ഫെെസൽ ഫരീദ് ദുബായിൽ അറസ്റ്റിൽ; ഇന്ത്യയ്‌ക്ക് കെെമാറും

ഫെെസൽ ഫരീദ് ദുബായിൽ അറസ്റ്റിൽ; ഇന്ത്യയ്‌ക്ക് കെെമാറും
July 19 09:18 2020 Print This Article

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫെെസൽ ഫരീദിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്‌തു. റാഷിദിയ പൊലീസാണ് ഫെെസലിനെ മൂന്ന് ദിവസം മുൻപ് അറസ്റ്റ് ചെയ്‌തത്. ഫെെസൽ ഫരീദിനെ ഇന്ത്യയ്‌ക്ക് കെെമാറും.

സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നയതന്ത്ര ബാഗ് വഴി സ്വർണം കടത്താൻ വിദഗ്‌ധമായ പദ്ധതികൾ തയ്യാറാക്കിയിരുന്നതായി റിപ്പോർട്ടുകൾ. ഡമ്മി ബാഗ് ഉപയോഗിച്ച് പരീക്ഷണം നടത്തി. പിടിക്കില്ലെന്ന് ഉറപ്പായതോടെ നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് നയതന്ത്ര ചാനൽ വഴി ഡമ്മി ബാഗ് കടത്തി പരീക്ഷിച്ചത്. പിന്നീട് പലതവണകളായി 230 കിലോ സ്വർണം കടത്തിയതായാണ് വിവരം. എന്നാൽ, ഇതുവരെ പിടിച്ചത് 30 കിലോ മാത്രം! നയതന്ത്ര ബാഗേജ് വഴി കടത്തിയ 200 കിലോ സ്വർണത്തെ കുറിച്ച് അന്വേഷിക്കും.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷും സംഘവും ചേർന്ന് 23 തവണ സ്വർണം കടത്തിയതായാണ് കസ്റ്റംസിനു വിവരം ലഭിച്ചിരിക്കുന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയ്‌തത് സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സരിത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. 152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി. താനാണ് ബാഗേജ് ക്ലിയർ ചെയ്‌തതെന്ന് സരിത് സമ്മതിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് അറ്റാഷെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. നയതന്ത്ര ബാഗേജ് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടാണ് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. നയതന്ത്ര ബാഗ് യുഎഇയിലേക്ക് തിരിച്ചയക്കണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അറ്റാഷെയുടെ പേരിലാണ് സ്വർണമടങ്ങുന്ന നയതന്ത്ര ബാഗ് തിരുവനന്തപുരത്ത് എത്തിയത്. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ച് ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസിനെ താൻ വിളിച്ചിരുന്നതായി സ്വപ്‌ന സുരേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബാഗേജ് വിട്ടയച്ചില്ലെങ്കിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ തടഞ്ഞുവയ്‌ക്കുമെന്ന് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിൽ ഇപ്പോൾ ഒരേയൊരു അഡ്‌മിൻ അറ്റാഷെ മാത്രമാണുള്ളത്. അറ്റാഷെ അടക്കം മറ്റ് അഡ്‌മിൻ അറ്റാഷെമാരെല്ലാം ഇന്ത്യ വിട്ടു. യുഎഇ നാഷണൽ സെക്യൂരിറ്റി വിഭാഗം അറ്റാഷെമാരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

വ്യാജരേഖ കേസിൽ സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. 2016 മാർച്ചിൽ കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബിനോയ്‌ ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. 2019ൽ ക്രൈം ബ്രാഞ്ചിലേക്ക് കേസ് മാറിയതിനു ശേഷമാണ് സ്വപ്‌നയെ കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles