ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഓക്സ്ഫോർഡ് ട്രാൻസ്പ്ലാന്റ് സെന്ററിൽ നാല് വനിത സഹപ്രവർത്തകരെ ലൈംഗികമായി അതിക്രമിച്ചതായി കണ്ടെത്തിയ സർജനെ എട്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. മെഡിക്കൽ ട്രൈബ്യുണൽ ആണ് വാദം കേട്ടതിനു ശേഷം സസ്പെൻഷൻ തീരുമാനം അറിയിച്ചത്. ജെയിംസ് ഗിൽബെർട്ട് എന്ന നാല്പത്തിയേഴുകാരനായ സർജനാണ് ഓക്സ്ഫോർഡ് ട്രാൻസ്പ്ലാൻഡ് സെന്ററിൽ ട്രെയിനികളായി എത്തിയ മൂന്ന് സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചു എന്ന് കണ്ടെത്തിയത്. തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും, തോളിൽ മസാജ് ചെയ്യുകയും മറ്റും ചെയ്തപ്പോൾ, താൻ ട്രെയിനി ആയതിനാൽ ഗിൽബെർട്ടിനെതിരെ ശബ്ദം ഉയർത്തുവാൻ സാധിച്ചില്ലെന്ന് ഇരയായവരിൽ ഒരാൾ മെഡിക്കൽ ട്രൈബ്യുണലിൽ നടന്ന വാദത്തിൽ വ്യക്തമാക്കി. ട്രാൻസ്പ്ലാന്റ് സെന്ററിൽ വളരെ വലിയ അധികാരമായിരുന്നു ഗിൽബെർട്ടിന് ഉണ്ടായിരുന്നതെന്നും അതിനാൽ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ആയിരുന്നു എല്ലാവരും മുഖവിലക്കെടുത്തിരുന്നതെന്നും മെഡിക്കൽ ട്രൈബ്യുണൽ വാദം കേട്ടു. മറ്റൊരു മുൻ ട്രെയിനി 2014-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ താൻ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുവെന്ന് ഔപചാരികമായി പരാതിപ്പെട്ടിരുന്നു. എന്നാൽ ആ പരാതി അധികൃതർ ഒതുക്കി തീർക്കുകയാണ് ചെയ്തത്.
പരാതികൾ ഉയർന്നതിനെ തുടർന്ന് മെയ് 2021 ൽ ഗിൽബെർട്ടിനെ ഒഴിവാക്കിയെങ്കിലും, പിന്നീട് ആറാഴ്ചകൾക്ക് ശേഷം തിരികെ ജോലിയിൽ കയറുവാൻ ആശുപത്രി അധികൃതർ അനുവദിച്ചു. സംഭവത്തിൽ വാദം കേട്ട മെഡിക്കൽ ട്രൈബ്യുണൽ ഗിൽബെർട്ട് കുറ്റം ചെയ്തുവെന്ന് കണ്ടെത്തി. സസ്പെൻഷനെതിരെ അപ്പീൽ നൽകുവാൻ ഗിൽബെർട്ടിനു 28 ദിവസത്തെ സമയമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ശക്തമായി തുറന്ന് പ്രതികരിച്ച സ്റ്റാഫുകൾക്ക് നന്ദി പറയുന്നതായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആൻഡ്രൂ ബ്രെൻ്റ് വ്യക്തമാക്കി.
Leave a Reply