പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് ഹസന്‍കുട്ടി എന്നയാളെ പിടികൂടിയത്. പോക്‌സോ അടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.
ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. 19 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയിരുന്നു. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്ന് എ.സി.പി. പറഞ്ഞിരുന്നു.
കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നത് കണ്ടതായി ഇഞ്ചക്കലിലുള്ള ഹോട്ടല്‍ മാനേജര്‍ സ്റ്റേഷനിലെത്തി വിവരം കൈമാറിയിരുന്നു. പ്രായമായ ഒരാളും യുവാവും ചേര്‍ന്ന് കുട്ടിയെ സ്‌കൂട്ടറിന് നടുക്കിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാള്‍ പോലീസില്‍ അറിയിച്ചത്. രാത്രി 12.30-ഓടെയായിരുന്നു കുട്ടിയെ കണ്ടതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.
പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരായ അമര്‍ദീപ് – റബീന ദേവിയുടെ മകള്‍ മേരിയെയാണ് കാണാതായത്. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ ഉടന്‍ കണ്ടെത്താന്‍ സാധിച്ചില്ല. മണിക്കൂറുകള്‍ക്കുശേഷമാണ് ഓടയില്‍നിന്ന് കണ്ടെത്തിയത്.
ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറഞ്ഞത്. അതിന്റെ ചുവടുപിടിച്ചായിരുന്നു പോലീസ് അന്വേഷണം.
Leave a Reply