യു.കെ മലയാളിക്ക് സഹായ ഹസ്തവുമായി സുഷമാസ്വരാജ്; ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ഇടപെടലോടെ മുടന്തന്‍ ന്യായങ്ങള്‍ മാറ്റിവച്ച് വി.എഫ്.എസും ഇന്ത്യന്‍ എംബസിയും; പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സുഷമയ്ക്ക് കൊടുക്കാം ഒരു കയ്യടി

യു.കെ മലയാളിക്ക് സഹായ ഹസ്തവുമായി സുഷമാസ്വരാജ്; ഇന്ത്യൻ  വിദേശകാര്യമന്ത്രിയുടെ ഇടപെടലോടെ മുടന്തന്‍ ന്യായങ്ങള്‍ മാറ്റിവച്ച് വി.എഫ്.എസും ഇന്ത്യന്‍ എംബസിയും; പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സുഷമയ്ക്ക് കൊടുക്കാം ഒരു കയ്യടി
April 05 07:47 2018 Print This Article

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍ : ജോജി തോമസ്

സമീപകാല ഇന്ത്യന്‍ ചരിത്രത്തില്‍ കഴിവും പ്രാഗത്ഭ്യവും കൊണ്ട് സുഷമ സ്വരാജിനോളം ശ്രദ്ധിക്കപ്പെട്ട വിദേശകാര്യ മന്ത്രിമാര്‍ ഇല്ല. നയതന്ത്ര പ്രാഗത്ഭ്യത്തേക്കാള്‍ സുഷമാ സ്വരാജിനെ ശ്രദ്ധേയയാക്കിയത് മനുഷ്യത്വപരമായ സമീപനങ്ങളും ഇടപെടലുകളും നിറഞ്ഞ പ്രവര്‍ത്തന ശൈലിയാണ്. സോണിയാഗാന്ധിക്കെതിരെ കര്‍ണാടകയിലെ ബെല്ലാരിയില്‍ മത്സരിക്കാന്‍ നിയോഗിച്ചപ്പോള്‍ വെറും 15 ദിവസം കൊണ്ട് കന്നട ഭാഷ പഠിച്ച് ആ ഭാഷയില്‍ പ്രസംഗിക്കാന്‍ സാധിച്ച കഠിനാധ്വാനിയാണ് സുഷമാ സ്വരാജ്. മുന്‍ സുപ്രീംകോടതി അഭിഭാഷകയായ സുഷമ സ്വരാജ് ആണ് ഇന്ദിരാഗാന്ധിക്ക് ശേഷം വിദേശകാര്യ വകുപ്പിന്റെ തലപ്പത്തെത്തിയ വനിത. 25-ാം വയസില്‍ ഹരിയാനയില്‍ കാബിനറ്റ് റാങ്കോടെ മന്ത്രിയായ സുഷമയായിരുന്നു വാജ്‌പേയി – അദ്വാനി യുഗത്തിനു ശേഷം ബിജെപിയുടെ മുഖമാകുമെന്ന് പരക്കെ പ്രതീക്ഷിതപ്പെട്ടിരുന്നത്. മോദി പ്രതിഭാസം ഉണ്ടായില്ലായിരുന്നെങ്കില്‍ ഇന്നൊരുപക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രി കസേരയില്‍ മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കുന്ന ഈ സ്ത്രീ മുഖം ഉണ്ടായേനെ. എന്തായാലും ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും വിദേശങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നടത്തുന്ന സജീവ ഇടപെടലുകള്‍ സുഷമാ സ്വരാജിനെ പ്രവാസികളുടെ പ്രിയങ്കരി ആക്കിയിരിക്കുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യുകെ മലയാളിയായ ജയ്‌സണ്‍ കുര്യന്‍ തന്റെ കുട്ടിയുടെ വിസാ സംബന്ധമായ പ്രശ്‌നങ്ങളില്‍പ്പെട്ട് കേരളത്തില്‍ പോകാന്‍ സാധിക്കാതെ വിഷമിച്ച അവസരത്തില്‍ നേരിട്ടിടപെടാനും, ത്വരിത പരിഹാരം കാണാനും കാണിച്ച മനസ്.

