അബുദാബി: തന്റെ കൈകൾ കൊണ്ട് രക്ഷിച്ച ആ ബാലനെ മാസങ്ങൾ പലത് കഴിഞ്ഞിട്ടും  ഒന്ന് കാണാന്‍ ആഗ്രഹിക്കുകയാണ് സിസ്റ്റർ സ്വപ്ന. തന്റെ മടിയില്‍ കിടന്ന് ജീവിതത്തിലേക്കു തിരികെ കയറിയ ആ അജ്ഞാത ബാലനെ. ജോയ് ആലുക്കാസ് യു എ ഇ ലുള്ള മികച്ച നേഴ്‌സുമാർക്കായി കൊടുക്കുന്ന എയ്ഞ്ചല്‍ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട് അവസാന അഞ്ചു മലയാളികളിൽ ഒരാൾ ആണ് കണ്ണൂർ കാരിയായ സ്വപ്ന മാത്യു. ഇരുപത്തിഅയ്യായിരം നേഴ്‌സുമാർ ജോലിചെയ്യുന്ന അബുദാബിയിൽ ഇന്നും ആണ് ഈ കണ്ണൂർകാരി അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത്. അബുദാബി എന്‍എംസി ഹോസ്പിറ്റലില്‍ സ്വപ്നയുടെ കൂടെ ജോലി ചെയ്യുന്ന സുജയുടെ ഭര്‍ത്താവായ ബിജോ ആണ് മികച്ച നഴ്‌സുമാര്‍ക്കുള്ള എയ്ഞ്ചല്‍ അവാര്‍ഡിന് സ്വപ്ന നാമനിര്‍ദേശം ചെയ്‌തിരിക്കുന്നത്‌. അടുത്ത മാസം രണ്ടാം തിയതി അറിയാം ആരാണ് വിജയി എന്ന്. 2017 നവംബര്‍ നാലിനായിരുന്നു സംഭവം. വീക്ക് എൻഡിൽ ഭര്‍ത്താവ് പ്രശാന്തും മക്കളുമൊത്ത് മദീനത്ത് സായിദിലെ ലുലുമോളില്‍ ഷോപ്പിങ്ങിനുപോയതാണ് കണ്ണൂര്‍ സ്വദേശിനിയായ സ്വപ്ന മാത്യു. ഷോപ്പിംഗ് എല്ലാം കഴിഞ്ഞ് ഭർത്താവ് ബില്ലും നൽകി പുറത്തേക്ക് പോകുകയാണ്. ട്വിൻസ് ആയ കുട്ടികൾ ട്രോളിയിൽ ഭർത്താവിനൊപ്പം ഉണ്ട്.  ആറു വയസ്സു തോന്നിക്കുന്ന ഒരു ബാലന്‍ തറയില്‍ കിടന്ന് പുളയുന്നത് കാണുന്നത്. ആദ്യ കാഴ്ചയിൽ എന്തോ ഡൗൺ സിൻഡ്രോം ആണ് എന്നാണ് സ്വപ്ന കരുതിയത്. കാരണം വായിൽ കൂടി തുപ്പൽ എല്ലാം ഒഴുകുന്നുണ്ട്. പെട്ടെന്നാണ് അവന്റെ പിതാവ് വാവിട്ട് കരയുന്നത് സ്വപ്ന കാണുന്നതും കാരണമെന്തെന്ന് തിരക്കിയതും. ഗായാ ഗായാ (തിന്നു തിന്നു) എന്ന് മാത്രമാണ് ആ പിതാവിൽ നിന്നും ചോദിച്ചപ്പോൾ ആകെ പുറത്തുവന്ന വാക്കുകൾ. അത്രമാത്രം പറയാനേ അദ്ദേഹത്തിന്‌ സാധിച്ചുള്ളൂ.

