ബിനോയ്‌ ജോസഫ്‌

ആത്മീയതയുടെ പ്രകാശം പ്രോജ്ജ്വലിപ്പിക്കുവാനും ലോകമെമ്പാടും സുവിശേഷ വചനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനും നിയോഗിക്കപ്പെട്ടവരുടെ മുന്‍നിരയില്‍ എന്നും നേതൃത്വം വഹിച്ചവരാണ് ഭാരത സഭാമക്കള്‍. ദൃഢനിശ്ചയത്തോടെ തൻറെ ഉള്ളിലെ വിശ്വാസത്തിൻറെ തിരിനാളം ലോകത്തിനു പ്രകാശമായി ചൊരിയാന്‍ എന്നും പ്രതിജ്ഞാബദ്ധമായവരുടെ ഒരു കൂട്ടായ്മയാണ് ഭാരത സഭ. സെന്റ് തോമസിൻറെ വരവോടെ എ.ഡി 52ല്‍ ഭാരതത്തില്‍ ആരംഭിച്ച ദൈവവിശ്വാസത്തിൻറെ ചെറുനാമ്പുകള്‍ ഇന്നും പടര്‍ന്നു പന്തലിക്കുകയാണ്. എ.ഡി 72ല്‍ മൈലാപ്പൂരില്‍ രക്തസാക്ഷിയായി മാറിയ സെന്റ് തോമസ് ചിന്തിയ രക്തം ഭാരതസഭയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കി. 1292ല്‍ ഇന്ത്യയില്‍ എത്തിയ മാര്‍ക്കോപോളോയും സഭയുടെ സാന്നിധ്യത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. 1400കളില്‍ പുരാതന സഭായുഗം അവസാനിച്ചെങ്കിലും 1498ല്‍ വാസ്‌കോഡഗാമയുടെ വരവ് ഒരു പോര്‍ച്ചുഗീസ് മേധാവിത്വത്തിന് വഴിയൊരുക്കി. 1600കളില്‍ വരെ യൂറോപ്പില്‍ നിന്നുള്ള മിഷനറിമാര്‍ ഭാരതസഭയുടെ നിയന്ത്രണം ഏറ്റെടുത്തു.പതിനേഴാം നൂറ്റാണ്ടിൻറെ തുടക്കം മുതല്‍ ഭാരതസഭ വിഘടിക്കുവാന്‍ തുടങ്ങി. ആര്‍ച്ച് ബിഷപ്പ് മെനേസിസിൻറെ നിയന്ത്രണങ്ങളും കൂനന്‍ കുരിശ് സത്യവും പതിനേഴാം നൂറ്റാണ്ടിലായിരുന്നു സഭയില്‍ അരങ്ങേറിയത്. അങ്കമാലി പടിയോലയും മാര്‍ ജോസഫ് കരിയാറ്റിയുടെയും പാറേമാക്കല്‍ തോമാ കത്തനാരുടെ നിയമനവും ഈ കാലയളവില്‍ നടന്നു. മാന്നാനം സെമിനാരിയുടെ സ്ഥാപനം ഇക്കാലത്തെ എടുത്തു പറയേണ്ട ഒരു കാര്യമാണ്.

പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനകാലങ്ങളില്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് സ്വയം ഭരണാവകാശങ്ങള്‍ കിട്ടിത്തുടങ്ങി. കോട്ടയം, തൃശൂര്‍ വികാരിയാത്തുകളുടെ സ്ഥാപനം അതിലെ പ്രധാന ഒരു നടപടിയായി. 1923ല്‍ സീറോ മലബാര്‍ ഹയറാര്‍ക്കി നിലവില്‍വന്നു. മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി രൂപതകള്‍ ഇന്ത്യയിലും പുറത്തുമായി സീറോ മലബാര്‍ സഭയ്ക്ക് നല്‍കപ്പെട്ടു. പ്രേഷിത പ്രവര്‍ത്തകരുടെ വിളനിലമായി സീറോ മലബാര്‍ സഭ മാറി. 1992 ഡിസംബര്‍ 16ന് എറണാകുളം -അങ്കമാലി ആസ്ഥാനമായി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി സീറോ മലബാര്‍ സഭ ഉയര്‍ത്തപ്പെട്ടു. ആദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ ആന്റണി പടിയറ നിയമിതനായി. മാര്‍ വര്‍ക്കി വിതയത്തിലിൻറെ കാലശേഷം മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയ്ക്ക് നേതൃത്വം നല്‍കാനെത്തി.