ഇന്ത്യയിലേക്കുള്ള വിസാസേവനങ്ങള്‍ മികച്ചതാക്കുന്നതിനായും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായും ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.എഫ്.എസ് എന്ന സ്വകാര്യ കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ വിസ പ്രോസസിംഗ് ജോലികള്‍ ഏല്‍പിച്ചിരുന്നു. വിസാ നടപടി ക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആരംഭിച്ച വി.എഫ്.എസിന്റെ പ്രവര്‍ത്തനങ്ങളിലെ അപര്യാപ്തതയും പ്രവാസികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മലയാളം യുകെ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വി.എഫ്.എസിനെ വിസാ പ്രോസസിംഗ് ഏല്‍പിച്ചതില്‍ പിന്നെ പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് ഒരു വിസയുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പല തവണ വി.എഫ്.എസ് ഓഫീസുകൾ കയറി ഇറങ്ങണമെന്നാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തന ശൈലി കടമെടുത്തിരിക്കുന്ന വി.എഫ്.എസ്സും ഇന്ത്യന്‍ കോണ്‍സലേറ്റും പ്രവാസികള്‍ അവരുടെ ഓഫീസുകള്‍ കയറി ഇറങ്ങുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഫോണിലൂടെ പരിഹരിക്കാനോ, അപേക്ഷകളോ അപര്യാപ്തമായ രേഖകളോ തപാല്‍വഴി സ്വീകരിക്കാനോ തയ്യാറാകാത്ത വി.എഫ്.എസ് ഓഫീസുകള്‍ പ്രവാസികള്‍ക്ക് സത്യത്തില്‍ പേടി സ്വപ്‌നമാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലേ ഉദ്യോഗസ്ഥന്മാരുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം യുകെയിലെ പ്രവാസികളായ മലയാളികളുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. ജയ്‌സണ്‍ കുര്യന്റെ ഇളയ കുട്ടിയുടെ വിസാ അപേക്ഷയോട് അനുബന്ധിച്ച് വി.എഫ്.എസിന്റെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നുണ്ടായ നിസംഗതയ്ക്കും ഉദാസീനമായ പ്രവര്‍ത്തന ശൈലിക്കുമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലോടെ ശമനം ഉണ്ടായത്.

അതിരമ്പുഴ സ്വദേശിയായ ജയ്‌സണ്‍ ഭാര്യ സിമുവൊത്ത് കഴിഞ്ഞ 12 വര്‍ഷമായി ഇംഗ്ലണ്ടിലേ ഹാലിഫാക്‌സിലാണ് താമസിക്കുന്നത്. ജയ്‌സണും സീമു തങ്ങളുടെ മൂന്നാമത്തെ കുട്ടിയായ ഇമ്മാനുവേലിന്റെ മാമ്മോദീസായ്ക്ക് വേണ്ടി കേരളത്തില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് വിസ സംബന്ധമായ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ വിസാ പ്രോസസിംഗിന് ചുമതലപ്പെടുത്തിയിരിക്കുന്ന സ്വകാര്യ കമ്പനിയായ വി.എഫ്.എസില്‍ നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനത്തെക്കുറിച്ച് വളരെ വേദനയോടെയാണ് ജയ്‌സണ്‍ മലയാളം യുകെയോട് പങ്കുവെച്ചത്. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉള്ള ഇമ്മാലുവേലിന് ഇന്ത്യയില്‍ പോകാനായി ഒ.സി.ഐ അപേക്ഷ ജയ്‌സണ്‍ ബ്രാഡ്‌ഫോര്‍ഡിലുള്ള വി.എഫ്.എസിന്റെ ഓഫീസില്‍ സമര്‍പ്പിച്ചു. മൂന്നുമാസം പ്രായമുള്ള ഇമ്മാനുവേലിന്റെ പാസ്‌പോര്‍ട്ട് അപേക്ഷ സ്വീകരിച്ച വി.എഫ്.എസ് അധികൃതര്‍ പ്രസ്തുത അപേക്ഷ ഡല്‍ഹിക്ക് അയച്ച് കൊടുത്തു. ഡല്‍ഹിയില്‍ നിന്ന് ഒ.സി.ഐ ലഭിച്ചതായി അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് ജയ്‌സണ്‍ തന്റെ കുട്ടിയുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ബ്രാഡ്‌ഫോര്‍ഡ് വി.എഫ്. എസ് ഓഫീസിൽ സമര്‍പ്പിക്കുകയും അതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ടില്‍ വിസാ സ്റ്റാമ്പ് ചെയ്ത് ജയ്‌സണ് കൊറിയര്‍ വഴി അയച്ചതായി അറിയിപ്പ് കിട്ടുകയും ചെയ്തു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കയ്യില്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ജയ്‌സണ്‍ ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഇന്ത്യയ്ക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തു. കുട്ടിയുടെ മാമോദീസാ തീയതി നിശ്ചയിക്കുകയും ബന്ധുക്കളെയും മിത്രങ്ങളെയും ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ കൊറിയര്‍ വഴി ലഭിക്കാത്തതിനെ തുടര്‍ന്ന് അസ്വാഭാവികത തോന്നിയ ജയ്‌സണ്‍ വി.എഫ്.എസ് അധികൃതരെ ബന്ധപ്പെട്ടു. പാസ്‌പോര്‍ട്ടും മറ്റു രേഖകളും വി.എഫ്.എസ് കൊറിയര്‍ കമ്പനിക്ക് കൈമാറിയെന്നും അതോടുകൂടി അവരുടെ ഉത്തരവാദിത്വം അവസാനിച്ചതായുമുള്ള മറുപടിയാണ് ജയ്‌സണ്‍ ലഭിച്ചത്.