രണ്ട് തോന്നിക്കുന്ന മറ്റൊരു കുട്ടിയും ആ പിതാവിനൊപ്പം ഉണ്ടായിരുന്നു. ചെറിയ കുട്ടിയുടെ കൈയിൽ ഒരു ലോലിപ്പോപ് സ്വപ്ന കാണുകയും ചെയ്‌തപ്പോൾ ആണ് അപകടം തിരിച്ചറിഞ്ഞത്.  ഇതെല്ലാം കണ്ട് ചുറ്റും ആളുകൾ കൂടുകയും ചെറിയ കുട്ടി ഓടുകയും ചെയ്തപ്പോൾ നിസ്സാഹായകനായി നിന്ന പിതാവിനോട് ചെറിയ കുട്ടിയുടെ കാര്യം നോക്കി കൊള്ളൂ, ഞാൻ ഈ കുട്ടിയെ നോക്കിക്കൊള്ളാം എന്ന് പറയുകയും ചെയ്‌തു. ലോലി പോപ് മിഠായി തൊണ്ടയില്‍ കുരുങ്ങി ശ്വാസം കിട്ടാതെ കരയുകയാണു ബാലന്‍ എന്ന് ഇതിനകം സ്വപ്ന തിരിച്ചറിഞ്ഞിരുന്നു. സ്വപ്ന കുഞ്ഞിനെ കാലില്‍ കിടത്തി അടിയന്തര ഘട്ടത്തില്‍ ചെയ്യുന്ന ബേസിക് ലൈഫ് സപ്പോര്‍ടിന്റെ ഭാഗമായുള്ള സ്ലാപ് (പുറത്തു തട്ടല്‍) നല്‍കി. എട്ടു തവണയോളം തട്ടിക്കഴിഞ്ഞപ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയ മിഠായി നുരയും പതയ്ക്കുമൊപ്പം പുറത്തു ചാടി. അവന്‍ ശ്വാസം എടുക്കാന്‍ തുടങ്ങി. ഭാര്യ ചെയ്യുന്ന പ്രവർത്തിയുടെ റിസ്‌ക് മനസിലാക്കിയ ഭര്‍ത്താവ് സ്വപ്നയെ  തുടക്കം മുതല്‍ പിന്നില്‍ നിന്നു തട്ടി വിളിക്കുന്നുണ്ടായിരുന്നു. ഈ സമയം ട്രോളിയിൽ ഇരുന്നു അമ്മെ അമ്മെ എന്ന് വിളിക്കുന്ന ട്വിൻസ് ആയ മക്കളുടെ കരച്ചിൽ പോലും ശ്രദ്ധിക്കാതെ, തട്ടി വിളിച്ച ഭർത്താവിന്റെ കൈ തട്ടിമാറ്റിയിട്ടാണ് ബാലനെ ജീവതത്തിലേക്കു തിരികെയെത്തിച്ചത്. അത് ചെയ്യുമ്പോൾ ഉണ്ടായേക്കുമായിരുന്ന അപകടത്തെക്കുറിച്ചു ഒരു നിമിഷം എല്ലാം മറന്നു പോയിരുന്നു നേഴ്‌സായ സ്വപ്ന… ഒരു ജീവൻ രക്ഷിക്കുന്നതിൽ അപ്പുറമൊന്നും ഈ മാലാഖമാർ ചിന്തിക്കാറില്ല… മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർ ആണ് ഇവർ.

രക്ഷാപ്രവര്‍ത്തനം കഴിഞ്ഞതോടെ ഭര്‍ത്താവ് പ്രശംസിച്ചെങ്കിലും അതിലെ അപകടത്തെക്കുറിച്ചും പറഞ്ഞു. ഇങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ അത്യാഹിതം സംഭവിച്ചാല്‍ ആശുപത്രിക്കാര്‍ക്ക് ഉത്തരവാദിത്വമില്ല. നേഴ്സ് ആണെന്ന് തെളിയിക്കാൻ ഒരു രേഖയും അപ്പോള്‍ കൈയിലുണ്ടായിരുന്നില്ല. പൊലീസ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാത്രമാവും വിശദീകരണത്തിന് അവസരം കിട്ടുക. പക്ഷേ ഇതൊന്നും അപ്പോള്‍ ഓര്‍ത്തില്ലെന്ന് സ്വപ്ന പറഞ്ഞു. ആ കുഞ്ഞിനെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു മനസ്സില്‍. എല്ലാം കണ്ട് ആ പിതാവ് കൈകൾ കൂപ്പിയപ്പോൾ ആണ് സ്വപ്ന നിജസ്ഥിതി മനസിലാക്കിയത്. ഒരാളുടെ ജീവനാണ് രക്ഷിച്ചത് എന്ന സത്യം മനസിലാക്കിയത്. വിവരങ്ങള്‍ തിരക്കാന്‍ കഴിയുന്നതിനു മുന്‍പേ ആ കുടുംബം പോയി. പാക്കിസ്ഥാന്‍കാര്‍ ധരിക്കുന്നതുപോലുള്ള വേഷമാണ് ആ പിതാവ് ധരിച്ചിരുന്നത്. ഇതു മാത്രമാണ് അറിയാവുന്നത്.

അടുത്തദിവസം ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടറോട് വിവരം പറഞ്ഞു. പിന്നീട് ആ ഡോക്ടറാണ് ഈ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ആശുപത്രി അധികൃതരെ അറിയിച്ചത്. അവര്‍ അനുമോദിച്ചു. നഴ്‌സുമാര്‍ക്ക് രാജ്യാന്തര തലത്തില്‍ ലഭിക്കുന്ന ഡെയ്‌സി അവാര്‍ഡും സ്വപ്നയ്ക്കു ലഭിച്ചു. ‘എനിക്ക് ആ കുഞ്ഞിനെ ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്. എന്നെങ്കിലും കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ..’ മക്കളുടെ എല്ലാ വേദനകളും അറിയുന്ന അമ്മ കൂടിയായ സ്വപ്ന പറഞ്ഞു നിർത്തിയപ്പോൾ നിലക്കാത്ത കൈയടികൾ കേൾക്കുമാറായി…

Read more…ചികിത്സാപ്പിഴവില്‍ മരിച്ച പ്രവാസി നഴ്‌സ് സന്ധ്യാ മേനോന്‍ രുചിക്കൂട്ടുകളുടെ കൂട്ടുകാരി