ന്യൂസ് ഡെസ്ക്, മലയാളം യുകെ
പന്നികൾക്ക് നേരെയുള്ള അത്രിക്രമങ്ങളുടെ രഹസ്യ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ലിങ്കൺഷെയറിലെ സോമർബി ടോപ്പ് ഫാമിൽ നിന്നുള്ള വിതരണം നിർത്തിവച്ച് യുകെയിലെ ഏറ്റവും വലിയ മൂന്ന് സൂപ്പർമാർക്കറ്റുകളായ ടെസ്‌കോ, ആസ്ഡ, സെയിൻസ്ബറീസ്. 2024 മെയ് മുതൽ 2025 ജനുവരി വരെ ആനിമൽ ജസ്റ്റിസ് പ്രോജക്ട് (എജെപി) പകർത്തിയ ദൃശ്യങ്ങളിൽ തൊഴിലാളികൾ പന്നിക്കുട്ടികളെ ചവിട്ടുന്നതും, പലകകളും പാഡുകളും ഉപയോഗിച്ച് അടിക്കുന്നതും, ഗുരുതരമായ പരിക്കുകൾ അവഗണിക്കുന്നതും കാണിക്കുന്നു.
തുറന്ന മുറിവുകൾ ഉള്ള പന്നികളെ വൃത്തികെട്ട തൊഴുത്തുകളിൽ സൂക്ഷിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഫാമിലെ നിർബന്ധിത ക്ഷേമ പരിശോധനകൾ പലപ്പോഴും തിരക്കിട്ട് നടത്തുകയായിരുന്നുവെന്നും 90 സെക്കൻഡിനുള്ളിൽ 1,000 പന്നികളെ പരിശോധിച്ച സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും എജെപി പറഞ്ഞു. യുകെയിലെ ഏറ്റവും വലിയ പന്നിയിറച്ചി വിതരണക്കാരായ ക്രാൻസ്വിക്ക് 2023 അവസാനത്തോടെയാണ് ഈ ഫാം വാങ്ങിയത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ റെഡ് ട്രാക്ടർ ഫാമിന്റെ സർട്ടിഫിക്കേഷൻ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
ഈ മാസം ആണ് ഫാമിൻെറ വിഡിയോകൾ പുറത്ത് വന്നത്. എന്നാൽ ഈ റിപ്പോർട്ടുകൾ വളരെ വൈകിയാണ് ആക്ടിവിസ്റ്റുകൾ പുറത്ത് വിട്ടതെന്ന് വിമർശനകളും പൊങ്ങി വരുന്നുണ്ട്. അതേസമയം പുറത്ത് വന്ന വീഡിയോ തീർത്തും അപ്രതീക്ഷിതമായാണ് തങ്ങളിലേയ്ക്ക് എത്തിയതെന്ന് ക്രാൻസ്വിക്ക് കമ്പനി പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട തൊഴിലാളികളെ നീക്കം ചെയ്തതായും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം തങ്ങളുടെ മറ്റൊരു ഫാമിലും സമാനമായ സംഭവം ഉണ്ടായതിന് പിന്നാലെ എല്ലാ ഇൻഡോർ പന്നി ഫാമുകളിലും സിസിടിവി ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുതിയ വെൽഫെയർ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും ജീവനക്കാരെ വീണ്ടും പരിശീലിപ്പിച്ചിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.
Leave a Reply