എ കെ ശശീന്ദ്രനെതിരെ നടത്തിയത് സ്റ്റിങ് ഓപ്പറേഷനെന്ന് മംഗളം സിഇഒ അജിത് കുമാര്‍. എ കെ ശശീന്ദ്രനെ സമീപിച്ച പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറിയെന്നായിരുന്നു ചാനല്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. വീട്ടമ്മയോടല്ല, ചാനല്‍ റിപ്പോര്‍ട്ടറോടാണ് ശശീന്ദ്രന്‍ സംസാരിച്ചതെന്ന് അജിത് കുമാര്‍ സമ്മതിച്ചു. തെറ്റ് പറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. ചാനലില്‍ നടത്തിയ പ്രസ്താവനയിലാണ് മംഗളത്തിന്‍റെ കുറ്റസമ്മതം.
ഇതൊരു സ്റ്റിംഗ് ഓപ്പറേഷനായിരുന്നെന്നും മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണിതെന്നും സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് ഇതിന് ഉപയോഗിച്ചതെന്നും അജിത്ത് കുമാര്‍ പറഞ്ഞു. നടപടി തെറ്റായിപ്പോയെന്നും അതില്‍ മംഗളം ടെലിവിഷന് നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അജിത്ത് മംഗളം ടെലിവിഷനിലൂടെ വ്യക്തമാക്കി. ചാനല്‍ പുറത്ത് വിട്ട ആദ്യ വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളആണ് സമൂഹത്തില്‍ നിന്നുയര്‍ന്നിരുന്നത്. വിമര്‍ശകര്‍ ഉന്നയിച്ചത് പോലെ ഹണിട്രാപിലൂടെയാണ് മന്ത്രിയെ കുടുക്കിയതെന്നാണ് ചാനല്‍ സി.ഇ.ഒ വ്യക്തമാക്കിയിരിക്കുന്നത്.

‘വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചതെന്നും അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ് അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നെന്നും അജിത് കുമാര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണെന്നും ചാനല്‍ മേധവി വ്യക്തമാക്കി.

Also read… ഡിഎൻഎ പരിശോധനാ ഫലം പുറത്ത്; കൊട്ടിയൂർ പീഡനത്തിൽ പെൺകുട്ടിയുടെ കുഞ്ഞിൻറെ പിതൃത്വം റോബിൻ വടക്കുംചേരിയിലിനു തന്നെ