ലണ്ടന്‍: ബ്രെക്‌സിറ്റ് അതിന്റെ അടിസ്ഥാന തലത്തില്‍ ബ്രിട്ടീഷ് പൗരന്‍മാരുടെ ചില മൗലികാവകാശങ്ങള്‍ ഇല്ലാതാക്കിയേക്കുമെന്ന് ആശങ്ക ഉയരുന്നു. ആരോഗ്യത്തിനുള്ള അവകാശം ബ്രെക്‌സിറ്റോടെ ഇല്ലാതാകുമെന്ന് പബ്ലിക് ഹെല്‍ത്ത് പ്രൊഫസറും ബാരിസ്റ്ററുമായ തമാര ഹെര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. കോടതികളില്‍ നടക്കുന്ന കേസുകളില്‍ പുകയില, മദ്യ കമ്പനികള്‍ അനായാസം വിജയിക്കുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. യൂറോപ്യന്‍ യൂണിയന്‍ ചാര്‍ട്ടര്‍ ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്‌സ് ഇല്ലാതാകുന്നതോടെയാണ് ഈ സ്ഥിതിവിശേഷം ഉണ്ടാവുകയെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ പറഞ്ഞു.

പ്ലെയിന്‍ സിഗരറ്റ് പാക്കിംഗില്‍ ഉണ്ടായിരുന്ന കേസില്‍ പുകയില കമ്പനികള്‍ വിജയിച്ചതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് തമാര ഹെര്‍വേ ഇക്കാര്യം സമര്‍ത്ഥിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം വ്യവസായങ്ങള്‍ക്ക് നിയമത്തിനു മേല്‍ സ്വാധീനമുണ്ടായേക്കും. ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെ സാന്നിധ്യം, ജോലി സ്ഥലങ്ങളിലെ സുരക്ഷയും ആരോഗ്യ സംരക്ഷണവും, അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതും അവ നീക്കം ചെയ്യുന്നതും, മരുന്നുകളുടെ നിയന്ത്രണം, ജലത്തിന്റെയും വായുവിന്റെയും നിലവാരം തുടങ്ങിയ വിഷയങ്ങളില്‍ നിയമം സ്വാധീനിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് ഇവര്‍ പങ്കുവെക്കുന്നത്.

ബ്രെക്‌സിറ്റ് ഈ വിധത്തിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ശക്തരായ വ്യവസായികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചു നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായേക്കും. യൂറോപ്യന്‍ ചാര്‍ട്ടര്‍ യുകെ നിയമമാക്കില്ലെന്നാണ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചതിനു ശേഷം അവതരിപ്പിച്ച ഗ്രേറ്റ് റിപ്പീല്‍ ബില്ല് പറയുന്നത്. ഈ ചാര്‍ട്ടറിലെ 35-ാമത് ആര്‍ട്ടിക്കിളിലാണ് റൈറ്റ് ടു ഹെല്‍ത്ത് എന്ന സുപ്രധാന നിര്‍ദേശമുള്ളത്. പ്ലെയിന്‍ സിഗരറ്റ് പാക്കിംഗ് കേസിലും ആല്‍ക്കഹോള്‍ വില നിര്‍ണ്ണയത്തേക്കുറിച്ചുള്ള കേസില്‍ വിസ്‌കി കമ്പനികള്‍ക്കെതിരെയും ഈ നിര്‍ദേശമായിരുന്നു ഉപയോഗിച്ചിരുന്നത്.

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ ഈ ചാര്‍ട്ടര്‍ അസാധുവാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ അന്താരാഷ്ട്ര കരാറുകള്‍ അനുസരിച്ച് ലഭ്യമാകുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.