സംഭവം തൊടുപുഴ കരിങ്കുന്നം ഗവ. എൽപി സ്കൂളിൽ ‘പോകരുതേ ടീച്ചർ…’ തേങ്ങിക്കരഞ്ഞ് വിദ്യാർഥികൾ അപേക്ഷിച്ചപ്പോൾ സ്കൂളിന്റെ പടിയിറങ്ങുന്ന അമൃതയ്ക്ക് സങ്കടം അടക്കാനായില്ല. താൽക്കാലിക അധ്യാപിക തൊടുപുഴ ആനക്കൂട് സ്വദേശി കെ.ആർ. അമൃതയെ തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എ.അപ്പുണ്ണി ഉത്തരവിലൂടെ പുറത്താക്കുകയായിരുന്നു. കെ.ആർ.അമൃത, സ്കൂളിന്റെ പടിയിറങ്ങിയപ്പോൾ കുട്ടികൾ കൂട്ടത്തോടെ കരഞ്ഞ് പ്രധാന ഗേറ്റിലേക്കോടി വന്നത് നാടകീയ രംഗങ്ങൾക്കിടയാക്കി.

കുട്ടികളെ അമൃത മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചില കുട്ടികളുടെ രക്ഷിതാക്കൾ വിദ്യാഭ്യാസ ഉപഡയറക്ടർക്കു വ്യാഴാഴ്ച പരാതി നൽകിയിരുന്നു. അമൃതയെ കൂടാതെ സ്കൂളിലെ പ്രധാനാധ്യാപിക പി.എസ്. ഗീതയും താൽക്കാലിക അധ്യാപിക ജിനില കുമാറും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് പ്രധാനാധ്യാപിക ഗീതയെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഇന്നലെ സസ്പെൻഡ് ചെയ്യുകയും അമൃതയെയും ജിനില കുമാറിനെയും പുറത്താക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് പുറത്താക്കിയെന്നും ഇനി മുതൽ ജോലിക്കു വരേണ്ടെന്നും സ്കൂൾ അധികൃതർ അമൃതയെ അറിയിച്ചത്.

ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു. ടീച്ചർ പോകരുതെന്നു പറഞ്ഞ് കുട്ടികൾ വളഞ്ഞതോടെ അമൃത ക്ലാസിൽ നിന്നു പുറത്തിറങ്ങി. ഇതിനിടെ സ്കൂളിലെ ചില അധ്യാപികമാർ അമൃതയുടെ അടുത്തെത്തി പരുഷമായി സംസാരിച്ചു. ഈ സമയം ചില പിടിഎ അംഗങ്ങൾ സ്കൂളിലെത്തി അമ‍ൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിടിഎ അംഗങ്ങളുടെ അധിക്ഷേപത്തിൽ മനം നൊന്ത് അമൃത സ്കൂളിനു പുറത്തേക്ക് ഓടിയപ്പോൾ കുട്ടികളും പ്രധാന ഗേറ്റ് വരെ എത്തി.

ഒരിക്കൽ പോലും ടീച്ചർ തല്ലിയിട്ടില്ലെന്നു കുട്ടികൾ മാധ്യമപ്രവർത്തകരോടും നാട്ടുകാരോടും പറഞ്ഞു. മാധ്യമപ്രവർത്തകരെ കണ്ടതോടെ ചില പിടിഎ അംഗങ്ങൾ ഇവരെ ആക്രമിക്കാനും ക്യാമറ പിടിച്ചു വാങ്ങാനും ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ഇടത് അധ്യാപക സംഘടനയിലെ അധ്യാപകർ മാനസികമായി പീഡിപ്പിക്കുകയും മനഃപൂർവം പരാതികൾ കെട്ടിച്ചമയ്ക്കുകയും ചെയ്താണെന്ന് അമൃത പറഞ്ഞു. സീനിയർ അധ്യാപകർ മാനസികമായി പീ‍ഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ വിദ്യാഭ്യാ ഉപഡയറക്ടർക്ക് പരാതി നൽകിയതിന്റെ പ്രതികാരം തീർക്കാനാണ് സംഘടനയിലെ അധ്യാപകർ കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത ആരോപിച്ചു.

എന്നാൽ, നടപടി എടുത്ത അധ്യാപികമാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ പതിനേഴോളം കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ നേരിട്ട് സ്കൂളിലെത്തി അന്വേഷണം നടത്തിയതിന്റെ ബാക്കിയാണ് അച്ചടക്ക നടപടിയെന്നും എഇഒ എ. അപ്പുണ്ണി പറഞ്ഞു. പിടിഎ അംഗങ്ങൾ ആരെയും ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അധ്യാപികയോടൊപ്പം വന്നവരാണു പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും പിടിഎ വൈസ് പ്രസിഡന്റ് കെ. ഷാജി പറഞ്ഞു.