100 കോടിയുടെ സ്വർണ്ണക്കടത്ത്; തിരുവനന്തപുരം കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി ഒളിവിൽ, സരിത്തിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത് വഴിവിട്ട ബന്ധങ്ങളുടെ പേരിൽ…

100 കോടിയുടെ സ്വർണ്ണക്കടത്ത്; തിരുവനന്തപുരം കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി ഒളിവിൽ, സരിത്തിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത് വഴിവിട്ട ബന്ധങ്ങളുടെ പേരിൽ…
July 06 14:36 2020 Print This Article

ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ കണ്ണികളിലൊരാളെക്കുറിച്ച് അന്വേഷകര്‍ക്ക് വിവരം കിട്ടിയതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന സുരേഷിനും ഈ ഇടപാടില്‍ പങ്കാളിത്തമുണ്ടെന്ന് നിലവില്‍ അന്വേഷകരുടെ പിടിയിലുള്ള സരിത്ത് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്വപ്നം ഇപ്പോള്‍ ഒളിവിലാണ്. ഇവരാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

ഒരു ഇടപാട് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇരുവര്‍ക്കും 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നെന്നാണ് വിവരം. നേരത്തെയും പലതവണ ഇവര്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ നിറച്ച് സ്വര്‍ണം കടത്തിയിരുന്നെന്നും സൂചനകളുണ്ട്. സ്വപ്ന നിലവിൽ സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡില്‍ (KSITIL) ജോലി ചെയ്തു വരികയായിരുന്നു. സ്ഥാപനത്തില്‍ ഓപ്പറേഷൻസ് മാനേജരാണ് സ്വപ്ന. ഐടി മേഖലയില്‍ മുന്‍പരിചയമില്ലാത്ത സ്വപ്ന എങ്ങനെ ഈ പദവിയിലെത്തിയെന്നതിലും ദുരൂഹതയുണ്ട്. ഈ സ്ഥാപനത്തിലെത്തി മാസങ്ങൾക്കകം തന്നെ സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായി മാറി. സ്വപ്നയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും ഇവര്‍ സ്ഥാപനത്തില്‍ തുടരുന്നത് സ്പേസ് പാര്‍ക്കിന്റെ ചുമതലയുള്ളതു കൊണ്ടാണെന്നാണ് ഐടി വകുപ്പിന്റെ വിശദീകരണം.

നേരത്തെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സരിത്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ചില വഴിവിട്ട ബന്ധങ്ങളുടെ പുറത്തായിരുന്നു പിരിച്ചുവിടലെന്നാണ് വിവരം. എങ്കിലും കോണ്‍സുലേറ്റിലെ പിആര്‍ഒ എന്ന നിലയിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. കോണ്‍സുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്ത് നിരവധി പേരെ കബളിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎഇ കോൺസുലേറ്റിന്റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പല ബാഗേജുകളും സരിത് കൈപ്പറ്റിയിരുന്നു. വിമാനത്താവളത്തിനു പുറത്തേക്ക് ബാഗേജ് എത്തിക്കുകയെന്ന ചുമതലയാണ് സരിത്തിനുണ്ടായിരുന്നത്.

കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എക്സ്പോർട്ടിംഗ് കമ്പനിയും സ്വർണക്കടത്തിന് പിന്നിൽ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.അതെസമയം സ്വപ്ന സുരേഷിനെ ഐടി വകുപ്പ് പിരിച്ചുവിട്ടതായി മാധ്യമം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വപ്നയും സരിത്തും ചേര്‍ന്ന് 2019 മുതല്‍ 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയെന്നാണ് സരിത്തിന്റെ മൊഴികളില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുന്നത്. ആര്‍ക്കാണ് സ്വര്‍ണം എത്തിച്ചേരുന്നതെന്ന് സരിത്തിന് അറിയില്ല. സ്വര്‍ണം വിമാനത്താവളത്തിനു പുറത്തെത്തിക്കുന്നതോടെ തന്റെ ജോലി കഴിയുന്നുവെന്നാണ് സരിത്തിന്റെ വിശദീകരണം. സ്വപ്ന എയർപോർട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെയും വാട്സ്ആപ് ചാറ്റിന്റെയും വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഐ.ബി, റോ ഉദ്യോഗസ്ഥർ സരിത്തിനെ ചോദ്യം ചെയ്യുകയാണ്.

അഞ്ച് പേരെ ഉപയോഗിച്ചാണ് ഈ സ്വര്‍ണക്കടത്ത് നടത്തിയിരുന്നതെന്നാണ് വിവരം. ഇവരിലൊരാളാണ് സ്വപ്ന സുരേഷ്.ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജിലൊളിപ്പിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. നയതന്ത്ര ഉടമ്പടി പ്രകാരം കോണ്‍സുലേറ്റിലേക്ക് വരുന്ന ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പരിശോധിക്കാന്‍ പാടില്ല. ഇനി പരിശോധിക്കണമെങ്കില്‍ കേന്ദ്ര അനുമതി നിര്‍ബന്ധമാണ്. കൂടാതെ കോണ്‍സുലേറ്ററുടെ സാന്നിധ്യത്തില്‍ മാത്രമേ ഇത്തരമൊരു പരിശോധന നടത്താനാകൂ. കഴിഞ്ഞദിവസം നടത്തിയ പരിശോധനയും കോണ്ഡസലേറ്ററുടെ സാന്നിധ്യത്തിലായിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles