മുൻ ഇടത് എം.പി.യും നടനുമായിരുന്ന ഇന്നസെന്റിനൊപ്പമുള്ള ചിത്രവുമായി എൻ.ഡി.എ. സ്ഥാനാർഥി സുരേഷ്ഗോപിയുടെ പ്രചാരണ ബോര്‍ഡ്. സംഭവത്തില്‍ എല്‍.ഡി.എഫ്. ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കളക്ടർക്ക് പരാതി നൽകി. ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. ബസ്സ്‌ സ്‌റ്റാന്റ് എ.കെ.പി. റോഡിനടുത്ത് സ്ഥാപിച്ച ബോർഡുകൾ വിവാദമായതോടെ എൻ.ഡി.എ.നേതൃത്വം ഇടപെട്ട് നീക്കംചെയ്യിച്ചു.

ഒരുമാസംമുമ്പ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സുനില്‍കുമാറിന്റെ ഇന്നസെന്റിനൊപ്പമുള്ള ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നു. പിന്നീടാണ് തൊട്ടപ്പുറത്ത് അതിലും വലുപ്പത്തില്‍ ഇന്നസെന്റും സുരേഷ് ഗോപിയുംകൂടി നില്‍ക്കുന്ന ബോര്‍ഡ് എന്‍.ഡി.എ. സ്ഥാപിച്ചത്. കൂടല്‍മാണിക്യം ഉത്സവ ആശംസകളോടെ എന്നെഴുതിയ ബോര്‍ഡിൽ ‘എല്ലാത്തിനുമപ്പുറം സൗഹൃദം’ എന്നും എഴുതിയിരുന്നു.

ചാലക്കുടി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. എം.പി.യും ഇടതു സഹയാത്രികനുമായിരുന്നു ഇന്നസെന്റ്. ഒരു സിനിമാനടനെന്നനിലയില്‍ ബോര്‍ഡുവെക്കുന്നതുകൊണ്ട് തെറ്റില്ലെന്നും എന്നാല്‍, എല്‍.ഡി.എഫ്. നേതാവും എം.പി.യുമായിരുന്ന ഇന്നസെന്റിന്റെ ചിത്രംവെച്ച് വോട്ടുതേടുന്നത് ശരിയല്ലെന്നും എല്‍.ഡി.എഫ്. പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അനുമതിയില്ലാതെയാണ് ചിത്രം സ്ഥാപിച്ചതെന്ന് ഇന്നസെന്റിന്റെ കുടുബം പറഞ്ഞു.‌ സുരേഷ് ഗോപിയുടെ ബോര്‍ഡിന്റെ കാര്യത്തില്‍ ഇടതുമുന്നണിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കുടുംബം വ്യക്തമാക്കി. അനുവാദത്തോടെയാണ് സുനില്‍കുമാറുമൊത്തുള്ള ബോര്‍ഡ് സ്ഥാപിച്ചതെന്നും അവർ വ്യക്തമാക്കി.

അതേസമയം, സുരേഷ്ഗോപിയും ഇന്നസെന്റും തമ്മിലുള്ള സൗഹൃദം അടയാളപ്പെടുത്താന്‍വെച്ച ബോര്‍ഡുകളാണവയെന്ന് എന്‍.ഡി.എ. പ്രതികരിച്ചു.