European Parliament
ബ്രിട്ടനില്‍ നിന്നുള്ള എംഇപിമാരെ തെരഞ്ഞെടുക്കാതെ ബ്രെക്‌സിറ്റ് വൈകിപ്പിക്കല്‍ സാധ്യമാകില്ലെന്ന് ലീക്കായ രേഖകള്‍. എംഇപിമാരെ തെരഞ്ഞെടുത്ത് അയച്ചില്ലെങ്കില്‍ യുകെയുടെ നീട്ടിയ അംഗത്വ കാലാവധി ബ്രസല്‍സ് റദ്ദാക്കിയേക്കുമെന്നാണ് വിവരം. മാര്‍ച്ച് 29ന് അപ്പുറത്തേക്ക് മൂന്നു മാസത്തേക്ക് ബ്രെക്‌സിറ്റ് നീട്ടിവെച്ചാല്‍ അത് ഉപാധി രഹിതമായിരിക്കും. എന്നാല്‍ അതിനു ശേഷം കാലാവധി നീട്ടേണ്ടി വന്നാല്‍ യൂറോപ്യന്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ പങ്കെടുക്കേണ്ടി വരും. എംഇപിമാര്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ നടപടികളില്‍ പങ്കെടുക്കേണ്ടി വരുമെന്നതിനാലാണ് ഇത്. അംബാസഡര്‍മാരെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞുവെന്നാണ് സൂചന. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ദീര്‍ഘിപ്പിക്കാന്‍ ഒന്നിലേറെത്തവണ ആവശ്യപ്പെടാന്‍ ബ്രിട്ടന് കഴിയില്ലെന്നാണ് വിവരം. യൂറോപ്യന്‍ യൂണിയന്‍ അത് അംഗീകരിക്കാന്‍ ഇടയില്ലെന്ന് രേഖ പറയുന്നു. മെയ് മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ പങ്കെടുക്കാതിരിക്കുകയും നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കുന്നതിനായി യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ യുകെ ശ്രമിക്കുകയും ചെയ്താല്‍ അതിന് അംഗീകാരം ലഭിക്കാനുള്ള സാധ്യത വിരളമാണ്. ജൂലൈ 1ന് അപ്പുറം ഒരു കാലാവധി നീട്ടല്‍ സാധ്യമല്ലെന്നു തന്നെയാണ് വിവരം. അല്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേ തീരുമാനിച്ച തിയതിയില്‍ നടക്കാതിരിക്കണം. അതായത് യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലെങ്കില്‍ ബ്രിട്ടന് ബ്രെക്‌സിറ്റ് നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ സാധ്യമാകാതെ വരും. ശരിയായ രൂപമോ പ്രാതിനിധ്യമോ ഇല്ലാത്ത പാര്‍ലമെന്റിന്റെ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാലാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിക്കുന്നതെന്നാണ് വിവരം. അടുത്ത വ്യാഴാഴ്ച നടക്കുന്ന യൂറോപ്യന്‍ സമ്മിറ്റില്‍ യൂകെ നല്‍കാനിരിക്കുന്ന ബ്രെക്‌സിറ്റ് എക്‌സ്റ്റെന്‍ഷന്‍ അപേക്ഷ സംബന്ധിച്ച് 27 യൂറോപ്യന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ ചര്‍ച്ച ചെയ്യും. തെരേസ മേയുടെ ഡീല്‍ മൂന്നാം വട്ടവും പരാജയപ്പെട്ടാല്‍ ജൂണ്‍ 30 വരെ ബ്രെക്‌സിറ്റ് നീട്ടാന്‍ യൂണിയനോട് ആവശ്യപ്പെടാന്‍ കോമണ്‍സ് വോട്ട് ചെയ്‌തേക്കും. തന്റെ ഡീല്‍ പരാജയപ്പെടുകയാണെങ്കില്‍ കൂടുതല്‍ നീളുന്ന എക്‌സ്റ്റെന്‍ഷന്‍ ആവശ്യമായേക്കുമെന്നാണ് തെരേസ മേയ് തന്റെ പാര്‍ട്ടിയിലെ റിബല്‍ എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
 ബിനോയി ജോസഫ് കേരള ജനത കണ്ട മഹാപ്രളയ സമയത്ത് സ്വന്തം ജനതയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മെമ്പർ ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത്  പുത്തൻ ചുവടുകൾ വയ്ക്കാനൊരുങ്ങുന്നു. യുകെയിലെ രാഷ്ട്രീയ രംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മലയാളിയായ ബൈജു വർക്കി തിട്ടാല മാറുകയാണ്. കേംബ്രിഡ്ജ് സിറ്റി കൗൺസിലിലെ കൗൺസിലറായ ബൈജു തിട്ടാലയ്ക്ക് യുകെയിലെ ജനാധിപത്യ പ്രക്രിയയിൽ പ്രധാന പങ്കുവഹിക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. ലേബർ പാർട്ടിയുടെ പ്രതിനിധിയായി കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ബൈജുവിൽ പാർട്ടിയ്ക്കുള്ള വിശ്വാസം അടിവരയിട്ടുകൊണ്ടാണ് പുതിയ ഉത്തരവാദിത്വങ്ങൾ പാർട്ടി ഭരമേല്പിക്കുന്നത്. കേംബ്രിഡ്ജ് മേഖലയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്ഥിരസാന്നിധ്യമായ ബൈജു തിട്ടാലയുടെ നേതൃപാടവും കഠിനാദ്ധ്വാനവും രാജ്യത്തിനുവേണ്ടി കൂടുതൽ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് ലേബർ പാർട്ടി. നവംബർ മുതൽ യൂറോപ്യൻ പാർലമെൻറിലേയ്ക്ക് ഇന്റേൺഷിപ്പിനായാണ് ബൈജുവിനെ പാർട്ടി നിയോഗിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് ചർച്ചകൾ നിർണായ വഴിത്തിരിവിൽ എത്തി നിൽക്കുന്ന ഘട്ടത്തിലാണ് യൂറോപ്യൻ പാർലമെന്റിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള അവസരം ഈ മലയാളി കൗൺസിലറെ തേടിയെത്തിയത്. യൂറോപ്യൻ യൂണിയനിലെ അംഗ രാജ്യങ്ങളിൽ നിന്നുള്ള എം.ഇ.പിമാരും രാജ്യ തലവന്മാർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങളും വിവിധ പാർലമെന്റ് കമ്മിറ്റികളുടെ നടപടികളും നേരിട്ട് കാണുവാൻ ഇന്റേൺഷിപ്പ് അവസരം നല്കും. യൂറോപ്യൻ രാജ്യങ്ങൾക്കായി നടത്തുന്ന നിയമനിർമ്മാണ പ്രക്രിയയുടെ നൂലിഴ കീറിയുള്ള ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും  സാക്ഷ്യം വഹിക്കാൻ ഈ നിയമ വിദഗ്ദന് അവസരം ലഭിക്കും. ക്രിമിനൽ ഡിഫൻസ് ലോയറായി പ്രാക്ടീസ് ചെയ്യുന്ന ബൈജു തിട്ടാല കേംബ്രിഡ്ജിൽ നിന്നാണ് എൽഎൽബി നേടിയത്. ലോയിൽ മാസ്റ്റേർസ് ഡിഗ്രിയും ഈസ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹം നേടിയിട്ടുണ്ട്. യൂറോപ്യൻ പാർലമെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനുള്ള അവസരം പൂർണമായും ഉപയോഗപ്പെടുത്താനും സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ വിനിയോഗിക്കാനുമുള്ള ഒരുക്കത്തിലാണ് ബൈജു വർക്കി തിട്ടാല. യൂറോപ്യൻ പാർലമെന്റിലെ ഇന്റേൺഷിപ്പിനിടെ സംവദിക്കുന്നവരുമായി  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെക്കുറിച്ചും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെക്കുറിച്ചും താൻ ജവഹർലാൽ  നെഹ്റുവിന്റെ രാജ്യത്തുനിന്ന് വരുന്നു എന്ന ആമുഖത്തോടെ പറയാൻ സാധിക്കുമെന്ന സന്തോഷം കൗൺസിലർ ബൈജു വർക്കി തിട്ടാല മലയാളം യുകെയോട് പങ്കുവെച്ചു. ലേബർ പാർട്ടിയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കോൺഫ്രൻസിൽ ഡെലഗേറ്റായും അദ്ദേഹത്തെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. ന്യൂനപക്ഷ അവകാശങ്ങളും സാമൂഹിക സമത്വവും എന്നും ഇഷ്ട വിഷയങ്ങളാക്കുന്ന ബൈജുവിന് പൂർണ പിന്തുണയാണ് കേംബ്രിഡ്ജിലെ ജനങ്ങൾ നല്കുന്നത്. കേരളത്തിലെ പ്രളയ സമയത്ത് ബൈജു തിട്ടാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കാഴ്ച വച്ചത്. ആർപ്പൂക്കര പഞ്ചായത്തിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലായിരുന്നു ബൈജു. അരിയും പഞ്ചസാരയുമടക്കം മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കളാണ് ബൈജുവിന്റെ ശ്രമഫലമായി ക്യാമ്പിലെത്തിയത്. മലയാളം യുകെ പ്രസിദ്ധീകരിച്ച അപ്പീലിനെ തുടർന്ന് നിരവധി പേരാണ്  യുകെയിൽ നിന്ന് ബൈജുവിനെ ബന്ധപ്പെട്ട് സഹായം നല്കിയത്.
RECENT POSTS
Copyright © . All rights reserved