രാജ്യത്തെ കോവിഡ് സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തില്‍ ടി20 ലോക കപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ ബി.സി.സി.ഐയുടെ പച്ചക്കൊടി. ടി20 ലോക കപ്പിന് മറ്റൊരു വേദി നിശ്ചയിക്കാനുള്ള ഐ.സി.സിയുടെ നീക്കങ്ങള്‍ക്കു ബി.സി.സി.ഐ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്.

യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലായിരിക്കും ലോക കപ്പ് മല്‍സരങ്ങള്‍ നടക്കുകയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. നേരത്തെയും ഇതു സംബന്ധിച്ച സൂചനകള്‍ ബി.സി.സി.ഐ അധികൃതര്‍ തന്നെ പങ്കുവെച്ചിരുന്നു. ലോക കപ്പ് ഇന്ത്യയില്‍ തന്നെ നടത്താന്‍ ബി.സി.സി.ഐ പരമാവധി ശ്രമിച്ചെങ്കിലും രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ മോശമായി തന്നെ തുടരുന്നതാണ് തിരിച്ചടിയാവുന്നത്.

യു.എ.ഇ വേദിയാകുമെങ്കിലും ആതിഥേയത്വ പദവി ഇന്ത്യയ്ക്ക് തന്നെയാവും. ഒക്ടോബര്‍ അവസാന വാരമാണ് ടി20 ലോക കപ്പിനു തുടക്കമാവം. യു.എ.ഇയിലെ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയ്ക്കൊപ്പം ഒമാനിലെ മസ്‌കറ്റിനെ നാലാമത്തെ വേദിയാവും.

16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടി20 ലോക കപ്പിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ക്കായിരിക്കും മസ്‌കറ്റ് വേദിയാവുക. ഒക്ടോബര്‍ 10ഓടെ ഐ.പി.എല്ലിലെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ യു.എ.ഇയില്‍ അവസാനിക്കും. ഐ.പി.എല്ലിനു ശേഷം ടി20 ലോക കപ്പിനായി പിച്ചുകള്‍ തയ്യാറാക്കാന്‍ മൂന്നാഴ്ച സമയം ലഭിക്കുകയും ചെയ്യും.