ഡ്രൈയിംഗ് മെഷിനില്‍ കുടുങ്ങി അറ്റുപോയ 3 വയസുകാരന്റെ കൈപ്പത്തി ഓപ്പറേഷനിലൂടെ തുന്നിച്ചേര്‍ത്തു. കുടുംബത്തോടൊപ്പം കാരവാന്‍ ഹോളിഡേ പാര്‍ക്കില്‍ അവധി ആഘോഷിക്കാനെത്തിയ 3 വയസുകാരനാണ് അപകടത്തില്‍പ്പെട്ടത്. കാരവാനിലെ ഡ്രൈയിംഗ് മെഷീനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. കൈപ്പത്തി പുര്‍ണമായും ശരീരത്തില്‍ നിന്ന് വേര്‍പെട്ടിരുന്നു. ഹോളിഡേ ക്യാമ്പ് ജീവനക്കാര്‍ സംഭവമറിഞ്ഞയുടന്‍ ഓടിയെത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എമര്‍ജന്‍സി എയര്‍ ആംബുലന്‍സുകളും പാരാമെഡിക്കുകളും എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കൃത്യ സമയത്ത് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാലാണ് കൈ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.

അറ്റുപോയ കൈ ഐസില്‍ പോതിഞ്ഞ് മെഡിക്കല്‍ സംഘം ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധ സര്‍ജന്മാരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ ഓപ്പറേഷന്‍ നടത്തി കൈ തുന്നിച്ചേര്‍ത്തു. മണിക്കൂറുകളെടുത്താണ് മൈക്രോവാസ്‌കുലാര്‍ സര്‍ജറി പൂര്‍ത്തീകരിച്ചത്. ഓപ്പറേഷന്‍ വിജയകരമായിരുന്നുവെന്ന് ഹോളിഡേ പാര്‍ക്കിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. സന്തോഷിക്കാന്‍ വകയുള്ള വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ സര്‍ജറികള്‍ ആവശ്യമായി വരുമെങ്കിലും നിലവിലുള്ള കാര്യങ്ങളൊക്കെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്ന് വക്താവ് അറിയിച്ചു. അപകടം നടക്കുന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പാര്‍ക്ക് ജീവനക്കാര്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ലെന്നും സ്ഥാപനം അവര്‍ക്ക് അവധി അനുവദിച്ചതായും ഹോളിഡെ ക്യാമ്പ് വക്താവ് പറഞ്ഞു.

അപകടം സംഭവിച്ച കുട്ടി പെട്ടന്ന് തന്നെ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന കുടുംബത്തിലെ എല്ലാവര്‍ക്കും നല്ലതുണ്ടാകട്ടെയെന്നും പാര്‍ക്ക് അധികൃതര്‍ ആശംസകള്‍ അറിയിച്ചു. കുട്ടിക്ക് നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും നല്ല ചികിത്സയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്വകാര്യ സ്ഥലത്ത് വെച്ച് നടന്നതിനാലും ജോലി സംബന്ധിയായ അപകടമല്ലാത്തതിനാലും സംഭവത്തെക്കുറിച്ച് ഹെല്‍ത്ത് ആന്റ് സേഫ്റ്റി എക്‌സിക്യൂട്ടീവ് അന്വേഷണം നടത്തേണ്ടതില്ലെന്ന് എച്ച്എസ്ഇ വക്താവ് പറഞ്ഞു. രോഗികളായവരുടെ സ്വകാര്യ വിവരങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താന്‍ കഴിയില്ലെന്ന് കുട്ടിയെ ചികിത്സിക്കുന്ന കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.