അര്‍ബുദ ചികിത്സാ രംഗത്ത് വിപ്ലവകരമായ മുന്നേറ്റവുമായി ടി സെല്‍ തെറാപ്പി

February 16 07:01 2016 Print This Article

ലണ്ടന്‍: ശരീരത്തിന്റെ തന്നെ പ്രതിരോധസംവിധാനം ഉപയോഗിച്ചുലള ടി സെല്‍ തെറാപ്പി അര്‍ബുദ ചികിത്സാരംഗത്ത് വന്‍ മാറ്റങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ച് മാസത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്ന് വിധിയെഴുതിയ രക്താര്‍ബുദ രോഗികള്‍ ഈ ചികിത്സയിലൂടെ പതിനെട്ട് മാസത്തിന് ശേഷവും പൂര്‍ണ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുവെന്ന് ഗവേഷകര്‍ അറിയിച്ചു. ഇവരുടെ ശരീരത്തില്‍ രോഗത്തിന്റെ ഒരു തരി പോലും അവശേഷിക്കുന്നില്ലെന്നും അവര്‍ അവകാശപ്പെട്ടു. ശരീരത്തിലെ ശ്വേത രക്താണുക്കളുടെ ഒരു വകഭേദം ജനിതക എഞ്ചിനീയറിംഗിലൂടെ നിര്‍മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇവയ്ക്ക് അര്‍ബുദ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനാകും.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന, മജ്ജയിലെ രക്താര്‍ബുദം ബാധിച്ച 35 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 90 ശതമാനവും വിജയകരമായിരുന്നു. ഇവരില്‍ രോഗം പൂര്‍ണമായും ഭേദമായി. മറ്റ് രണ്ട് പരീക്ഷണങ്ങളിലായി നാല്‍പ്പത് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ എണ്‍പത് ശതമാനവും വിജയം കണ്ടതായും ഗവേഷകര്‍ അവകാശപ്പെട്ടു. പതിനെട്ട് മാസം കൊണ്ട് ഇവരില്‍ പകുതി പേരുടെയും രോഗം പൂര്‍ണമായും ഭേദപ്പെട്ടു. പുതിയ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്.

പരീക്ഷണത്തെക്കുറിച്ചുളള സംഗ്രഹം ഇന്നലെ വാഷിംഗ്ടണില്‍ അവസാനിച്ച അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ ടിസെല്ലുകളുടെ പരീക്ഷണം എല്ലാ രോഗികളിലും ഒരു പോലെ നടത്താനാകില്ലെന്ന് അര്‍ബുദ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചിലരിലിത് വലിയ പാര്‍ശ്വഫലങ്ങള്‍ക്ക് വഴിവയ്ക്കും. ചിലരെ ഇത് മരണത്തിലേക്കും നയിച്ചേക്കാം. എങ്കിലും എല്ലാ ചികിത്സകളും കഴിഞ്ഞ ചില രോഗികളില്‍ ഇത് അത്ഭുതകരമായ മാറ്റമുണ്ടാക്കിയത് തികച്ചും അപ്രതീക്ഷിതമാണെന്നും ഇവര്‍ പറയുന്നു. പരീക്ഷണം തങ്ങളെ ഞെട്ടിച്ചതായും സിയാറ്റലിലെ ഫ്രഡ് ഹച്ചിന്‍സണ്‍ അര്‍ബുദ ഗവേഷണ കേന്ദ്രത്തിലെ ഡോ.സ്റ്റാന്‍ലി റിഡില്‍ പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles