ബെംഗളൂരു: ഐ ടി നഗരമായ ബെംഗളൂരുവില്‍ ബി എയ്ക്ക് പഠിക്കുന്ന മകന്റെ സന്ദേശം കണ്ട് മലയാളികളായ അച്ഛനും അമ്മയും ഞെട്ടി. തന്നെ ആരോ തട്ടിക്കൊണ്ടുപോയി എന്നും ക്രൂരമായി ഉപദ്രവിച്ചു എന്നുമായിരുന്നു ആ സന്ദേശം. കൊല്ലം സ്വദേശിയായ ബില്‍ഡര്‍ സുനില്‍ ആന്റണിക്കും സിവില്‍ എഞ്ചിനീയറായ ഭാര്യയ്ക്കുമാണ് കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റ് ഉപയോഗിച്ച് മകന്‍ അയച്ച സന്ദേശം കിട്ടിയത്. നഗരത്തിലെ പ്രശസ്തമായ ഒരു കോളജില്‍ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കള്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിക്കുകയാണ് 20 കാരനായ ജോണ്‍ ആന്റണി. ജനുവരി 19ന് രാവിലെ എസ് ജി പാളയയിലുള്ള ഫ്‌ലാറ്റില്‍ നിന്നും കോളേജിലേക്ക് പോകാനിറങ്ങിയതായിരുന്നു ജോണ്‍. വഴിയില്‍ വെച്ച് സില്‍വര്‍ നിറമുള്ള വാനില്‍ എത്തിയ ആളുകള്‍ തന്നെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ജോണ്‍ വീട്ടിലേക്ക് അയച്ച സന്ദേശം. എന്നാല്‍ സത്യത്തില്‍ എന്താണ് സംഭവിച്ചത്….
ജോണിന് പരീക്ഷ തുടങ്ങുന്ന ദിവസമാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. അറ്റന്‍ഡന്‍സ് കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ പറ്റില്ല എന്നറിഞ്ഞ ജോണ്‍ കളിച്ച നാടകമായിരുന്നു ഈ തട്ടിക്കൊണ്ടുപോകല്‍ എപ്പിസോഡ്. കൊല്ലത്ത് താമസിക്കുന്ന അച്ഛനും അമ്മയും വിവരം അറിഞ്ഞ് ബെംഗളൂരുവിലേക്ക് ഓടിയെത്തി. ജനുവരി 21ന് സൗത്ത് ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തി മകനെ കാണാനില്ല എന്ന് പറഞ്ഞ് ഇവര്‍ പരാതിയും നല്‍കി.
ജോണിനെ കാണാനില്ല എന്ന വാര്‍ത്ത വേഗത്തിലാണ് പ്രചരിച്ചത്. ജോണിനെ കണ്ടവരുണ്ടോ എന്ന സന്ദേശം ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ആളുകള്‍ ഷെയര്‍ ചെയ്തു. ഇത് കണ്ട് പലരും പരിഭ്രാന്തരായി വീട്ടുകാരെ ബന്ധപ്പെട്ടു. താന്‍ അജ്ഞാതരായ ആളുകളുടെ കസ്റ്റഡിയിലാണ് എന്നും ഒരു വലിയ തുക കൊടുത്താലേ തന്നെ മോചിപ്പിക്കൂ എന്നും ജോണ്‍ അമ്മയ്ക്ക് അയച്ച സന്ദശത്തില്‍ പറഞ്ഞു. തനിക്ക് ഭക്ഷണമൊന്നും കിട്ടുന്നില്ല എന്നും സന്ദേശത്തിലുണ്ടായിരുന്നു.
ജോണ്‍ തന്നെ അയച്ച ഈ സന്ദേശങ്ങള്‍ വായിച്ച് പോലീസിന് സംശയം തോന്നിയിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധം കാരണം കേസ് രജിസ്റ്റര്‍ ചെയ്ത് ജോണിന് വേണ്ടി അന്വേഷണം തുടങ്ങി. കൂട്ടുകാരന്റെ ലാപ്‌ടോപില്‍ നിന്നാണ് ജോണ്‍ അമ്മയ്ക്ക് മെസേജ് അയച്ചത് എന്ന് പോലീസ് കണ്ടെത്തി. കുറേ നാളുകളായി ഇയാള്‍ ജോലിക്ക് വേണ്ടി പലയിടത്തും അന്വേഷിക്കുകയായിരുന്നത്രെ.
ജോണിന്റെ അക്കൗണ്ടിലേക്ക് വീട്ടുകാരെക്കൊണ്ട് പോലീസ് പണം ഡിപ്പോസിറ്റ് ചെയ്യിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ ജോണ്‍ എ ടി എമ്മില്‍ പോയി പണം എടുക്കുകയും ചെയ്തു. മധുരയിലെ ഒരു എ ടി എം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിക്കപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥരെയും മാതാപിതാക്കളെയും കണ്ട് ഞെട്ടിയെങ്കിലും ജോണ്‍ നാടകം നിര്‍ത്തിയില്ല. തട്ടിക്കൊണ്ടുപോയവര്‍ തന്നെ മോചിപ്പിച്ചു എന്നായിരുന്നു ജോണ്‍ ഇവരോട് പറഞ്ഞത്. പക്ഷേ അക്രമികളുടെ അടയാളങ്ങളൊന്നും ജോണിന് ഓര്‍മയില്ല എന്ന് മാത്രം. തിരിച്ചുകിട്ടിയ മകനെയും കൂട്ടി ജോണിന്റെ അച്ഛനമ്മമാര്‍ നാട്ടിലേക്ക് പോയി. കേസ് കോടതിയിലാണ്.