രാജ്യത്തെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് തബസ്സും ഫാതിമ ഹഷ്‌മി എന്ന തബു. ഹിന്ദി, തമിഴ്, തെലുങ്ക്‌, മലയാളം, മറാത്തി, ബംഗാളി ചിത്രങ്ങളിലെല്ലാം തിളങ്ങിയ താബു രണ്ടു തവണ മികച്ച നടിയ്‌ക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്. പദ്മശ്രീയും ആറു ഫിലിംഫെയര്‍ അവാര്‍ഡുകളും മറ്റനേകം ദേശീയ, രാജ്യാന്തര പുരസ്കാരങ്ങളും തബുവിനെ തേടിയെത്തി. കാലാപാനി, കവർസ്റ്റോറി, രാക്കിളിപ്പാട്ട്, ഉറുമി തുടങ്ങിയ മലയാളചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് തബു. 51-ാം വയസ്സിലും അവിവാഹിതയായി തുടരുകയാണ് താരം.

അടുത്തിടെ മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ തബു തന്റെ സുഹൃത്തും ബോളിവുഡ് താരവുമായ അജയ് ദേവ്ഗണിനെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അജയ് ദേവ്ഗൺ എന്നും തബു വെളിപ്പെടുത്തുന്നു.

“അജയ് എന്റെ കസിൻ സമീർ ആര്യയുടെ അയൽക്കാരനും അടുത്ത സുഹൃത്തുമായിരുന്നു, എന്റെ ചെറുപ്പത്തിന്റെ ഭാഗമായിരുന്നു അവനും, അത് ഞങ്ങളുടെ ബന്ധത്തിന് ശക്തമായ അടിത്തറയിട്ടു. എന്റെ ചെറുപ്പത്തിൽ സമീറും അജയും ചാരപ്പണി ചെയ്യുമായിരുന്നു, അവരെന്നെ ചുറ്റിപ്പറ്റി നടക്കുകയും എന്നോട് സംസാരിക്കുന്ന ആൺകുട്ടികളെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. അവർ വലിയ ശല്യക്കാരായിരുന്നു, ഇന്ന് ഞാൻ അവിവാഹിതയാണെങ്കിൽ അതിന് കാരണം അജയ് ആണ്. അവൻ ചെയ്തതിൽ പശ്ചാത്തപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്നാണ് തമാശ കലർത്തി അജയുമായുള്ള സൗഹൃദത്തെ കുറിച്ച് തബു പറഞ്ഞത്.

തനിക്കൊരു പയ്യനെ കണ്ടുപിടിക്കാൻ താൻ അജയിനോട് ആവശ്യപ്പെട്ടിരുന്നതായും തബു പറയുന്നു. “എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് അജയ് ആണ്. അവൻ ഒരു കുട്ടിയെപ്പോലെയാണ്, അതേ സമയം ഒരു സംരക്ഷനും. അവനുള്ളപ്പോൾ സെറ്റിൽ ടെൻഷനില്ല. ഞങ്ങൾ അതുല്യമായൊരു ബന്ധവും നിരുപാധികമായ സ്നേഹവും പങ്കിടുന്നു.”

തബുവും അജയ് ദേവ്ഗണും തൊണ്ണൂറുകളിലെ ഐകോണിക് ഓൺ-സ്‌ക്രീൻ ജോഡികളാണ്. ഇരുവരുമൊന്നിച്ച് നിരവധി ബ്ലോക്ക്ബസ്റ്ററുകളിൽ അഭിനയിക്കുകയും അടുത്ത സൗഹൃദം പങ്കിടുകയും ചെയ്തിട്ടുണ്ട്. അജയ് ദേവ്ഗണിനൊപ്പം വിജയപഥ് (1994), ഹഖീഖത്ത് (1995), തക്ഷക് (1999), ദൃശ്യം (2015), ഗോൾമാൽ എഗെയ്ൻ (2017), ദേ ദേ പ്യാർ ദേ (2019) തുടങ്ങിയ ചിത്രങ്ങളിൽ തബു അഭിനയിച്ചിട്ടുണ്ട്. ദൃശ്യം 2, തമിഴ് ചിത്രം കൈതിയുടെ റീമേക്ക് ആയ ആക്ഷൻ ഡ്രാമ ചിത്രം ഭോല എന്നിവയിലും തബുവും അജയും ഒന്നിച്ച് സ്ക്രീൻ പങ്കിടുന്നുണ്ട്.

പിന്നീട്, ആർജെ സിദ്ധാർത്ഥ് കണ്ണനുമായി സംസാരിക്കവെ ഒരിക്കലും അജയ് ദേവ്ഗൺ തന്നോട് വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ ആവശ്യപ്പെടില്ലെന്നും തബു പറഞ്ഞു. “അവർക്ക് എന്നെ നന്നായി അറിയാം. എനിക്ക് എന്താണ് നല്ലതെന്നും അവർക്കറിയാം.”

തബുവിന് എന്താണ് നല്ലത്? എന്ന് സിദ്ധാർത്ഥ് ചോദിച്ചപ്പോൾ, “ഞങ്ങൾ അവൾക്ക് നല്ലതാണ്” എന്നായിരുന്നു അജയിന്റെ മറുപടി. കുട്ടിക്കാലം മുതൽ ഞങ്ങളിങ്ങനെയാണെന്നും അജയ് പറഞ്ഞു. എന്തുകൊണ്ടാണ് തബു ഇപ്പോഴും സെറ്റിൽഡ് ആവാത്തത് എന്ന ചോദ്യത്തിന്, ഞാനവന്റെ കുടുംബത്തിൽ സ്ഥിരതാമസമാക്കി എന്നായിരുന്നു തബുവിന്റെ രസകരമായ മറുപടി.