കന്യാസ്ത്രീ പീഡനക്കേസ് തെളിവെടുപ്പ് ഇന്ന്; ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെത്തിക്കും; കനത്ത സുരക്ഷ

കന്യാസ്ത്രീ പീഡനക്കേസ് തെളിവെടുപ്പ് ഇന്ന്; ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെത്തിക്കും; കനത്ത സുരക്ഷ
September 23 05:39 2018 Print This Article

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസിന്റെ തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. പ്രതിയായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെത്തിച്ചായിരിക്കും തെളിവെടുപ്പ്. നിലവില്‍ പരാതിക്കാരി ഉള്‍പ്പെടെ മഠത്തില്‍ താമസിക്കുന്ന എല്ലാവരെയും മാറ്റിയ ശേഷമായിരിക്കും തെളിവെടുപ്പ്. മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വെച്ചാണ് ഫ്രാങ്കോ പീഡനത്തിന് ഇരയാക്കിയതെന്ന് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നുണ്ട്. ഈ മുറിയിലായിരിക്കും തെളിവെടുപ്പ് നടക്കുക.

നാളെ ഉച്ചവരെയാണ് ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയില്‍ തുടരാന്‍ കോടതി അനുവദിച്ചിരിക്കുന്നത്. അതിനാല്‍ എത്രയും വേഗത്തില്‍ തെളിവെടുപ്പ് നടത്താനായിരിക്കും പോലീസ് ശ്രമിക്കുക. കുറവിലങ്ങാട് മഠത്തിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.

പീഡനം നടന്ന 2014 2016 കാലയളവില്‍ ബിഷപ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ് എന്നിവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഫോണ്‍ ലഭിച്ചാല്‍ കൂടുതല്‍ ശാസ്ത്രീയ രേഖകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം നാളെ ഉച്ചയ്ക്ക് ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കേണ്ടി വരും. നാളെ ജാമ്യ ഹരജി കോടതി പരിഗണിക്കാനാണ് സാധ്യത. പോലീസ് ക്ലബില്‍ നിന്ന് ഫ്രാങ്കോയുമായി അന്വേഷണ സംഘം കുറവിലങ്ങാടേക്ക് പുറപ്പെട്ടിട്ടുണ്ട്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles