Jalandhar Bishop rape case
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ ഹരജി ഇന്ന് കോടതി പരിഗണിക്കും. നിലവില്‍ ഒക്ടോബര്‍ ആറ് വരെയാണ് ബിഷപ്പിന്റെ റിമാന്‍ഡ് കാലവധി. പാലാ സബ് ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി ജാമ്യ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടും അറസ്റ്റുചെയ്തത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിരുന്ന ഫ്രാങ്കോയെ കുടുക്കാന്‍ പൊലിസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യ ഹരജിയില്‍ സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കൂടാതെ പീഡന വിവരം പുറത്തു പറയരുതെന്ന് കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ സഹോദരിയും കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ബിഷപ്പിനെതിരെ കടുത്ത നടപടികള്‍ ആവശ്യപ്പെട്ട് സമര രംഗത്ത് ഇറങ്ങിയിരുന്നു.
കോട്ടയം: കന്യാസ്ത്രീ പീഡനക്കേസിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് പ്രതിയായ കന്യാസ്ത്രീ പീഡനക്കേസ് മാത്രമെ വൈക്കം ഡി.വൈ.എസ്.പി അന്വേഷിക്കേണ്ടതുള്ളുവെന്നാണ് ഉത്തരവ്. വൈക്കം ഡി.വൈ.എസ്.പിക്ക് കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹന്റെ ജോലി ഭാരം കുറയ്ക്കാനുമാണ് അനബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിരിക്കുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീയെയും സാക്ഷികളെയും സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍, കുറവലങ്ങാട് മഠത്തിലെ ജോലിക്കാരനെ ഉപയോഗിച്ച് പരാതിക്കാരിയെ വധിക്കാന്‍ ചിലര്‍ നടത്തിയ നീക്കം, കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം തുടങ്ങിയ കാര്യങ്ങല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാക്ഷിയെ സ്വാധീനിക്കാന്‍ ബിഷപ്പിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായതായി കണ്ടെത്തിയാല്‍ നിലവില്‍ ഫ്രാങ്കോയ്ക്ക് മേലുള്ള നിയമക്കുരുക്ക് മുറുകും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥിക്കാണ് അന്വേഷണച്ചുമതല. ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് സ്വാധിനിക്കാന്‍ ശ്രമിച്ചതിന് വൈദികന്‍ ജെയിംസ് എര്‍ത്തലിനെതിരെ എടുത്ത കേസും എംജെ കോണ്‍ഗ്രിഗേഷന്‍ (മിഷണറീസ് ഓഫ് ജീസസ്)നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനോടൊപ്പം പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയ കേസുമാണ് പ്രധാനമായും ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ചിത്രം പുറത്തുവിട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രിഗേഷന്‍ പി.ആര്‍.ഒ സിസ്റ്റര്‍ അമലയ്ക്കെതിരേയും കേസെടുത്തിരുന്നു. പരാതിക്കാരിയും സഹോദരനും ഉള്‍പ്പെടെ ഉന്നയിച്ച മറ്റു ആരോപണങ്ങളും ഇതോടപ്പം അന്വേഷിക്കുമെന്നാണ് സൂചന. നിലവില്‍ ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡിലാണ്. അദ്ദേഹത്തിന് പിന്തുണയുമായി എം.എല്‍.എ പി.സി ജോര്‍ജ് ഇന്നലെ ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പീഡനക്കേസില്‍ ശക്തമായ നിയമ നടപടികളുണ്ടാകുന്നത് വരെ നിയമ പോരാട്ടം തുടരാനാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ തീരുമാനം. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
