ഒരു വിഡിയോയിലൂടെ എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറി ഈ യുവതി. ആരാണ് ഇവർ? എന്താണെങ്കിലും അവരുടെ ഈ ഓട്ടം നൻമയുള്ള ഒരു മനസ് ഉള്ളത് െകാണ്ടാണ്. ഇന്നലെ സമൂഹമാധ്യമങ്ങളിൽ എത്തിയ വിഡിയോ ഇപ്പോൾ എല്ലാ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും വൈറലാണ്. അന്വേഷിച്ചും അഭിനന്ദിച്ചും വിളിക്കുന്നവരുടെ തിരക്കിലേക്കാണ് ഞങ്ങളുടെ ഫോണും എത്തുന്നത്. എല്ലാവർക്കും പ്രിയമുള്ളവളായല്ലോ എന്ന ചോദ്യത്തിന് ചിരിയോടെ തന്റെ പേരായിരുന്നു അവരുടെ മറുപടി. ‘സുപ്രിയ.’
തിരുവല്ല ജോളി സിൽക്സിലെ സെയിൽസ് ഗേളാണ് സുപ്രിയ. പതിവുപോലെ ജോലി കഴിഞ്ഞ് കടയുടെ പുറത്ത് ഭർത്താവിനെ കാത്തുനിൽക്കുമ്പോഴാണ് അവരുടെ കൺമുന്നിലേക്ക് ആ കാഴ്ച എത്തുന്നത്. വാഹനങ്ങൾ പായുന്ന റോഡിന്റെ നടുക്ക് കൂടി ഒരു വൃദ്ധൻ നടക്കുന്നു. കയ്യിൽ ഒരു വടിയുണ്ട്. കാഴ്ചയില്ലെന്ന് വ്യക്തം. വാഹനങ്ങൾ അയാളെ തൊട്ടുതൊട്ടില്ല എന്ന തരത്തിൽ കടന്നുപോകുന്നു. മറ്റാരും അയാളെ കൈപിടിക്കാനും തയാറാകുന്നില്ല. സുപ്രിയ പിന്നെ ഒന്നും ചിന്തിച്ചില്ല. റോഡിന്റെ നടുവിൽ നിന്ന ആ മനുഷ്യനെ കൈപിടിച്ച് ഇപ്പുറത്ത് എത്തിച്ചു.
‘അച്ഛാ.. അച്ഛന് എവിടാണ് പോകേണ്ടത്.. കുറച്ച് സമയം നിൽക്ക്. എന്റെ ഭർത്താവ് ഇപ്പോൾ വരും അച്ഛനെ കെഎസ്ആർടിസി സ്റ്റാൻഡിലാക്കാം.’ അച്ഛന്റെ പ്രായമുള്ള മനുഷ്യന്റെ കൈപിടിച്ച്, അദ്ദേഹത്തെ അച്ഛാ എന്നുതന്നെ സ്നേഹത്തോടെ വിളിച്ച് സുപ്രിയ പറഞ്ഞു.
അപ്പോഴാണ് അവിടേക്ക് ഒരു കെഎസ്ആർടിസി ബസ് എത്തുന്നത്. സുപ്രിയയുടെ നോട്ടം കണ്ട ഡ്രൈവർ കുറച്ച് മുന്നോട്ട് പോയ ശേഷം ബസ് നിർത്തി. ‘അച്ഛൻ ഇവിടെ നിൽക്ക്.. ഞാനൊന്നു പോയി ചോദിച്ചിട്ടുവരാം..’ എന്ന് ആ വൃദ്ധനോട് പറഞ്ഞശേഷം സുപ്രിയ ബസിന് പിന്നാലെ ഓടി. കണ്ടക്ടറോട് ബസ് വിടരുത്. അദ്ദേഹത്തിന് കാഴ്ചയില്ല.. ഒന്ന് കാത്തുനിൽക്കൂ എന്ന് അപേക്ഷിച്ച ശേഷം തിരികെയോടി.
പിന്നീട് അദ്ദേഹത്തിന്റെ കൈപിടിച്ച് ബസിന്റെ അടുത്തെത്തിച്ചു. ക്ഷമയോടെ കാത്തിരുന്ന ബസ് ജീവനക്കാർ ഡോർ തുറന്നു, അദ്ദേഹത്തെ കൈപിടിച്ച് അകത്തുകയറ്റി. ബസ് മുന്നോട്ട് ചലിച്ചപ്പോൾ സുപ്രിയ പിന്നോട്ട് നടന്നു. ഭർത്താവ് അനൂപിനെയും കാത്ത്.
ഇതെല്ലാം സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന ചെറുപ്പക്കാർ മൊബൈൽ ക്യാമറയിൽ പകർത്തുന്നത് സുപ്രിയ അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ആ ചെറുപ്പക്കാരോട് പോയി നന്ദി പറഞ്ഞെന്നും സുപ്രിയ പറഞ്ഞു. തകഴിയിലാണ് സുപ്രിയയുടെ വീട്. വിവാഹം ശേഷം ഇപ്പോൾ തിരുവല്ലയിൽ താമസിക്കുന്നു. കഴിഞ്ഞ മൂന്നുവർഷമായി ജോളി സിൽക്ക്സിലെ ജീവനക്കാരിയാണ്.
Leave a Reply