മണിപ്പാല്‍:  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി(77) അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയില്‍ വൈകുന്നേരം ഏഴരയോടെയായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച്ച വൈകിട്ട് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച്ചയാണ്‌ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

എറണാകുളം ചെറായി സ്വദേശിയാണ് അദ്ദേഹം. പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായിരുന്ന ഷേണായിയെ 2003ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട പത്രപ്രവര്‍ത്തക ജീവിതത്തിനിടെ വിദേശപത്രങ്ങളിലടക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതിയിട്ടുണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയായിരുന്നു പത്രപ്രവര്‍ത്തനരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. ദ് വീക്ക്  എഡിറ്ററായും പ്രസാര്‍ഭാരതി നിര്‍വ്വഹണസമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 മുതല്‍ സ്വതന്ത്രപത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു.

സാമ്പത്തിക-രാഷ്ട്രീയനിരീക്ഷകനുമായിരുന്നു അദ്ദേഹം. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലടക്കം നിരവധി വേദികളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മൊറോക്കോ രാജാവില്‍ നിന്ന് ഉന്നത ബഹുമതിയായ അലാവിറ്റ കമാണ്ടര്‍ വിസ്ഡം പുരസ്‌കാരവും ലഭിച്ചിച്ചുണ്ട്.

സരോജമാണ് ഭാര്യ. സുജാത,അജിത് എന്നിവര്‍ മക്കളാണ്.

ടി.വി.ആര്‍. ഷേണായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ടി.വി.ആര്‍. ഷേണായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാളി പത്രപ്രവര്‍ത്തകനായിരുന്നു ടി.വി.ആര്‍. ഷേണായി എന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ഗഹനമായ ദേശീയ-അന്തര്‍ദേശീയ പ്രശ്നങ്ങള്‍ വായനക്കാര്‍ക്കു മുമ്പില്‍ ലളിതമായും ഉള്‍ക്കാഴ്ചയോടെയും അവതരിപ്പിക്കുന്നതില്‍ അദ്ദേഹം അന്യാദൃശമായ പാടവം പ്രകടിപ്പിച്ചു. അഞ്ച് പതിറ്റാണ്ട് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അദ്ദേഹം കേരളത്തിന്റെ അംബാസിഡറായാണ് അറിയപ്പെട്ടത്.

അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുള്ളവര്‍ പോലും പത്രപ്രവര്‍ത്തന മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെ വിലമതിക്കും. പത്രപ്രവര്‍ത്തനരംഗത്തെ പുതുതലമുറയ്ക്ക് ഗുരുസ്ഥാനീയനയാണ് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.വി.ആര്‍.ഷേണായിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല അനുശോചിച്ചു.

തിരുവനന്തപുരം: പ്രമുഖ പത്രപ്രവര്‍ത്തകന്‍ പത്മഭൂഷണ്‍ ടി വി ആര്‍ ഷേണായിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.  ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ കുലപതികളൊരാളെയാണ്  അദ്ദേഹത്തിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നതെന്ന് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. താന്‍ ഡല്‍ഹിയിലെത്തിയ കാലം മുതല്‍ ഒരു  മുതിര്‍ന്ന ജ്യേഷ്ഠനെന്നപോലെ തനിക്ക് മാര്‍ഗ നിര്‍ദേശവും വഴികാട്ടിയുമായി നിലകൊണ്ട  ടി വി ആര്‍  ഷേണായിയുടെ വിയോഗം വ്യക്തിപരമായി തനിക്ക്   കനത്ത നഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.