ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹെർപ്പസ് ബാധിച്ച് രണ്ട് അമ്മമാർ മരിച്ച സംഭവത്തിൽ എൻഎച്ച്എസ് ട്രസ്റ്റിന് രൂക്ഷവിമർശനം. ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് ട്രസ്റ്റ് നടത്തുന്ന ആശുപത്രികളിൽ സിസേറിയൻ നടത്തിയതിന് ശേഷം ആറാഴ്ചത്തെ ഇടവേളയിൽ കിം സാംപ്‌സൺ (29) സാമന്ത മുൽക്കാഹിയ (32) എന്നിവർ മരിച്ച സംഭവത്തിലാണ് ട്രസ്റ്റിനെതിരെ കൊറോണർ വിമർശനം ഉന്നയിച്ചത്. രണ്ട് സ്ത്രീകളെയും ഓപ്പറേഷൻ ചെയ്തത് ഒരേ സർജൻ ആണ്. എന്നാൽ ഇയാൾ അണുബാധയുടെ ഉറവിടമാകാൻ സാധ്യതയില്ലെന്ന് കൊറോണർ കണ്ടെത്തി. അതേസമയം, ഒരു കേസിൽ ആന്റിവൈറൽ മരുന്നുകൾ വേഗത്തിൽ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും അവർ പറഞ്ഞു.

2018 ലാണ് കേസിന് ആസ്പദമായ സംഭവം. 2018 മെയ് മാസത്തിൽ മാർഗേറ്റിലെ ക്വീൻ എലിസബത്ത് ദ ക്വീൻ മദർ ഹോസ്പിറ്റലിൽ വെച്ച് സാംപ്‌സൺ ആൺകുഞ്ഞിന് ജന്മം നൽകി. വീട്ടിൽ എത്തിയെങ്കിലും ആരോഗ്യനില വഷളായതിനാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരെ വീണ്ടും പ്രസവ വാർഡിൽ പ്രവേശിപ്പിച്ചു. വളരെ ഗുരുതരമായ ബാക്ടീരിയൽ സെപ്‌സിസ് ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി ആൻറിബയോട്ടിക്കുകൾ നൽകി. സൗത്ത് ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മെയ്‌ 22 ന് മരിച്ചു. ആ വർഷം ജൂലൈയിൽ, ആഷ്‌ഫോർഡിലെ വില്യം ഹാർവി ഹോസ്പിറ്റലിൽ വച്ച് ഇതേ വൈറസ് കാരണമുണ്ടായ അണുബാധ മൂലമാണ് മുൽകാഹി മരിച്ചത്.

ഹെർപ്പസ് മൂലമുള്ള മരണങ്ങൾ അപൂർവമാണെന്ന് കൊറോണർ പറഞ്ഞു. എന്നാൽ പ്രസവശേഷം ഇത് ബാധിക്കുകയാണെങ്കിൽ മാരകമാകുമെന്ന് അവർ പറഞ്ഞു. ഇൻക്വസ്റ്റ് അവസാനിക്കുന്നത് വരെ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നാണ് ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് വക്താവ് പറഞ്ഞത്.