കൊറിയര്‍ കമ്പനിയുമായി ജയ്‌സണ് യാതൊരു ബന്ധവും ഇല്ലെങ്കിലും വിസാ പ്രോസസിംഗിന് ആവശ്യമായ ഫീസുകള്‍ ജയ്‌സണ്‍ വി.എഫ്.എസിനാണ് കൈമാറിയതെങ്കിലും മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ ജയ്‌സണ്‍ കൊറിയര്‍ കമ്പനിയെ ബന്ധപ്പെട്ടു. കൊറിയര്‍ കമ്പനി ഇത്തരത്തിലൊരു കൊറിയര്‍ ലഭിച്ചില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തിലേയ്ക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്ത ദിവസങ്ങള്‍ അടുത്ത് വരുന്നതിനാല്‍ പരിഭ്രാന്തനായ ജയ്‌സണ്‍ ഇന്ത്യന്‍ എംബസിയേയും കോണ്‍സലേറ്റിനെയും മറ്റു സമീപച്ചെങ്കിലും എല്ലാവരും വളരെ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചത്. ഇനിയും എന്താണ് പോംവഴിയെന്ന് നിര്‍ദ്ദേശിക്കാന്‍ പോലും വി.എഫ്.എസ് അധികൃതര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് ജയ്‌സണും സീമുവും കൂടി സുഷമാ സ്വരാജിനെ ബന്ധപ്പെടാന്‍ തീരുമാനിക്കുകയും ഇന്ത്യന്‍ വിദേശകാര്യമന്ത്രിക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്യുകയും ചെയ്തത്.

സുഷമാ സ്വരാജും ഇന്ത്യന്‍ വിദേശകാര്യ വകുപ്പും പ്രശ്‌നത്തില്‍ സജീവമായി ഇടപെടുകയും ജയ്‌സന്റെയും സിമുവിന്റെയും പരാതിയില്‍ ഉടന്‍ തീര്‍പ്പു കല്പിക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കോണ്‍സലേറ്റും വി.എഫ്.എസും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അവര്‍ ജയ്‌സണുമായി ഫോണില്‍ കൂടി പലതവണ ബന്ധപ്പെടുകയും പുതിയ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുമായി എത്തുകയാണെങ്കില്‍ അതേ ദിവസം തന്നെ എമര്‍ജന്‍സി വിസാ യാതൊരു അപേക്ഷ ഫീസുമില്ലാതെ അനുവദിച്ചു തരാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. കൂടാതെ പുതിയ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് എടുക്കുന്നതിനുള്ള ഫീസ് വി.എഫ്.എസ് വഹിച്ചുകൊള്ളാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ ബ്രിട്ടണിലെ നിയമം അനുസരിച്ച് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്ത് ഏഴ് ദിവസം കഴിഞ്ഞതിനു ശേഷമേ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ സാധിക്കും. ജയ്‌സണ്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഓഫീസിനെ സാഹചര്യങ്ങള്‍ ധരിച്ചതിന്റെ അടിസ്ഥാനത്തിലും ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ഇടപെടലിന്റെയും മറ്റു രേഖകളും മാമോദീസയുടെ തീയതിയും മറ്റും ബോധിപ്പിച്ചതിനാല്‍ മാനുഷിക പരിഗണന വച്ച് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഓഫീസ് അടിയന്തരമായി പാസ്‌പോര്‍ട്ട് നല്‍കുകയും പാസ്‌പോര്‍ട്ട് കിട്ടിയ അന്നുതന്നെ ബര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇമ്മാനുവേലിനുള്ള വിസ അനുവദിക്കുകയും ചെയ്തു. വിസ കിട്ടിയതിന്റെ പിറ്റേ ദിവസമായിരുന്നു ജയ്‌സണും കുടുംബവും കേരളത്തിലേയ്ക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്.

ഹോളി, ഒലിവര്‍ എന്നീ രണ്ട് കുട്ടികള്‍ കൂടിയുള്ള ജയ്‌സണും സിമും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ നിശ്ചയിച്ച തിയതിയില്‍ കേരളത്തില്‍ പോകാനും കുട്ടിയുടെ മാമോദീസ നടത്താനും സാധിക്കില്ലായിരുന്നെന്ന് നന്ദിയോടെ സ്മരിച്ചു. മറ്റുള്ളവര്‍ക്ക് നിസാരമെന്ന് തോന്നാമെങ്കിലും പ്രവാസികളുടെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തീര്‍ച്ചയായും പ്രവാസികളുടെ കയ്യടി അര്‍ഹിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles