Citizenship
ബ്രിട്ടീഷ് പൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടീഷ് മൂല്യങ്ങള്‍ പഠിച്ചിരിക്കണമെന്ന് ഹോം സെക്രട്ടറി. പൗരത്വത്തിന് അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ ഇനി മുതല്‍ ഒരു ബ്രിട്ടീഷ് വാല്യൂ ടെസ്റ്റ് പാസാകണം. ഉയര്‍ന്ന നിലവാരത്തില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. ചരിത്രം, സംസ്‌കാരം, ദൈനംദിന ജീവിതം എന്നിവയില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന നിലവിലുള്ള ടെസ്റ്റിനെ ഹോം സെക്രട്ടറി സാജിദ് ജാവീദ് വിമര്‍ശിച്ചു. ഇപ്പോഴത്തെ പരീക്ഷ ഒരു പബ് ക്വിസിന് സമാനമാണെന്നാണ് അദ്ദേഹം പരിഹസിച്ചത്. ബ്രിട്ടനിലേക്ക് വരുന്നവരെ നാം സ്വാഗതം ചെയ്യുകയാണ്, പക്ഷേ പുതുതായി പൗരത്വം തേടുന്നവര്‍ക്കുള്ള പരീക്ഷയുടെ നിലവാരം പോരെന്ന് അദ്ദേഹം പറഞ്ഞു. ടോറി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ജാവീദ്. ഹെന്റി എട്ടാമന്റെ ആറാമത്തെ ഭാര്യയുടെ പേര് അറിയുന്നത് ചിലപ്പോള്‍ ഉപകാരപ്രദമായിരിക്കും. എന്നാല്‍ അതിലും പ്രധാനമെന്ന് താന്‍ കരുതുന്നത് നമ്മുടെ സമൂഹത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ലിബറല്‍ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് പുതിയ പൗരന്മാര്‍ മനസിലാക്കുന്നതാണെന്ന് ജാവീദ് വ്യക്തമാക്കി. ഒരു പബ് ക്വിസ് വിജയിക്കുന്നതിനേക്കാള്‍ ഒട്ടേറെ പ്രധാന കാര്യങ്ങള്‍ പൗരത്വത്തിലുണ്ട്. അതിനായി ഒരു ബ്രിട്ടീഷ് വാല്യൂ ടെസ്റ്റ് ആവശ്യമാണ്. അത് കൊണ്ടുവരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷാ ജ്ഞാനത്തെക്കുറിച്ചും ജാവീദ് സംസാരിച്ചു. പരസ്പരം ആശയവിനിമയം നടത്താന്‍ പോലും സാധിക്കുന്നില്ലെങ്കില്‍ ഒരു കുടുംബമെന്ന നിലയില്‍ എങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കുമെന്നാണ് ജാവീദ് ചോദിച്ചത്. അതിനാല്‍ വാല്യൂ ടെസ്റ്റിനൊപ്പംതന്നെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവും നിര്‍ബന്ധിതമാക്കും. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളില്‍ പെട്ടവരില്‍ ഇരട്ട പൗരത്വമുള്ളവര്‍ ഉണ്ടെങ്കില്‍ അവരുടെ യുകെ പൗരത്വം റദ്ദാക്കുമെന്നും ജാവീദ് വ്യക്തമാക്കി.
അഭയാര്‍ത്ഥികളായെത്തിയവര്‍ക്ക് യുകെയില്‍ വെച്ച് ജനിക്കുന്ന കുട്ടികളുടെ പൗരത്വത്തിനായി അമിത തുക ഈടാക്കുന്ന ഹോം ഓഫീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം. അഭയാര്‍ത്ഥികളുടെ കുട്ടികളെ പണം പിടുങ്ങാനുള്ള മാര്‍ഗ്ഗമായി ഹോം ഓഫീസ് കാണുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. 1000 പൗണ്ടിലേറെ വരുന്ന തുകയാണ് യുകെയില്‍ വെച്ച് ജനിക്കുന്ന കുട്ടികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കൊപ്പം യുകെയിലെത്തുന്ന കുട്ടികള്‍ക്കും പൗരത്വം ലഭിക്കുന്നതിനായി നല്‍കേണ്ടി വരുന്നത്. അതി ഭീമമായ ഈ തുക താങ്ങാന്‍ പല അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്കും കഴിയാത്തതിനാല്‍ ഇവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിക്കപ്പെടുകയാണ്. ഒരു കുട്ടിക്ക് ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കണമെങ്കില്‍ 1102 പൗണ്ടാണ് ഫീസ്. അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ക്കായി 372 പൗണ്ട് അധികമായി വരും. രണ്ടര വര്‍ഷത്തെ യുകെ സ്റ്റാറ്റസ് ലഭിക്കാനുള്ള ലീവ് ടു റിമെയ്ന്‍ ആപ്ലിക്കേഷന് 1033 പൗണ്ടാണ് നല്‍കേണ്ടത്. 500 പൗണ്ട് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും ഇതിനൊപ്പം നല്‍കണം. അടുത്തിടെയാണ് ഈ നിരക്കുകള്‍ ഹോം ഓഫീസ് കുത്തനെ ഉയര്‍ത്തിയത്. വര്‍ഷങ്ങളായി യുകെയില്‍ കഴിഞ്ഞു വരുന്ന അഭയാര്‍ത്ഥികള്‍ക്ക് അവരുടെ സ്റ്റാറ്റസ് പുതുക്കുന്നതിനായി നേരിടേണ്ടി വരുന്ന യാതനകള്‍ ഏറെയാണെന്നും കണക്കുകള്‍ പറയുന്നു. പണത്തിനായി നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യേണ്ടതായി പലര്‍ക്കും വരുന്നു. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന ഇവരിലെ സ്ത്രീകള്‍ക്ക് ലൈംഗികത്തൊഴിലിലേക്ക് തിരിയേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു സ്വതന്ത്ര ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡേഴ്‌സ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഫീസുകളുടെ യുക്തിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് ഈ ആരോപണങ്ങള്‍ ഉയര്‍ന്നത്.
RECENT POSTS
Copyright © . All rights reserved