കോട്ടയം: കന്യാസ്ത്രീ പീഡനക്കേസിന്റെ തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. പ്രതിയായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെത്തിച്ചായിരിക്കും തെളിവെടുപ്പ്. നിലവില്‍ പരാതിക്കാരി ഉള്‍പ്പെടെ മഠത്തില്‍ താമസിക്കുന്ന എല്ലാവരെയും മാറ്റിയ ശേഷമായിരിക്കും തെളിവെടുപ്പ്. മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വെച്ചാണ് ഫ്രാങ്കോ പീഡനത്തിന് ഇരയാക്കിയതെന്ന് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നുണ്ട്. ഈ മുറിയിലായിരിക്കും തെളിവെടുപ്പ് നടക്കുക. നാളെ ഉച്ചവരെയാണ് ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയില്‍ തുടരാന്‍ കോടതി അനുവദിച്ചിരിക്കുന്നത്. അതിനാല്‍ എത്രയും വേഗത്തില്‍ തെളിവെടുപ്പ് നടത്താനായിരിക്കും പോലീസ് ശ്രമിക്കുക. കുറവിലങ്ങാട് മഠത്തിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. പീഡനം നടന്ന 2014 2016 കാലയളവില്‍ ബിഷപ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ് എന്നിവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഫോണ്‍ ലഭിച്ചാല്‍ കൂടുതല്‍ ശാസ്ത്രീയ രേഖകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം നാളെ ഉച്ചയ്ക്ക് ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കേണ്ടി വരും. നാളെ ജാമ്യ ഹരജി കോടതി പരിഗണിക്കാനാണ് സാധ്യത. പോലീസ് ക്ലബില്‍ നിന്ന് ഫ്രാങ്കോയുമായി അന്വേഷണ സംഘം കുറവിലങ്ങാടേക്ക് പുറപ്പെട്ടിട്ടുണ്ട്.
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മുന്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു പോലീസ് നടപടി. എന്നാല്‍ അറസ്റ്റിന് പിന്നാലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ബിഷപ്പിനെ പ്രസ് ക്ലബിലേക്കും പിന്നീട് പതിനൊന്നുമണിയോടെ പാലാ കോടതിയില്‍ ഹാജരാക്കും. ഫ്രാങ്കോയ്ക്ക് വേണ്ടി ജാമ്യഹരജി സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ബിഷപ്പിനെ കസ്റ്റഡിയില്‍ നല്‍കേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ 150 ചോദ്യങ്ങള്‍ക്കും അതിന്റെ അനുബന്ധ ചോദ്യങ്ങള്‍ക്കും ഫ്രാങ്കോയുടെ മറുപടി കേട്ടതിന് ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കൂടാതെ ഫ്രാങ്കോ ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്ന രീതിയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നടി ആക്രമണ കേസില്‍ നടന്‍ ദിലീപിനെ സമാന രീതിയിലാണ് ചോദ്യം ചെയ്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ വലിയ സംഘം തന്നെ തൃപ്പൂണിത്തറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലുണ്ടായിരുന്നു.
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തറയില്‍. നേരത്തെ വൈക്കം ഡി.വൈ.എസ്.പിയുടെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യുയെന്നായിരുന്നു സൂചന. എന്നാല്‍ തൃപ്പൂണിത്തറയിലെ ആധുനിക സജ്ജീകരണങ്ങളുള്ള കേന്ദ്രത്തിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന് അകത്തേക്ക് പ്രവേശനം ഉണ്ടാകില്ലെന്നാണ് സൂചന. ഇന്നലെ ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഐ.ജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ പങ്കെടുക്കും. വിദഗ്ദ്ധരടങ്ങിയ സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് തന്നെ തൃപ്പൂണിത്തറയിലെ കേന്ദ്രത്തിലെത്താനാണ് ബിഷപ്പിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. തെളിവുകളെ ശക്തിപ്പെടുത്തുന്ന മൊഴി ബിഷപ്പില്‍ നിന്ന് ലഭിച്ചാല്‍ നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കാനാണ് സാധ്യത. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് അറസ്റ്റുണ്ടാകില്ലെന്നാണ് സൂചന. ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍, അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുമായി ബിഷപ്പിന്റെ മൊഴികള്‍ പൊരുത്തപ്പെട്ടാല്‍ ബുധനാഴ്ച അറസ്റ്റുചെയ്യാന്‍ തടസ്സമുണ്ടാകില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.
RECENT POSTS
Copyright © . All rights reserved