2016 ജൂലൈയില്‍ യുകെയിലെ സഭാ വിശ്വാസികള്‍ക്കായി ഒരു രൂപത നിര്‍ദ്ദേശിച്ചു. പ്രസ്റ്റണ്‍ അടിസ്ഥാനമായുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ പ്രഥമ ബിഷപ്പായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി. യുകെയിലുള്ള സഭാ വിശ്വാസികളുടെ അനുഗ്രഹ നിമിഷത്തിന് ലോകമെങ്ങും പ്രാര്‍ത്ഥനയോടെ സാക്ഷ്യം വഹിച്ചു. വികാരി ജനറല്‍മാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ വിശ്വാസഗണത്തെ ജീവിത യാത്രയില്‍ ആത്മീയ വഴിയിലൂടെ കൈപിടിച്ച് നടത്താനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്കുള്ളത്. ജനിച്ച നാട്ടില്‍ നിന്നും 5000 മൈലുകള്‍ക്കപ്പുറം വ്യത്യസ്ത സംസ്‌കാരവുമായി ഇഴുകിചേര്‍ന്ന് ജീവിക്കുന്ന പ്രവാസികള്‍ക്ക് ഒരു പ്രതീക്ഷയുടെ തിരിനാളമാണ് പുതിയ രൂപതയിലൂടെ കൈവന്നത്.

ആയിരക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് വഴികാട്ടിയാകേണ്ടത് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയാണ്. അവരെ നയിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതും വളര്‍ത്തേണ്ടതും രൂപതയുടെ കടമയാണ്. ജീവിതത്തിരക്കുകള്‍ക്കിടയില്‍ ദൈവസന്നിധിയില്‍ അണയാനും പ്രാര്‍ത്ഥിക്കുവാനും പുനര്‍ വിചിന്തനം നടത്തുവാനും സമൂഹത്തില്‍ പരിമള സുഗന്ധമായി ജീവിതം പരിപോഷിപ്പിക്കുവാനും സഭാംഗങ്ങളെ പ്രോത്സാഹിപ്പിക്കുവാനും സഭയ്ക്ക് കഴിയണം. മരണാനന്തര സ്വര്‍ഗ്ഗരാജ്യമെന്ന സങ്കല്പത്തെക്കാളുപരി ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം സൃഷ്ടിക്കുക എന്നതായിരിക്കണം സഭയുടെ ദൗത്യം.

പ്രവാസികള്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പ്രാര്‍ത്ഥനാ ജീവിതം കെട്ടിപ്പെടുക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുവാന്‍ വിശ്വാസികളെ പരിശീലിപ്പിക്കുക എന്നതായിരിക്കണം സീറോ മലബാര്‍ രൂപതയുടെ പ്രധാന ലക്ഷ്യം. തങ്ങളില്‍ രൂഢമൂലമായിരിക്കുന്ന ദൈവിക ചിന്തകളില്‍ അവരെ നിലനിര്‍ത്താനും അതില്‍ കൂടുതല്‍ ഉറപ്പിക്കാനും സഹജീവികളിലേയ്ക്ക് നന്മയുടെ വചസുകള്‍ പകര്‍ന്നു നല്‍കാന്‍ അവരെ പ്രേരിപ്പിക്കുന്ന വിധത്തിലാകണം സഭയുടെ പ്രവര്‍ത്തനം. വിശ്വാസികളെ സഭയിലേക്ക് അടുപ്പിക്കുക എന്നതിനേക്കാള്‍ സഭ വിശ്വാസി സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലണം. അതിനുപയുക്തമായ മാര്‍ഗങ്ങളായിരിക്കണം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭാ നേതൃത്വം സ്വീകരിക്കേണ്ടത്. മതവിശ്വാസം അടിച്ചേല്‍പിക്കേണ്ട ഒന്നല്ല. വ്യക്തി സ്വാതന്ത്ര്യത്തിൻറെ മേല്‍ കടന്നു കയറുന്ന ഒന്നാവരുത് മതം. വ്യക്തികളെ ബഹുമാനിക്കുന്നതോടൊപ്പം അവരുടെ ധാര്‍മ്മിക ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുന്ന രാസത്വരകമായി മതവിശ്വാസം മാറണം. മതവിശ്വാസം ഒരു വ്യക്തിക്കും ഒരു ബന്ധനമാകരുത്. സമൂഹത്തിലുള്ള സഹജീവികളേയും പരിഗണിക്കുന്ന തരത്തിലായിരിക്കണം സഭാ ജീവിതം ഓരോരുത്തരെയും സ്വാധീനിക്കേണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ ഇംഗ്ലീഷ് സമൂഹത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ടവരല്ല മറ്റു സമൂഹങ്ങള്‍. ബ്രിട്ടീഷ് സംസ്‌കാരത്തിൻറെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് തോളോടുതോള്‍ ചേര്‍ന്ന് മുന്നോട്ട് പോകുവാന്‍, സഭ വിശ്വാസികള്‍ക്ക് പ്രചോദനം നല്‍കണം. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മുന്നേറുവാന്‍ രൂപത വിശ്വാസികളെ സഹായിക്കേണ്ടതുണ്ട്. സഹിഷ്ണുതയോടെ എല്ലാവരെയും കൈനീട്ടി സ്വീകരിക്കുന്ന ബ്രിട്ടീഷ് സംസ്‌കാരത്തെ മാനിക്കാന്‍ നാമും തയ്യാറാവണം. നമ്മുടെ രീതികളും പെരുമാറ്റങ്ങളും ഇംഗ്ലീഷ് സമൂഹത്തെ അലോസരപ്പെടുത്തുന്ന രീതിയിലാവരുത്. നമ്മുടെ സ്വന്തമായ ശൈലികളും ആരാധനാ രീതികളും ഇതര സമൂഹങ്ങള്‍ക്ക് കൂടി അനുയോജ്യമായ രീതിയില്‍ അനുവര്‍ത്തിക്കുവാന്‍ ശ്രമിക്കണം.

