കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയാൻ തുടങ്ങുന്നതായി സൂചന. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം കണ്ടാൽ മുഖ്യമന്ത്രിസ്ഥാനം കൈപ്പിടിയിൽ ഒതുക്കാനുള്ള തയ്യാറെടുപ്പാണ് ഈ മാറിമറിയലിന് പിന്നില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കരുക്കൾ നീക്കി തുടങ്ങുന്നത്. ഇവർ തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യത്തിന്റെ പ്രതിഫലനമാണ് പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള നിലപാടിലും കണ്ടതെന്നാണ് കരുതപ്പെടുന്നത്.

മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കാൻ തുടങ്ങുന്നു എന്ന സൂചനകൾ ലഭിച്ചതോടെയാണ് എ ഗ്രൂപ്പിൽ മാറ്റങ്ങൾക്ക് തുടക്കമായത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹനാനും, ടി.എൻ പ്രതാപനും മുല്ലപ്പളി പക്ഷത്തേക്ക് ചുവടുമാറ്റം നടത്താൻ ഒരുങ്ങുകയാണെന്നും സൂചനകളുണ്ട്. പാർട്ടിയിൽ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നതെന്നാണ് വിവരം.മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിക്കൊണ്ട് കോൺഗ്രസിന്റെ കേരള ഘടകത്തിൽ ശക്തമായ അടിത്തറ സൃഷ്ടിക്കാനാണ് മുല്ലപ്പള്ളിയുടെ ശ്രമം.

അതേസമയം കോൺഗ്രസ് താത്കാലിക അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ചകൾ നടത്തിയാണ് രമേശ് ചെന്നിത്തല നീക്കങ്ങൾ നടത്തുന്നത്. മുല്ലപ്പള്ളിയുടെ ചുവടുവയ്പ്പുകളെ ഉമ്മൻ ചാണ്ടിയും ജാഗ്രതയോടെയാണ്‌ വീക്ഷിക്കുന്നത്. ഭരണപക്ഷവുമായി ചേർന്ന് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷം സമരം ചെയ്തതിനെ എതിർത്ത മുല്ലപ്പള്ളിയുടെ നിലപാടിനെ ഉമ്മൻ ചാണ്ടി തള്ളിയത് ഈ കാരണം കൊണ്ടാണെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം പാർട്ടിയിലെ ജനപ്രതിനിധികൾ തന്നെ പാർട്ടി ഭാരവാഹികളായി തുടരുന്നത് കോൺഗ്രസിന് തലവേദനയായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടി നേതൃസ്ഥാനങ്ങളിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ ഇത് ഗ്രൂപ്പ് പോരിന് വഴിവക്കുമെന്ന് കണ്ട് കോൺഗ്രസ് നേതൃത്വം മടിച്ചു നിൽക്കുകയാണ്. ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടും ടി.എം. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, ബെന്നി ബഹനാൻ എന്നിവർ ഇപ്പോഴും പാർട്ടി ഭാരവാഹികളാണ്. ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടും ടി.ജെ. വിനോദും എറണാകുളം ഡി.സി.സി. അദ്ധ്യക്ഷ സ്‌ഥാനത്തുണ്ട്.