃത്തിനെപ്പറ്റി ഇവിടെ എഴുതാതെ വയ്യ. അയാൾ ചില വാരാന്ത്യങ്ങളിൽ ഗുരു നിത്യചൈതന്യ യതിയുടെ ‘ഫേൺ ഹില്ലി’ലെ ആശ്രമത്തിൽ പോവും. യതിയുടെ സ്നേഹസംവാദ സദസ്സിൽ പങ്കെടുക്കുന്ന ചില രാത്രികളിൽ അയാളും , ചങ്ങാതികളും പാതിരാത്രിയിൽ ആശ്രമത്തിനു വെളിയിലെ കാപ്പി കടയിൽ നിന്നും കുടിച്ച കട്ടൻചായയെപ്പറ്റിയും, മുളകുബജിയുടെ രുചിയെപ്പറ്റിയുമൊക്കെ എനിക്കെഴുതുമായിരുന്നു.

ഗുരു നിത്യയുടെ മരണത്തിനുശേഷം ഫേൺ ഹില്ലിലേക്ക് പോയിട്ടില്ല. ഒരിക്കൽ മാധവിക്കുട്ടിയെ ഇൻറർവ്യൂ ചെയ്തതിന്റെ കോപ്പി (മാധ്യമം സൺഡെ സപ്ലിമെൻറ് )എനിക്കയച്ചു തന്നിരുന്നു. ഫ്രീലാൻസറായി എങ്ങോട്ടൊക്കെയോ ഉള്ള സഞ്ചാരത്തിലാവും അയാൾ. ചായയുടെ ഊർജ്ജ പ്രവാഹങ്ങളെ പലപ്പോഴും വാക്കുകളിലൂടെ എനിയ്ക്കെഴുതി സമ്മാനിച്ച പ്രിയപ്പെട്ട ആ ചായ പ്രേമിക്ക് നല്ല നമസ്കാരം.

Cup of Tea വായിച്ചിട്ട് കൊല്ലത്തുനിന്ന് ‘ സൺഡെ സമരേഖ’ യുടെ സ്ഥിരം വായനക്കാരനും കവിയുമായ ശ്രീ ജോബി ജോസഫ് , വയനാട് പനമരത്തു നിന്ന് സി .ആർ . ബഞ്ചമിൻ എന്നിവർ വിളിച്ചു. ബെഞ്ചമിൻ ഓഷോയുടെ A Cup of Tea എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തെപ്പറ്റിയും, വിദേശങ്ങളിലെ ചായ കൂട്ടായ്മകളെപ്പറ്റിയുമാണ് സംസാരിച്ചത്. ഒരിക്കൽ ജോലിയുടെ ഭാഗമായി കൽക്കട്ട സന്ദർശിച്ചതും ഹൗറ പാലത്തിലെ തിരക്കുകൾ കണ്ട് ഒരു കോഫി ഹൗസിനുള്ളിലിരുന്ന് കാപ്പി കുടിച്ചതുമാണ് അയാൾ പങ്കിട്ട വിശേഷങ്ങൾ . ബഞ്ചമിൻ എന്ന വായനക്കാരാ നന്ദി … നന്ദി …

വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ പങ്കുവെച്ച് എന്നെ അത്ഭുതപ്പെടുത്തിയത് ശ്രീ ജോബി ജോസഫാണ് . കവിത തുടിക്കുന്ന നിരീക്ഷണങ്ങൾ ഇങ്ങനെയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിശപ്പിനും, ദാഹത്തിനുമിടയിൽ സ്നേഹത്തിൻറെ ഒരു രുചിയിലേക്ക് മനുഷ്യനെ സ്വാഗതം ചെയ്യുന്ന നമ്മുടെയൊരു ആത്മ മിത്രത്തിന്റെ പേരാണ് ഒരു കപ്പ് ചായ . താവോയും , സെന്നും ചായയുടെ രുചിഭേദങ്ങൾ കണ്ടറിഞ്ഞ ചിന്തകളിൽ നിന്നാണ് രൂപപ്പെട്ടത്… ഒരു മനുഷ്യൻറെ ആത്മകഥ ഒരു ചായയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരുവൻ തന്നോടുതന്നെ ആഴത്തിൽ മിണ്ടിപ്പറയുന്നതിന് മേമ്പൊടിയായ് ഒരു കപ്പു ചായ മേശപ്പുറത്ത് വിശ്രമിക്കുന്നുണ്ടാവും. സർഗ്ഗാത്മകമായ അയാളുടെ ആലോചനകളെ ആഴത്തിലറിയാൻ മറ്റേത് പാനീയത്തിനാണ് കഴിയുന്നത്…?

ക്ഷണിച്ചും , ക്ഷണിക്കാതെയും ജീവിതത്തിൻറെ ആത്മസ്ഥലികളിൽ എന്നും കൂടെ പോരുന്ന സഹയാത്രികൻ … എല്ലാ അടുപ്പത്തിന്റെയും സൂചകം. രണ്ടു വ്യക്തികളുടെ ആഴത്തിലുള്ള ഹൃദയം തുറക്കലുകൾക്കിടയിൽ ഒരു ചായക്കപ്പു അനിവാര്യതയാവുന്നു. കാരണം ജീവിതത്തിലേക്കുള്ള ക്ഷണക്കത്താണത്. പ്രണയത്തിനും , വിപ്ലവത്തിനും, മരണത്തിനും , ജനനത്തിനും , വിവാഹത്തിനും , വിശ്രമത്തിനും നമുക്കു ചായ ഇല്ലാതെ പറ്റില്ല … ആയതിനാൽ ഒരു ചായയുടെ , മധുരത്തിന്റെ , ജീവിതമെന്ന മഹാരുചിയുടെ ഒരു കഥയുണ്ട് … അതുകൊണ്ട് ചായ ഒരു വെറും വാക്കല്ല …

ഉപരേഖ

‘സൺഡേ സമരേഖ ‘ A cup of Tea ഒന്നാം ഭാഗം വായിച്ച് പ്രതികരിച്ച C.R. ബഞ്ചമിൻ, ജോബി ജോസഫ് , സഹൃദയരായ മറ്റു വായനക്കാർക്കും നന്ദി …നന്ദി …

നിങ്ങളുടെ സത്യസന്ധമായ ഈ തുറന്നുപറച്ചിലുകളാണ് എൻറെ നിമിഷങ്ങളെ ധന്യമാക്കുന്നത്. ദൂരെയിരുന്നു കൊണ്ട് നേർത്ത പരിചയം പോലുമില്ലാത്ത ഒരാൾ എഴുത്തുകാരന്റെ സന്തോഷങ്ങളെ , സങ്കടങ്ങളെ ,ആശയങ്ങളെ അറിയാൻ ശ്രമിക്കുന്നു , വിലപ്പെട്ട വിവരങ്ങൾ ഫോണിൽ പങ്കുവയ്ക്കുന്നു , ഇൻബോക്സിൽ എഴുതാൻ ശ്രമിക്കുന്നു…

ഇതൊന്നുമില്ലെങ്കിൽ എനിയ്ക്കും എന്റെ എഴുത്തിനും എന്തർത്ഥം …. പ്രിയ വായനക്കാരെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു …. മലയാളമെന്ന മഹാ ഭാഷയ്ക്ക് മുന്നിൽ ഞാൻ നമസ്കരിക്കുന്നു.