ഇൻഡോർ: ഇന്ത്യൻ പൗരത്വം സ്വീകരിച്ച പാക്കിസ്ഥാൻ വംശജനായ ഗായകൻ അദ്‌നാൻ സാമിക്ക് പത്മശ്രീ നൽകിയതിനെച്ചൊല്ലി കേന്ദ്രസർക്കാരിനെ വിമർശിച്ച് നടി സ്വര ഭാസ്‌കർ. “ഭരണഘടന സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക” എന്ന പേരിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു സ്വരയുടെ വിമർശനം.
“അഭയാർഥികൾക്ക് പൗരത്വം നൽകാനും നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യാനുമുള്ള നിയമ നടപടികൾ ഇന്ത്യയിൽ ഇതിനകം നിലവിലുണ്ട്. നിങ്ങൾ (സർക്കാർ) അദ്നാൻ സാമിക്ക് ഇന്ത്യൻ പൗരത്വം നൽകി, ഇപ്പോൾ അദ്ദേഹത്തിന് പദ്മശ്രീയും നൽകി. ഇങ്ങനെയാണെങ്കിൽ എന്താണ് പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) ആവശ്യകതയും ന്യായീകരണവും?” സ്വര ഭാസ്‌കർ ചോദിച്ചു. ലണ്ടനിൽ ജനിച്ച പാക്കിസ്ഥാൻ വംശജനായ അദ്നാൻ സാമി പ്രശസ്ത ഗായകനും പെയിന്ററും ഗാനരചയിതാവും നടനുമാണ്.
ഒരു ഭാഗത്ത് പ്രതിഷേധക്കാരെ തല്ലിയോടിക്കുന്ന ബിജെപി മറുഭാഗത്ത് ഒരു പാക്കിസ്ഥാനിക്ക് പദ്മശ്രീ നല്‍കുകയാണെന്ന് സ്വര ഭാസ്കർ വിമർശിച്ചു. പൗരത്വ ഭേദഗതി നിയമം പാസാക്കുന്നത് ഭരണഘടനയെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും സ്വര ഭാസ്കർ പറഞ്ഞു.
”ശബ്ദമുയര്‍ത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു. പൗരത്വഭേദഗതിയെ പിന്തുണയ്ക്കുന്നവര്‍ നുഴഞ്ഞു കയറ്റക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് യഥാര്‍ഥ പ്രശ്‌നക്കാരെ അവര്‍ക്ക് കാണാന്‍ സാധിക്കാത്തത്. ഈ നുഴഞ്ഞു കയറ്റക്കാര്‍ സര്‍ക്കാരിന്റെ മനസ്സിലാണ് കടന്നു കൂടിയിരിക്കുന്നത്. ബിജെപിക്കും സര്‍ക്കാരിനും പാക്കിസ്ഥാനോട് പ്രണയമാണ്. നാഗ്പൂരില്‍ ഇരുന്നുകൊണ്ട് അവര്‍ ഇന്ത്യ മുഴുവന്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു”- സ്വര പറഞ്ഞു
Leave a Reply