കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ ഹരജി ഇന്ന് കോടതി പരിഗണിക്കും. നിലവില്‍ ഒക്ടോബര്‍ ആറ് വരെയാണ് ബിഷപ്പിന്റെ റിമാന്‍ഡ് കാലവധി. പാലാ സബ് ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി ജാമ്യ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടും അറസ്റ്റുചെയ്തത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിരുന്ന ഫ്രാങ്കോയെ കുടുക്കാന്‍ പൊലിസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യ ഹരജിയില്‍ സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കൂടാതെ പീഡന വിവരം പുറത്തു പറയരുതെന്ന് കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ സഹോദരിയും കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ബിഷപ്പിനെതിരെ കടുത്ത നടപടികള്‍ ആവശ്യപ്പെട്ട് സമര രംഗത്ത് ഇറങ്ങിയിരുന്നു.