കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാനുള്ള സമയപരിധി നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതു വരെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തേടി ഉചിതമായ വേദികളെ സമീപിക്കാമെന്നും എന്നാൽ പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റു സംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലമായെന്നും സുപ്രീം കോടതി വിലയിരുത്തി.
തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഹോളിഫെയ്ത്ത്, ആല്‍ഫ വെഞ്ചേഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ കോറല്‍കോവ്, ഹോളിഡെ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരുമാസത്തിനകം പൊളിച്ചു നീക്കണമെന്ന് മെയ് എട്ടിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നേരത്തെ ഹൈക്കോടതിയില്‍ നിന്ന് ഫ്‌ളാറ്റ് ഉടമകള്‍ക്ക് അനുകൂലമായ വിധി ലഭിച്ചിരുന്നെങ്കിലും ഇതിനെതിരെ തീരദേശ പരിപാലന അതോറിറ്റി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന് പരമോന്നത നീതി പീഠം ഉത്തരവിട്ടത്. മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയിരുന്ന കാലത്ത് അനധികൃതമായി അനുമതികൾ സമ്പാദിച്ചാണ് ഫ്ലാറ്റുകൾ നിർമ്മിച്ചത്. ഒരു കോടി രൂപ വരെയാണ് ഫ്ലാറ്റിന്റെ ശരാശരി വില.
Leave a Reply