ഇംഗ്ലീഷ് സമൂഹതിനു വിശ്വാസം കുറവാണെന്നും അവരെ നേര്‍വഴിക്ക് നയിക്കാന്‍ നമ്മള്‍ മാതൃക നല്കണം എന്നും പറഞ്ഞ് കുറെയാളുകള്‍ ഇറങ്ങിയിട്ടുണ്ട്. സ്വന്തം കുടുംബം നോക്കി നടത്താന്‍ കഴിയാത്തവര്‍ നാടുനന്നാക്കാന്‍ ഇറങ്ങിയിട്ടുണ്ട് എന്നു വേണമെങ്കില്‍ പറയാം. നിലവില്‍ ഇംഗ്ലീഷ് സമൂഹം ഉപയോഗിക്കുന്ന പള്ളികളും പാരീഷ് ഹാളുമാണ് സീറോ മലബാര്‍ സഭ തങ്ങളുടെ വിശ്വാസികള്‍ക്കായി ഉപയോഗിക്കുന്നത്. ഈ സൗകര്യങ്ങള്‍ ഇംഗ്ലീഷ് സമൂഹം നമുക്ക് നല്‍കുമ്പോള്‍ അവരോട് നന്ദി കാണിക്കുവാന്‍ നമുക്ക് കടമയുണ്ട്. അതിനു പകരം കിട്ടിയിരിക്കുന്ന സൗകര്യങ്ങള്‍ ദുരുപയോഗപ്പെടുത്തിയാല്‍ ഇംഗ്ലീഷ് സമൂഹം വിശ്വാസികളില്‍ നിന്ന് അകലാന്‍ ഇടയാകും. ഇത് ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

സീറോ മലബാര്‍ സഭയുടെ വക്താക്കള്‍ എന്ന പേരില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ വ്യക്തികള്‍ സമൂഹത്തെ നിയന്ത്രിക്കുന്നത് ഒഴിവാക്കണം. സഭയുടെ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമനുസരിച്ച് മാത്രമേ ഇവര്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. നേതാവ് ചമയാന്‍ സഭയെ ഉപയോഗിക്കുന്ന വ്യക്തികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കണം. ആത്മീയതയോ ധാര്‍മ്മികതയോ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തവര്‍ സമൂഹങ്ങളുടെ നേതൃ നിരയില്‍ വരാന്‍ പാടില്ല. അങ്ങനെയുള്ളവരുടെ പ്രവര്‍ത്തനം സഭാ സമൂഹങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടും. ഗുണത്തേക്കാളേറെ ദോഷങ്ങളായിരിക്കും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുക. ഓരോ സ്ഥലങ്ങളിലെയും പ്രവര്‍ത്തന പദ്ധതികള്‍ രൂപീകരിക്കുന്നത് അവിടുത്തെ ജനങ്ങളെയും വ്യക്തികളെയും അറിഞ്ഞുകൊണ്ടും മനസിലാക്കിക്കൊണ്ടുമായിരിക്കണം.

(ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഈ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.)

ലേഖനത്തിന്‍റെ അവസാന ഭാഗം നാളെ പ്രസിദ്ധീകരിക്കുന്നതാണ്

ഫേസ്ബുക്ക് ലൈവ് അല്ല വേണ്ടത്, ആത്മീയതയ്ക്ക് പ്രധാന്യം നല്‍കുന്ന പ്രവര്‍ത്തനശൈലി സഭാ നേതൃത്വം സ്വീകരിക്കണം. കുടുംബങ്ങളെ കൂടുതല്‍ ഇമ്പമുള്ളതാക്കാനും സമൂഹമധ്യത്തില്‍ പ്രകാശഗോപുരമായി മാറാനും സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് കഴിയട്ടെ…. നാളെ വായിക്കുക
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയെ വിമർശിക്കാൻ സമയമായിട്ടില്ല. അതിന് ആരും മുതിരേണ്ട ഒരു സാഹചര്യവും നിലവിലില്ല. ‘ബ്രിസ്റ്റോള്‍ മോഡല്‍’ നടപ്പിലാക്കുന്നവര്‍ സഭയെ തളർത്തും. Part 1